കറുപ്പ്, പിങ്ക്, കടല്‍ എന്നിങ്ങനെ ഉപ്പ് പലതരം; ഇതില്‍ ഏതാണ് ഏറ്റവും മികച്ചത്...?
ഉപ്പിലിട്ടത്; മലയാളികള്‍ക്കു പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളില്‍ പ്രധാനിയാണിത്. പാചകങ്ങളില്‍ ഉപ്പിനുള്ളത് പ്രഥമസ്ഥാനവും. ഉപ്പ് പാകമാണെങ്കില്‍ സ്വാദ് ഗംഭീരമായിരിക്കുമെന്നതാണ് പാചക കല. ഭക്ഷണങ്ങളുടെ രുചി മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും ഉപ്പ് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
ഉപ്പ് ഉപയോഗത്തില്‍ നമ്മള് പ്രത്യേക ശ്രദ്ധ ചെലുത്താറില്ല എന്നതാണ് ഏറ്റവും ദുഃഖകരം. കിട്ടുന്ന എന്ത് ഉപ്പാണെങ്കിലും നമ്മള് അത് ഉപയോഗിക്കും. ഒന്നാലോചിച്ചാല്‍ ഉപ്പിലൊക്കെ എന്തിരിക്കുന്നു എന്ന ചോദ്യം എത്തുകയും ചെയ്യും. എന്നാല്‍, ഉപ്പില്‍ പലകാര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.
അതുകൊണ്ടുതന്നെ ഉപ്പ് ഉപയോഗിക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കുന്നതു നല്ലതാണ്. എല്ലാദിവസവും നമ്മള് അല്പമെങ്കിലും ഉപ്പ് ഭക്ഷണത്തിലൂടെ കഴിക്കാതിരിക്കില്ല. അതുകൊണ്ടുതന്നെ ഉപ്പിനെ കുറിച്ച് ചിലകാര്യങ്ങള്‍ അറിഞ്ഞിരിക്കാം... ശരിയായ ഉപ്പ് എങ്ങനെ തെരഞ്ഞെടുക്കാമെന്നു നോക്കാം...
കെല്‍റ്റിക് ഉപ്പ്
സോഡിയം ക്ലോറൈഡ് എന്ന ലവണ സംയുക്തം ഉള്‍പ്പെട്ട ഒരു ധാതുവാണ് ഉപ്പ്. വിവിധ തരത്തിലുള്ള ഉപ്പ് ഉണ്ട്. അതില്‍ ഒരു വിഭാഗമാണ് കെല്‍റ്റിക് ഉപ്പ്. സാധാരണ ഉപ്പിനേക്കാള്‍ സോഡിയും കുറവുള്ള ഉപ്പാണ് കെല്‍റ്റിക് ഉപ്പ്.
എന്നാല്‍, പിങ്ക്, കോഷര്‍ ഉപ്പുകളേക്കാള് സോഡിയം കൂടുതലുണ്ട്. രുചി, ആരോഗ്യം എന്നീ കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് കെല്‍റ്റിക് സാള്‍ട്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കറുത്ത ഉപ്പ്
കറുത്ത ഉപ്പാണ് മറ്റൊരു വിഭാഗം. ഇതില്‍ ടേബിള്‍ സാള്‍ട്ടിനേക്കാള്‍ കുറഞ്ഞ അളവില്‍ മാത്രമാണ് സോഡിയം അടങ്ങിയിട്ടുള്ളത്. ചില ശാരീരിക പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലിയായി ഇതുപയോഗിക്കാറുണ്ട്.
വീക്കം, ദഹനക്കേട്, വയറുവേദന, ഓക്കാനം, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കറുത്ത ഉപ്പ് സഹായകമാണ്. പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും കറുത്ത ഉപ്പില്‍ അടങ്ങിയിട്ടുണ്ട്.
കോഷര്‍ ഉപ്പ്, കുറഞ്ഞ സോഡിയം ഉപ്പ്
വലുപ്പം വളരെ കൂടുതലുള്ള ഉപ്പാണ് കോഷാന്. വലുതും പരുക്കനുമാണെന്നതാണ് ഇതിന്റെ പ്രത്യേകരത. കുറഞ്ഞ ശുദ്ധീകരണതോത് മാത്രമാണിതിനുള്ളത്. രുചിക്ക് കോഷാറില് അത്ര മുന്‍തൂക്കമില്ല.
എങ്കിലും, ഇതില്‍ അയോഡിന്‍ കുറവാണ്. അതുപോലെ സാധാരണ ടേബിള്‍ സാള്‍ട്ടിനേക്കാള്‍ സോഡിയത്തിന്റെ അളവ് കുറവുമാണ്.
മറ്റൊരു വിഭാഗം ഉപ്പാണ് കുറഞ്ഞ സോഡിയം ഉപ്പ്. ഇതില്‍ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും ഉപ്പ് സെന്‍സിറ്റീവ് ഉള്ളവര്‍ക്കും ഇത് ഉപകാരപ്രദമാണ്.
പിങ്ക് ഉപ്പ്, വെള്ള ഉപ്പ്
പിങ്ക് ഉപ്പില്‍ ധാതുക്കളുടെ അളവ് കൂടുതലുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ഉപഭോഗം പേശിവേദന കുറയ്ക്കാന്‍ സഹായിക്കും. പിങ്ക് ഉപ്പ് പതിവായി കഴിക്കുന്നത് രക്തചംക്രമണം സഹായിക്കുകയും കോശങ്ങള്‍ക്കുള്ളിലെ പി.എച്ച് നില സന്തുലിതമാക്കുകയും ചെയ്യും.
ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതാണ് വെള്ള ഉപ്പ്. നമ്മള് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഇതാണ്. ഇതില്‍ അയോഡിന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ഉപഭോഗം മിതമായിരിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.
മുതിര്‍ന്നവര്‍ ഒരു ദിവസം അഞ്ചു ഗ്രാമില്‍ കൂടുതല്‍ വെള്ള ഉപ്പ് കഴിക്കരുതെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്.
കടല്‍ ഉപ്പ്
ധാന്യത്തിന്റെ വലുപ്പത്തിലുള്ള ഉപ്പാണ് കടല്‍ ഉപ്പ്. ഇതില്‍ ധാതുക്കളുടെ അളവ് കൂടുതലാണ്. എന്നിരുന്നാലും, ഇത് എളുപ്പത്തില്‍ ലയിക്കില്ല.
ഉപ്പ് ഇങ്ങനെ പലതരത്തിലുണ്ടെങ്കിലും പിങ്ക് ഉപ്പ് ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, രക്താതിമര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ പാചകത്തിന് പിങ്ക് ഉപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.