സതീഷ് കൃഷ്ണ സെയിൽ; കേരളത്തിന്റെ 141-ാമത്തെ എംഎൽഎ
Saturday, September 28, 2024 2:34 PM IST
കൊങ്കൺ മേഖലയിലെ രാഷ്ട്രീയ നേതാക്കൾക്ക് പൊതുവേ കേരളവുമായി നല്ല അടുപ്പമാണ്. വീരപ്പ മൊയ്ലിയെയും സദാനന്ദ ഗൗഡയെയും പോലെ മലയാളം സംസാരിക്കാനറിയാവുന്ന കർണാടക മുഖ്യമന്ത്രിമാർ പോലും ഇവിടെ നിന്നുണ്ടായിട്ടുണ്ട്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ പിന്നിട്ട് ഉത്തര കന്നഡ ജില്ലയിലെത്തുമ്പോഴേക്കും മഹാരാഷ്ട്രയുടെയും ഗോവയുടെയും ബന്ധങ്ങൾ കൂടി പ്രകടമാകും. ഈ മേഖലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് അർജുൻ ദൗത്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസത്തിലേറെക്കാലം മലയാളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ.
ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ചതു മുതൽ ദൗത്യത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങളെ മുന്നിൽനിന്ന് നയിക്കുകയായിരുന്നു കാർവാറിന്റെ ഈ ജനകീയ എംഎൽഎ.
ആദ്യനാളുകളിൽ പെരുമഴയെ പോലും കൂട്ടാക്കാതെ രാവും പകലും ദൗത്യത്തിനൊപ്പം ഓടിനടന്ന എംഎൽഎയെ അർജുന്റെ കുടുംബാംഗങ്ങൾക്കും മലയാളികൾക്കും ഒരിക്കലും മറക്കാനാകില്ല. സെയിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അന്വേഷിച്ച് കണ്ടെത്തി മലയാളികൾ കമന്റുകൾ ഇടാൻ തുടങ്ങിയത് അന്നുമുതലാണ്.
"കേരളത്തിന്റെ 141-ാമത്തെ എംഎൽഎ' എന്ന വിശേഷണവും അന്നുമുതൽ തുടങ്ങിയതാണ്. ദൗത്യത്തിന്റെ തുടക്കം മുതൽ മിക്ക സമയങ്ങളിലും ഷിരൂരിൽ ക്യാമ്പ് ചെയ്ത മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് സതീഷേട്ടനെന്ന് തനി മലയാളം ശൈലിയിലാണ് സെയിലിനെ വിളിച്ചിരുന്നത്.
ഇടയ്ക്ക് ദൗത്യം വഴിതെറ്റുന്നുവെന്നും ഉപേക്ഷിക്കപ്പെടുന്നുവെന്നും തോന്നിയപ്പോൾ പല വഴിക്കുനിന്നും രൂക്ഷ വിമർശനങ്ങളുമുണ്ടായി. അപ്പോഴും മലയാള മാധ്യമങ്ങൾക്കു മുന്നിൽ സമചിത്തതയോടെ കാര്യങ്ങൾ വിശദീകരിക്കാൻ സെയിൽ ശ്രമിക്കുന്നുണ്ടായിരുന്നു.
ദൗത്യത്തിന്റെ ഓരോ സമയത്തും അതിരുകടന്ന അവകാശവാദങ്ങളുമായി മാധ്യമങ്ങൾക്കു മുന്നിൽ നിറഞ്ഞുനില്ക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ സതീഷ് സെയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ മിക്കപ്പോഴും മലയാളത്തിൽ നിന്നുള്ള മാധ്യമങ്ങൾ അങ്ങോട്ടുചെന്ന് തേടിപ്പിടിക്കുകയായിരുന്നു.
പലപ്പോഴും കളക്ടറും എസ്പിയും സൈന്യത്തിലെ സാങ്കേതിക പരിജ്ഞാനമുള്ള ആളുകളും ഈശ്വർ മൽപേയുമൊക്കെ കാര്യങ്ങൾ വിശദീകരിക്കുമെന്നുപറഞ്ഞ് മാറിനില്ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാൽ, കൃത്യമായ യാഥാർഥ്യബോധത്തോടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയി ദൗത്യസംഘത്തിന് അക്ഷരാർഥത്തിൽ നേതൃത്വം നല്കിയത് ഈ എംഎൽഎ തന്നെയായിരുന്നു.
ഐ വിൽ ഗിവ് യൂ എ റിസൽട്ട് എന്ന് അദ്ദേഹം പലവട്ടം ആവർത്തിച്ച വാചകങ്ങൾ ഒടുവിൽ സത്യമായി. അപ്പോഴും തന്റെ ദൗത്യം അവസാനിച്ചിട്ടില്ലെന്നും സ്വന്തം നാട്ടുകാരായ ജഗന്നാഥിന്റെയും ലോകേഷിന്റെയും കുടുംബാംഗങ്ങളുടെ കാത്തിരിപ്പിന് ഉത്തരമാകുന്നതുവരെ താൻ ഇവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതീവ ദുഷ്കരമായ ദൗത്യത്തിനു മുന്നിൽ ജില്ലാ ഭരണകൂടത്തിനും പോലീസിനും പലതവണ സമനില തെറ്റിയപ്പോഴും കേരളത്തിൽ നിന്നെത്തിയവരുമായി പ്രശ്നങ്ങളുണ്ടായപ്പോഴും മധ്യസ്ഥന്റെ റോളിൽ എംഎൽഎയുണ്ടായിരുന്നു.
ദൗത്യത്തിന്റെ ആദ്യഘട്ടത്തിൽ രൗദ്രഭാവത്തിൽ കലങ്ങിമറിഞ്ഞ് ഒഴുകുന്ന ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുന്നതിനായി ബെലഗാവിയിലെയും മംഗളൂരുവിലെയും സ്വകാര്യ മൈനിംഗ് കമ്പനികളുമായി ബന്ധപ്പെട്ട് 60 അടി വരെ താഴ്ചയിൽ പരിശോധന നടത്താൻ കഴിയുന്ന രണ്ട് ലോംഗ് ബൂം എസ്കവേറ്ററുകൾ സ്വന്തം ചെലവിൽ എത്തിക്കാനും സെയിൽ തയാറായി.
പുഴയിൽ ഡ്രോൺ പരിശോധന നടത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘത്തെ എത്തിച്ചതും നേരിട്ട് പുഴയിലിറങ്ങി പരിശോധന നടത്താൻ ഈശ്വർ മൽപേയുടെ നേൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരെ എത്തിച്ചതും സെയിൽ മുൻകൈയെടുത്താണ്.
ഇതിനൊന്നും ലക്ഷ്യം കാണാനാവാതെ വരികയും പല ഭഗങ്ങളിൽ നിന്നും രൂക്ഷവിമർശനമേല്ക്കേണ്ടിവരികയും ചെയ്തപ്പോൾ ദൗത്യം ഉപേക്ഷിക്കാൻ സർക്കാരിന്റെ ഉന്നതതലങ്ങളിൽ നിന്നുതന്നെ സമ്മർദമുണ്ടായപ്പോഴും ദൗത്യം തുടരുകതന്നെ ചെയ്യുമെന്ന നിലപാടിൽ സെയിൽ ഉറച്ചുനിന്നു. ഐ അഷ്വർ യൂ ഐ വിൽ ബി ഹിയർ എന്ന് അർജുന്റെ കുടുംബാംഗങ്ങൾക്ക് ആദ്യം നല്കിയ വാക്കായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്.
ഡ്രഡ്ജിംഗ് മെഷീൻ കൊണ്ടുവന്നാൽ മാത്രമേ പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താൻ കഴിയുകയുള്ളൂ എന്ന് വ്യക്തമായതോടെയാണ് ദൗത്യം ഇടയ്ക്ക് നിന്നുപോയത്. ഇതിനായി കാർഷിക സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള യന്ത്രസംവിധാനങ്ങൾ തൃശൂരിൽ നിന്ന് എത്തിക്കാമെന്ന് ഇടക്കാലത്ത് കേരള സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, പിന്നീട് അത് പ്രായോഗികമല്ലെന്നുപറഞ്ഞ് പിന്മാറി. അന്നു മാത്രമാണ് സെയിൽ കേരളത്തിനെതിരേ വിമർശനമുന്നയിച്ചത്. പക്ഷേ എന്നിട്ടും ദൗത്യത്തിൽ നിന്ന് പിന്മാറാതെ കർണാടക സർക്കാരിന്റെ മാത്രം ഒരുകോടി രൂപ ചെലവിൽ ഗോവയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് ഡ്രഡ്ജറെത്തിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.
ഉത്തര കന്നഡ ജില്ലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള കോൺഗ്രസ് നേതാവായ സെയിലിന് കെ.സി.വേണുഗോപാൽ എംപിയും കേരളത്തിലെ നിരവധി കോൺഗ്രസ് നേതാക്കളുമായി ദീർഘകാലത്തെ വ്യക്തിബന്ധമുണ്ട്.
മണ്ണിടിച്ചിൽ ദുരന്തത്തിൽ ഒരു മലയാളി പെട്ടുപോയതായി അറിഞ്ഞയുടൻ തന്നെ കെ.സി. വേണുഗോപാലും എം.കെ. രാഘവനും തന്നെ വിളിച്ച് രക്ഷാദൗത്യത്തിന്റെ ചുമതലയേല്പിച്ചതാണെന്നും അതിന് ഫലം കാണുന്നതുവരെ താൻ അർജുന്റെ കുടുംബാംഗങ്ങൾക്കൊപ്പമുണ്ടാകുമെന്നും സെയിൽ പലതവണ പറഞ്ഞിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വനിതാ നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന രൂപാലി നായിക്കിനെ തോല്പിച്ചാണ് സതീഷ് കൃഷ്ണ സെയിൽ നിയമസഭയിലെത്തിയത്. നേരത്തേ 2013-18 കാലഘട്ടത്തിലും ഇതേ മണ്ഡലത്തിൽ നിന്ന് എംഎൽഎയായിരുന്നു.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ സിറ്റിംഗ് എംഎൽഎ ആനന്ദ് അസ്നോട്ടിക്കറിനെ തറപറ്റിച്ചായിരുന്നു അന്നത്തെ വിജയം.
ശ്രീജിത് കൃഷ്ണൻ