ആർത്രൈറ്റിസ് ബാധിതരുടെ ശ്രദ്ധയ്ക്ക്
ആര്‍ത്രൈറ്റിസിനുള്ള ചികിത്സാരീതികള്‍
ആർത്രൈറ്റിസ്(സന്ധിവാതം) ബാധിച്ച സന്ധികള്‍ക്ക് ശരിയായ വ്യായാമം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗശമനത്തിനു ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ത്രൈറ്റിസ് മൂര്‍ച്ഛിക്കുന്നതു തടയാന്‍ ചികിത്സ കൊണ്ട് സാധ്യമാണ്.
പേശികളും സന്ധികളും ബലപ്പെടുത്താന്‍ ഫിസിയോ തെറാപ്പിയും വ്യായാമവും സഹായകരമാണ്. ആര്‍ത്രൈറ്റിസിന് വേദന സംഹാരികള്‍ താത്കാലിക പരിഹാരം മാത്രമാണ്. ഒരളവു വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങള്‍ക്ക് ശമനമുണ്ടാക്കും.
കോര്ട്ടിക്കോസ്റ്റിറോയ്ഡുകള് മുതല്‍ മോണോക്ലോണല്‍ ആന്റി ബോഡിയും ബയോളജിക്കല്‍ത്സും വരെയുള്ള മരുന്നുകള്‍ ചികിത്സയ്ക്കുപയോഗിക്കുന്നുണ്ട്.
എന്നാല്‍, തുടര്‍ച്ചയായ വേദനയുണ്ടെങ്കില്‍ അത് രോഗിയുടെ പ്രവര്ത്തനനിലയെ ബാധിക്കുന്നുണ്ടെങ്കില്‍ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സഹായകമാകുന്നു.
ആര്‍ത്രൈറ്റിസ് ബാധിതർ ശ്രദ്ധിക്കേണ്ടത്
* ഉറങ്ങുമ്പോള്‍ തലയിണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോള്‍ മുട്ടുകള്‍ നിവര്‍ത്തിവച്ച് നീണ്ടുനിവര്‍ന്ന് കിടക്കണം. ചരിഞ്ഞും ഒടിഞ്ഞുമൊക്കെ കിടന്നാല്‍ രാവിലെ എഴുന്നേല്ക്കുമ്പോള് പേശികള്‍ക്ക് മുറുക്കവും പിടിത്തവുമൊക്കെ അനുഭവപ്പെടാം.
* രാവിലെ എഴുന്നേല്ക്കുമ്പോള് കട്ടിലില്‍ ഇരുന്നുകൊണ്ടുതന്നെ കൈകളിലെയും കാലിലെയും പേശികള്‍ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രേച്ചിംഗ് വ്യായാമം ചെയ്യണം.
* എഴുന്നേല്ക്കുമ്പോള് ചെറുചൂടുവെള്ളത്തില്‍ കൈ-കാല് കഴുകാം. ഇത് പേശികള്‍ക്ക് വഴക്കം നല്‍കും. മുട്ടിന് വേദനയും പ്രശ്നവുമുള്ളവര്‍ പടികള്‍ കയറുന്നതും കാലിലെ സന്ധികള്‍ക്ക് അമിത ആയാസമുള്ള കുത്തിയിരുന്നുള്ള ജോലികളും ഒഴിവാക്കണം.
* ഇന്ത്യന്‍ ടോയ്ലെറ്റിനു പകരം യൂറോപ്യന്‍ ടോയ്ലെറ്റ് ഉപയോഗിക്കാം.
* വേദനയുണ്ടാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കണം.
* വാക്കിംഗ് സ്റ്റിക്ക്, കൈപ്പിടിയുള്ളതും സീറ്റ് ഉയര്‍ന്നതുമായ കസേരകള്‍, പ്രത്യേക സോളുകള്‍ എന്നിവ ഫലപ്രദമാണ്.
വിവരങ്ങൾ: ഡോ. അനൂപ് എസ്. പിള്ള
സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.