ഒരുവര്‍ഷം കഴിഞ്ഞു... മാമി എവിടെ...
റിപ്പോർട്ട്: ഇ. അനീഷ്
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്കി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുക...അന്വേഷണത്തിന്റെ ഭാഗമായി 600-ല്‍ പരം ആളുകളുടെ മൊഴി രേഖപ്പെടുത്തുക...
എന്നിട്ടും ഒരു തുമ്പുമില്ല.. ഒടുവില്‍ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്... ഇനി എന്താകും... ? കാത്തിരിക്കുകയാണ് കുടുംബം മാത്രമല്ല, നാട്ടുകാരും. ഈ ഉത്സവകാലത്ത് ഒരു നല്ല വാര്‍ത്ത അവരെ തേടി എത്തുമോ ? ഉത്തരം പറയേണ്ടത് കേരള പോലീസാണ്.
പോലീസിന് തീരാക്കളങ്കമായി മാറുകയാണ് കോഴിക്കോട് വ്യപാരിയുടെ തിരോധാന കേസ്. ഇപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞു കോഴിക്കോട് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യാപാരിയുമായ ബാലുശേരി എരമംഗലം ആട്ടൂർഹൗസിൽ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ (56)കാണാതായിട്ട്. 2023 ഓഗസ്റ്റ് 21 നാണ് കാണാമറയത്തേക്ക് മാമി നടന്നുകയറിയത്..ആളെവിടെ, യതൊരു തുമ്പുമില്ല.
ഫോണ്‍ എന്നോ ഓഫായി. സൈബര്‍ സെല്‍ നിന്ന് തപ്പിയിട്ടും ലെക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 21 മുതല്‍ പോലീസ് മുഹമ്മദ് എന്ന മാമിക്ക് പിന്നാലെയാണ്. അന്വേഷണം നടക്കുന്നുവെന്നു മാത്രമാണ് കുടുംബത്തിന് അറിയാവുന്നത്. 100-ലധികം മൊബൈൽ ഫോണുകളും പരിശോധിച്ചു.
ഇതര സംസ്ഥാനങ്ങളിൽ ഉൾപ്പടെ അന്വേഷണം നടത്തിയെങ്കിലും ആളെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 11-ന് വീട്ടില്‍ നിന്നു പോയ മാമിയെ ഉച്ചയ്ക്ക് രണ്ടിനും നാലിനും 6.50-നും വിളിച്ചു സംസാരിച്ചുവെന്നാണ് ഭാര്യ റംലത്ത് പറയുന്നത്. ഏഴിന് വീണ്ടും വാട്ട്സ് ആപ് മെസേജ് അയച്ചു. 7.20-ന് മറുപടി വന്നു. പിന്നീട് വിളിയുമില്ല, മെസേജുമില്ല.
അവസാനമെത്തിയത് പള്ളിയില്‍...
ഓഗസ്റ്റ് 21-ന് വൈകിട്ട് 6.50-ന് നിസ്ക്കാര സമയത്ത് മാമി അരയിടത്തുപാലം പള്ളിയിൽ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. കഥയും തെളിവുകളും അവിടെ അവസാനിച്ചു. തൊട്ടടുത്ത ദിവസം മുഹമ്മദ് ആട്ടൂരിനെ വിളിച്ചിട്ട് കിട്ടാതിരുന്ന ചില ആളുകൾ തന്റെ ഫോണിലേക്ക് വിളിച്ചപ്പോളാണ് സംശയം തോന്നിയതെന്ന് ഭാര്യ പറയുന്നു.
ഡ്രൈവറെ വിളിച്ചപ്പോൾ അന്നേ ദിവസം ഒരു വസ്തുവിന്റെ രജിസ്ട്രേഷൻ ഉണ്ടെന്നുള്ള വിവരം കിട്ടുകയും രജിസ്ട്രേഷൻ നടത്താനുള്ള ആളെ വിളിച്ചപ്പോൾ മാമി എത്തും എന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇത്രയേ തനിക്കറിയൂ എന്നാണ് മാമിയുടെ ഭാര്യ പോലീസില്‍ നല്കിയ മൊഴി.
ഒരു വര്‍ഷത്തനിപ്പുറം ക്രൈം ബ്രാഞ്ച്...
മാമിയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതിയിൽ ഹേബിയസ് കോർപസും ഫയൽ ചെയ്തു. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി കോഴിക്കോട്ട് വന്നപ്പോൾ പരാതി നൽകിയിരുന്നു.
രണ്ടുമാസം മുന്‍പ് വീണ്ടും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകി. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സിബിഐ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കുടുംബവും സമ്മതിച്ചിട്ടുണ്ട്. അന്വേഷണസംഘം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരിത്തിയിട്ടുണ്ട്. മുന്‍പ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുടെ നിഗമനവും പരിശോധിക്കും.
അന്വേഷണം ഗിയര്‍ മാറുന്നു
മാമി തിരോധാന കേസിൽ മാമിയുമായി അടുത്ത ബന്ധമുള്ളയാളെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
മുന്‍പ് കേസ് അന്വേഷിച്ച മലപ്പുറം ജില്ലാ പോലീസ്മേധാവി തയാറാക്കിയ കേസ് ഡയറിയും ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനെ കേന്ദ്രീകരിച്ചാവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടക്കുക.
പോലീസ് തയാറാക്കിയ പട്ടികയിലുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും. വെള്ളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി മകൾ അദീബ നൈനയുടെ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്.
എരിവ് തേച്ച് പി.വി. അന്‍വറും
ഇതിനിടെ കേസിൽ എഡിജിപി എം.ആർ. അജിത്കുമാർ ഇടപെട്ടുവെന്ന് പി.വി. അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചു. മാമി തിരോധാനക്കേസിൽ അജിത് കുമാറിന് വ്യക്തമായ പങ്കുണ്ടെന്നാണ് അൻവർ പറഞ്ഞത്.
അൻവർ ആരോപണം ഉന്നയിച്ചതിനു പിന്നാലെ കേസ് സിബിഐയ്ക്ക് വിടാമെന്ന് മലപ്പുറം എസ്പിയും അന്വേഷണ സംഘത്തലവനുമായ എസ്. ശശിധരൻ ഡിജിപിക്ക് റിപ്പോർട്ട് നൽകി. എന്നാൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു.