കാവ്യതാരകങ്ങൾക്ക് അരികെ....
റിപ്പോർട്ട്: എസ്. മഞ്ജുളാദേവി
കവി പ്രതിഭകളായ വയലാർ രാമവർമയേയും പി. കുഞ്ഞിരാമൻ നായരേയും പ്രശസ്തകവി ഏഴാച്ചേരി രാമചന്ദ്രൻ ആദ്യമായി കണ്ട അനുഭവം
ഇടനാട് എൻഎസ്എസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായിരിക്കുന്പോഴാണ് കവി ഏഴാച്ചേരി രാമചന്ദ്രൻ ആദ്യമായി വയലാർ രാമവർമയെ കാണുന്നത്. പതിനാലോ പതിനഞ്ചോ വയസുള്ള ഏഴാച്ചേരി അന്ന് സാഹിത്യസമാജം സെക്രട്ടറി കൂടിയാണ്. പതിറ്റാണ്ടുകൾ ഏറെ കടന്നുപോയെങ്കിലും ഇന്നലെയെന്നപോലെ ഏഴാച്ചേരി ആ മുഹൂർത്തം ഓർമിക്കുന്നു-
""ഞങ്ങളുടെ സ്കൂൾ വാർഷകത്തിനു മുഖ്യാതിഥിയായാണ് വയലാർ എത്തിയത്. വയലാറിന്റെ നാടക ഗാനങ്ങളും മാനിഷാദ തുടങ്ങിയ കവിതകളും കേരളമാകെ അലയടിച്ചിരുന്ന കാലമായിരുന്നു അത്. സാഹിത്യസമാജം സെക്രട്ടറിയായതിനാൽ ഞാനാണ് ചടങ്ങിനു സ്വാഗതം പറഞ്ഞത്. വയലാറിനോടുള്ള ആരാധന തിങ്ങിനിറഞ്ഞ മനസുമായി മൈക്കിനു മുന്നിൽ നിന്നപ്പോൾ എന്റെ ഹൃദയം തുള്ളിത്തുളുന്പുകയായിരുന്നു. വയലാർ അന്ന് പ്രസംഗിച്ച വരികൾ ഇന്നും ഞാൻ ഓർമിക്കുന്നു.
അക്കാലത്താണ് പാലായ്ക്കടുത്ത് മീനച്ചിലാറിന്റെ തീരത്തുള്ള കടപ്പാട്ടൂർ എന്ന സ്ഥലത്ത് തേരകമരത്തിന്റെ പൊത്തിൽ ഒരു ശിവവിഗ്രഹം കണ്ടെത്തിയത്. വയലാറിന്റെ തറവാട്ട് വക ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയുമായി കടപ്പാട്ടൂരിലെ ശിവവിഗ്രഹത്തിന് ബന്ധമുണ്ടെന്ന് അന്ന് കേട്ടിരുന്നു. അന്നത്തെ ചെറിയ ശിവക്ഷേത്രം ഇന്ന് മേജർ ശിവക്ഷേത്രമായി മാറിക്കഴിഞ്ഞു. കടപ്പാട്ടൂര് വഴി യാത്ര ചെയ്യുന്ന സന്ദർഭങ്ങളിലെല്ലാം ഞാനെന്റെ പ്രിയപ്പെട്ട കവിയെ ഓർമിക്കും.''
സ്കൂൾ പഠനകാലത്ത് വയലാറിനോട് തുടങ്ങിയ ആരാധന ഇന്നും അങ്ങനെതന്നെ ഏഴാച്ചേരി തുടരുന്നു. മറ്റാർക്കും പകർന്നു നൽകുവാൻ കഴിയാത്ത ഊർജം വയലാർ ഇന്നും നൽകുകയാണ്. ഏറ്റവും ഇഷ്ടപ്പെട്ട വയലാർ ചലച്ചിത്രഗാനങ്ങൾ ഏതെന്ന് എണ്ണിപ്പറയുവാൻ കഴിയില്ല. നാടകഗാനങ്ങളോട് കുറച്ച് ഇഷ്ടക്കൂടുതലുമുണ്ട്. അശ്വമേധം എന്ന നാടകത്തിലെ "പന്പയുടെ തീരത്ത് പഞ്ചമി നിലാവത്ത്' പണ്ടൊരു കന്യക തപസിരുന്നു എന്ന ഗാനം ഏറെ പ്രിയങ്കരം.
സിനിമാഗാനങ്ങളുടെ കാര്യം പറഞ്ഞാൽ 1970ൽ പുറത്തിറങ്ങിയ "നിഴലാട്ട'ത്തിൽ ജി.ദേവരാജന്റെ ഈണത്തിൽ പി.സുശീല പാടിയ "ഡാലിയ പൂക്കളെ ചുംബിച്ച് ചുംബിച്ച്' എന്ന ഗാനം ഹൃദയത്തോട് ചേർന്നു നിൽക്കുന്നു. ഈ ഗാനം കവിത തന്നെയാണ്. തെറ്റ് എന്ന ചിത്രത്തിനു വേണ്ടി വയലാർ, ദേവരാജൻ, പി.സുശീല എന്നിവർ ഒന്നിക്കുന്ന
"പള്ളിയരമന വെള്ളിയരമനയിൽ പൊന്നു കൊണ്ടൊരാൾരൂപം' എന്ന ഗാനവും ഏഴാച്ചേരിയുടെ പ്രിയഗാനങ്ങളിൽ ഉൾപ്പെടും. ഇനി "താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്... 'എന്ന് തുടങ്ങുന്ന "പ്രേമലേഖന'ത്തിലെ ഗാനത്തിന്റെ പിറവിയെക്കുറിച്ച് ഏഴാച്ചേരി പറയുന്നത് ഇങ്ങനെ- ""റിയലിസം ആൻഡ് റിയാലിറ്റി എന്ന വയലാറിന്റെ കവിതയിലെ വരികളാണ് "താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ'.. എനിക്കേറെ ഇഷ്ടപ്പെട്ട കവിതകളിൽ ഒന്നാണിത്.
ജി. ദേവരാജൻ എന്ന സംഗീത പ്രതിഭ തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് ഞാൻ ഇടയ്ക്കൊക്കെ മാസ്റ്ററെ കാണാൻ പോയിരുന്നു. താമരപ്പൂക്കളും എന്ന് തുടങ്ങുന്ന കവിത സംഗീതത്തിനു വേഗം വഴങ്ങുന്നതല്ല. എന്നാൽ ഈ കവിതയ്ക്കു സംഗീതം നൽകിയാൽ എങ്ങനെ ഉണ്ടാകും എന്ന ഒരാഗ്രഹം ഞാൻ മാസ്റ്ററെ അറിയിച്ചു. എന്തായാലും വയലാറിന്റെ താമരപ്പൂക്കൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം നൽകി. ഇതൊരു ഗാനമായി പ്രേമലേഖനം എന്ന സിനിമയിൽ വരികയും ചെയ്തു. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് പാടിയ ഈ ഗാനം അതിമനോഹരമാണ്. ''
ഇനി ഏഴാച്ചേരി രാമചന്ദ്രൻ ചങ്ങനാശേരി എൻഎസ്എസ് കോളജിൽ എംഎ വിദ്യാർഥിയായിരുന്നപ്പോൾ അവിടെ വിശിഷ്ടാതിഥിയായെത്തിയ കവി പി. കുഞ്ഞിരാമൻ നായരുടെ കഥ കേൾക്കാം...
""മഹാകവി ജി. ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം ലഭിച്ച കാലയളവായിരുന്നു അത്. മലയാളത്തിലേക്ക് ആദ്യം സാഹിത്യത്തിലെ പരമോന്നത ബഹുമതി ലഭിച്ചതിന്റെ ലഹരിയിലായിരുന്നു കേരളം. പത്രങ്ങളിലും പ്രസംഗവേദികളിലുമെല്ലാം നിറഞ്ഞുനിന്നത് മഹാകവി ജി ആണ്. അന്ന് പ്രഫ. എം.പി. മന്മഥനാണ് ചങ്ങനാശേരി എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ.
കേരളത്തിലെ എല്ലാ പ്രമുഖ സാഹിത്യകാരന്മാരേയും മന്മഥൻ സാർ കോളജിലേക്ക് ക്ഷണിച്ച് കൊണ്ടുവരും. ചങ്ങനാശേരിയിൽ ഏത് സാഹിത്യകാരന്മാർ വന്നാലും അന്ന് അദ്ദേഹത്തെ ഞങ്ങളുടെ കോളജിലേക്കും കൂട്ടിക്കൊണ്ടുവരും. നേരത്തെയുള്ള അറിയിപ്പോ നോട്ടീസോ ഒന്നും കാണുകയില്ല.
ഒരു ദിവസം രാവിലെ ഞാൻ കോളജിലെത്തുന്പോൾ അറിയുന്നു അന്ന് മഹാകവി പി. കുഞ്ഞിരാമൻ നായർ ഞങ്ങളുടെ കോളജിൽ വിശിഷ്ടാതിഥിയായി എത്തുന്നുവെന്ന്. പിയുടെ കവിതകൾ നെഞ്ചേറ്റിയിരുന്ന എനിക്ക് വലിയ ഉത്സാഹമായി. വൈകുന്നോരം മഹാകവി എത്തി.
മുറുക്കാൻ തുപ്പൽ വീണ ജുബ്ബയിലേക്കും നെറ്റിയിലേക്ക് റ പോലെ വളഞ്ഞുകിടക്കുന്ന മുടിയിലേക്കും ഞാൻ കൗതുകത്തോടെ നോക്കി. വായിൽ ഒറ്റ പല്ലുപോലുമില്ല. ക്ഷീണിതനായിരുന്നു മഹാകവി. ഇടറിയ ശബ്ദത്തിൽ അദ്ദേഹം പ്രസംഗിച്ചു തുടങ്ങി.
നാട്ടിൽ നിന്നു ചങ്ങനാശേരിയിലേക്ക് ഒന്നാം ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തതാണ്. ടിക്കറ്റിന്റെ കാര്യത്തിൽ എന്തോ പ്രശ്നം. പ്രതീക്ഷിക്കാതെ യാത്ര മൂന്നാം ക്ലാസ് കന്പാർട്ട്മെന്റിലേക്ക് മാറ്റേണ്ടി വന്നു. മൂന്നാം ക്ലാസിലാണെങ്കിൽ വൻതിരക്ക്.
ട്രെയിനിന്റെ കക്കൂസ് വാതിൽക്കൽ തിങ്ങിഞെരുങ്ങി നിന്നാണ് യാത്ര ചെയ്തത്. (ഒന്ന് നിർത്തി മഹാകവി തുടർന്നു), ജീവിതത്തിലും സാഹിത്യത്തിലുമൊക്കെ എന്റെ അവസ്ഥ ഇതു തന്നെയാണ്. ഒന്നാം ക്ലാസിൽ യാത്ര ചെയ്യാനുള്ള യോഗ്യതയുണ്ട്. എന്നാൽ മൂന്നാം ക്ലാസ് യാത്രയെ തരപ്പെടുന്നുള്ളൂ. അർഹതപ്പെട്ട അംഗീകാരങ്ങൾ ലഭിക്കാത്തതിലുള്ള വേദനയും പരിഭവവും കവിയുടെ വാക്കുകളിൽ നിഴലിക്കുന്നതായി എനിക്ക് തോന്നി.''