മുടി കൊഴിച്ചിലാണോ? ഇക്കാര്യങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ...
മുടി കൊഴിച്ചില്‍ നമ്മളില്‍ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. കുളി കഴിഞ്ഞ് തോര്ത്തിക്കഴിഞ്ഞു നോക്കുമ്പോള്‍ മുടി കെട്ടുകണക്കിനു ടൗവ്വലില്‍ ഇരിക്കുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് പറഞ്ഞറിയിക്കുക അസാധ്യം.
മാര്‍ക്കറ്റില്‍ ലഭിക്കുന്ന പലതും നമ്മള് പരീക്ഷിച്ചാലും ചിലപ്പോള്‍ മുടി കൊഴിച്ചിലിനു ശമനം ഉണ്ടാകണമെന്നില്ല. ജനിതകശാസ്ത്രം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, മെഡിക്കല്‍ അവസ്ഥകള്‍, സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ് എന്നിങ്ങനെ വിവിധ പ്രശ്നങ്ങളാണ് മുടി കൊഴിയാന്‍ കാരണം.
മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ആയുര്‍വേദ സസ്യങ്ങള്‍ ഫലപ്രദമാണ്.
വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ഈ ഔഷധസസ്യങ്ങള്‍ തലയോട്ടിയെ പോഷിപ്പിക്കുകയും താരന് കുറയ്ക്കുകയും അണുബാധകളെ ചെറുക്കുകയും ഹോര്‍മോണുകളെ സന്തുലിതമാക്കുകയും അതുവഴി മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു.
മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആയുര്‍വേദ ഔഷധസസ്യങ്ങളെ കുറിച്ചാണ് ഇവിടെ കുറിക്കുന്നത്. ഇതു സ്വയം ഉപയോഗിക്കാവുന്നതാണ്.
നെല്ലിക്ക
വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ നെല്ലിക്ക രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും അകാല നര തടയാനും സഹായിക്കുന്നു.
തലയോട്ടിയിലെ ആരോഗ്യം വര്‍ധിപ്പിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി, എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങളും നെല്ലിക്കയിലുണ്ട്. നെല്ലിക്ക പൊടി തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് വച്ചശേഷം കഴുകി കളയാം. സ്ഥിരമായി ഇതു പിന്തുടര്ന്നാണ് മുടി കൊഴിച്ചിലില്‍ കാര്യമായ മാറ്റം കാണാം.
കയ്യോന്നി അല്ലങ്കില്‍ ഭൃംഗരാജ്
മുടി വളര്‍ച്ചയ്ക്കുള്ള ഔഷധസസ്യങ്ങളുടെ "രാജാവ്' എന്നാണ് കയ്യോന്നി എന്നു മലയാളികള്‍ക്കിടയില്‍ സുപരിചിതമായ ഭൃംഗരാജ് അറിയപ്പെടുന്നത്. ഇത് തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മുടി കൊഴിച്ചിലിന്റെ കാരണമായ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതിന്റെ തണുപ്പ് ഗുണകരമാണ്. ശിരോചര്‍മത്തില്‍ കയ്യോന്നി ഇട്ടു മുറുക്കിയ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക, രാത്രി മുഴുവന്‍ വയ്ക്കുക, പിറ്റേന്ന് രാവിലെ കഴുകുക. നല്ല മാറ്റം ഉണ്ടാകും.
ബ്രാഹ്മി, ആര്യവേപ്പ്
ബ്രാഹ്മി, ആര്യവേപ്പ് തുടങ്ങിയ ഔഷധ സസ്യങ്ങള്‍ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. താരന്, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനും ബ്രാഹ്മി ഫലപ്രദമാണ്.
വെള്ളത്തില്‍ ബ്രാഹ്മി പൊടി കലര്‍ത്തി, തലയോട്ടിയിലും മുടിയിലും പുരട്ടി, 30-60 മിനിറ്റ് വച്ചശേഷം കഴുകാം. തലയോട്ടിയില്‍ മസാജ് ചെയ്യുന്നതിനും ബ്രാഹ്മി ഓയില്‍ ഉപയോഗിക്കാം. ആര്യവേപ്പിലയില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്.
ഇത് തലയോട്ടിയിലെ അണുബാധയ്ക്കും താരനും ഫലപ്രദമാണ്. തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തി മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ആര്യവേപ്പ് ഇലകള്‍ വെള്ളത്തില്‍ തിളപ്പിക്കുക, തണുത്തശേഷം തലയില്‍ പ്രയോഗിക്കുക. ആര്യവേപ്പ് ഓയില്‍ തലയോട്ടി മസാജ് ചെയ്യുന്നതിനും ഉപയോഗിക്കാം.
ഷിക്കായ്, അമുക്കുരം
കൊഴിച്ചില്‍ കുറയ്ക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്ന ഔഷധമാണ് ഷാക്കായ്. താരന് തടയുന്ന പ്രകൃതിദത്ത ക്ലെന്‍സറാണ് ഇത്. തലയോട്ടി മൃദുവാകുകയും മുടിയുടെ സ്വാഭാവിക എണ്ണമയം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
അതുപോലെ അശ്വഗന്ധ സമ്മര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവ മൂലമുണ്ടാകുന്ന മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു. ഇത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
അശ്വഗന്ധ പൊടി ഒരു ഓയിലുമായി കലര്‍ത്തിയാണ് തലയോട്ടിയില്‍ പുരട്ടേണ്ടത്. ഏകദേശം 30 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയാം.
കറ്റാര്‍ വാഴ
കറ്റാര്‍ വാഴയില്‍ മുടിയുടെ വളര്‍ച്ചക്കു സഹായകമാകുന്ന, താരന് കുറയ്ക്കുന്ന, തലയോട്ടിയിലെ പി.എച്ച് (പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍) ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യുന്ന എന്‍സൈമുകള്‍ ഉണ്ട്.
തലയോട്ടി ശാന്തമാക്കുന്ന, ചൊറിച്ചിലുകളും മറ്റും അകറ്റുന്ന ഗുണങ്ങളും ഇതിന് ഉണ്ട്. കറ്റാര്‍ വാഴയില്‍നിന്ന് അതിന്റെ ജെല്‍ വേര്‍തിരിച്ചെടുത്ത് തലയോട്ടിയിലും മുടിയിലും നേരിട്ട് പുരട്ടാവുന്നതാണ്.