കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
Wednesday, August 7, 2024 3:31 PM IST
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ റിഷാദലി പട്രോളിംഗ് കഴിഞ്ഞ് സ്റ്റേഷനിലെത്തി. അപ്പോഴാണ് 57കാരനായ ഒരാള്‍ പരാതിയുമായി സ്റ്റേഷനിലേക്ക് കയറിവന്നത്.
ദൈന്യത നിറയുന്ന കണ്ണുകളുമായി സ്റ്റേഷനിലെ റിസപ്ഷനിലെത്തിയ രാമകൃഷ്ണന് എന്ന അദേഹം ഒരു പരാതി നല്‍കാനാണ് എസ്ഐ ഉണ്ടോയെന്നു ചോദിച്ചു.
ആകെ പരിഭ്രാന്തനായി വന്നുനില്ക്കുന്ന അയാളെ കണ്ട് എസ്ഐ റിഷാദലി അടുത്തെത്തി, പരാതി വാങ്ങി വായിച്ചു നോക്കി. പിന്നെ അദ്ദേഹത്തോട് ഉണ്ടായ കാര്യങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു.
ഉപ്പും മുളകും ചപ്പാത്തിക്കടയിലേക്ക്
കോഴിക്കോട് കൊളത്തറ സ്വദേശിയായ രാമകൃഷ്ണന്റെ ഉടമസ്ഥതയില്‍ ചെറുവണ്ണൂരില്‍ ഉപ്പും മുളകും എന്ന ചപ്പാത്തി കമ്പനിയുണ്ട്. അന്ന് രാവിലെ പതിവിലും കുറച്ച് നേരത്തെയാണ് രാമകൃഷ്ണന് തന്റെ യമഹ സ്കൂട്ടറില്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്.
ഒരു വലിയ പാര്‍ട്ടിയുടെ ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. അവിടെ നേരത്തെ തന്നെ ചപ്പാത്തിയെത്തിക്കണം. അതുകൊണ്ടുതന്നെയാണ് രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയത്. രാവിലെ 5.30 ഓടെ അദ്ദേഹം ചെറുവണ്ണൂരിലെ കടയ്ക്കു മുന്നിലെത്തി.
കടയ്ക്കു മുന്നില്‍ സ്കൂട്ടര്‍ സൈഡാക്കി നിര്‍ത്തി, സ്കൂട്ടറിന്റെ പിന് സീറ്റു തുറന്നു താക്കോലെടുത്തു കട തുറന്നു അകത്തു കയറി. പത്തു മിനിറ്റിനു ശേഷം പുറത്തിറങ്ങി നോക്കുമ്പോള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് സ്കൂട്ടര്‍ കാണുന്നില്ല.
ഉടന്‍ പരിസരമാകെ നോക്കിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂട്ടുകാര്‍ ആരെങ്കിലും കൊണ്ടുപോയോ എന്ന് തിരക്കിയെങ്കിലും നിരാശയായിരുന്നു ഫലം. തന്റെ സന്തതസഹചാരിയായ സ്കൂട്ടര്‍ കാണാതെ വന്നതോടെ രാമകൃഷ്ണന് അങ്കലാപ്പിലായി.
കടയിലെ ജോലിക്കാരും സുഹൃത്തുക്കളുമൊക്കെ പല വഴിക്ക് അന്വേഷണം നടത്തിയിട്ടും രക്ഷയില്ലാതെ വന്നതോടെ സ്കൂട്ടര്‍ ആരെങ്കിലും മോഷ്ടിച്ചിരിക്കാം എന്ന ചിന്ത രാമകൃഷ്ണനുണ്ടായി.
അങ്ങനെയാണ് അന്ന് വൈകിട്ട് അഞ്ചോടെ നല്ലളം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. പരാതി വാങ്ങിയ ശേഷം ധൈര്യമായി പോകു, വണ്ടി കണ്ടെത്താനായി എല്ലാ ശ്രമങ്ങളും നടത്താമെന്ന് എസ്ഐ റിഷാദലി വാക്കു നല്കി അദേഹത്തെ പറഞ്ഞയച്ചു.
രാമകൃഷ്ണനു വന്ന ആ മെസേജ്
എസ്ഐ റിഷാദലിയുടെ നേതൃത്വത്തില്‍ എസ്ഐ രവീന്ദ്രൻ, ഗ്രേഡ് എസ്ഐ ഷൈലേന്ദ്രന്, സീനിയര്‍ സിപിഒ തഹസീം എന്നിവര്‍ മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. മോഷ്ടാവും സ്കൂട്ടറും ജില്ല വിട്ടു പുറത്തു പോകാതിരിക്കാനുള്ള എല്ലാം മുന്‍കരുതലും എടുത്തു.
പത്തോളം സിസിടിവികള്‍ പരിശോധിച്ചു. മുമ്പ് ബൈക്ക് മോഷണത്തിന് പിടിയിലായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തി. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മോഷണ വിവരം അറിയിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.
അന്വേഷണം വഴിമുട്ടി നില്ക്കുന്ന ഒരു വെള്ളിയാഴ്ച രാത്രി എസ്ഐ റിഷാദലിയുടെ ഫോണിലേക്ക് രാമകൃഷ്ണന് വിളിച്ചു. തന്റെ മോഷണം പോയ സ്കൂട്ടറിന് 500 രൂപ ഫൈന്‍ ഉണ്ടെന്നു കാണിച്ച് ഒരു മെസേജ് വന്നതായി അറിയിച്ചു.
അതുവരെ മോഷ്ടാവ് കാണാമറയത്ത് ആയിരുന്നതിനാല്‍ ആ സന്ദേശം എസ്ഐ റിഷാദലിക്ക് പ്രത്യാശ നല്‍കുന്നതായിരുന്നു. ആ മെസേജിന്റെ അടിസ്ഥാനത്തില്‍ ഫൈന്‍ വന്നത് എവിടെ നിന്നാണെന്നും അതിലുള്ള ഫോട്ടോയും നോക്കി എസ്ഐ കാര്യങ്ങള്‍ മനസിലാക്കി.
എറണാകുളം ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നാണ് ഫൈന്‍ അടയ്ക്കാനുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. വാഹനത്തിന്റെ പുറകില്‍ യാത്ര ചെയ്ത ആളില്‍നിന്ന് ഫൈന്‍ ഈടാക്കാനാണ് നിര്‍ദേശം.
അയച്ചിരിക്കുന്ന ഫോട്ടോ അത്ര വ്യക്തമല്ലെങ്കിലും സ്കൂട്ടറിന്റെ പുറകിലിരിക്കുന്നത് ഒരു സ്ത്രീയാണെന്ന് മനസിലായി. അവര്‍ ധരിച്ചിരിക്കുന്ന സാരി ഏതോ തുണിക്കടയിലെ ജീവനക്കാർ ധരിക്കുന്നതോ കോളജ് യൂണിഫോമോ പോലെ എസ്ഐ റിഷാദലിക്ക് തോന്നി.
സെന്‍ട്രല്‍ എസ്ഐ അനൂപിനൊരു ഫോണ്‍കോള്‍
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ് ചാക്കോ റിഷാദലിയുടെ ബാച്ച് മേറ്റാണ്. അദേഹത്തെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. വാഹനത്തിന് ഫൈന്‍ വന്നിരിക്കുന്നത് എറണാകുളത്ത് നിന്നായതിനാല്‍ അവിടെയുള്ള തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, ബിഎഡ് കോളജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഫോട്ടോയിലേതിനു സമാനമായ സാരി ഉണ്ടോയെന്ന് അന്വേഷിക്കാന്‍ എസ്ഐ അനൂപിനോട് ആവശ്യപ്പെട്ടു.
എറണാകുളം ജില്ലയില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്കൂട്ടര്‍ കണ്ടുപിടിക്കാമെന്നുള്ള എസ്ഐ അനൂപിന്റെ വാക്കുകള്‍ റിഷാദലിക്ക് ആത്മവിശ്വാസമേകി. ഫോട്ടോ അയച്ചുകൊടുത്തെങ്കിലും ഫോട്ടോയിലുള്ള സാരി തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
പക്ഷേ, ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ ആ ലൊക്കേഷനില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. എങ്കിലും പുതിയതായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആയിരത്തിലധികം സ്ഥാപനങ്ങള്‍ ഉള്ളതില്‍ മിക്ക യൂണിഫോമും ഏതാണ്ട് ഒരുപോലെയാണ്.
അതിനിടയില്‍ സാരി മാത്രം കണ്ട്, മുഖം കാണാത്ത ഒരാളെ എങ്ങനെ കണ്ടെത്തും എന്നത് ഒരു വെല്ലുവിളിയായിരുന്നു. എങ്കിലും എസ്ഐ അനൂപ് ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ ഫോട്ടോയില്‍ കണ്ട സാരി നഗരത്തിലെ ഒരു പ്രമുഖ തുണിക്കടയുടെ യൂണിഫോം ആണെന്നു കണ്ടെത്തി.
ആയിരത്തിലധികം ജീവനക്കാരുള്ള വസ്ത്രശാലയില്‍ യുവതിയെ അന്വേഷിച്ചെങ്കിലും എസ്ഐ അനൂപിനും സംഘത്തിനും കണ്ടെത്താനായില്ല.
പരാതിയുമായെത്തിയ യുവതി
അന്വേഷണം പുരോഗമിക്കവേ, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരേ പരാതിയുമായി ഒരു യുവതിയെത്തി. പരാതി സ്വീകരിച്ച എസ്ഐ അനൂപിനോട് എന്നും മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ മര്‍ദനത്തെക്കുറിച്ചായിരുന്നു അവര്‍ പറഞ്ഞത്.
പരാതി കേള്‍ക്കുന്നതിനിടെ യുവതി എവിടെയാണ് ജോലി ചെയ്യുന്നതെന്ന് എസ്ഐ അനൂപ് ചോദിച്ചു. നഗരത്തിലെ പ്രമുഖ ടെക്സൈറ്റല്‍ ഷോപ്പിലെ സെയില്‍സ് ഗേളാണെന്നായിരുന്നു യുവതിയുടെ മറുപടി. ഭര്‍ത്താവ് മദ്യപിച്ച് ഇടയ്ക്ക് ജോലി സ്ഥലത്തു വന്ന് പ്രശ്നമുണ്ടാക്കാറുണ്ടെന്നും യുവതി പറഞ്ഞു.
സെയില്‍സ് ഗേള്‍ എന്നു കേട്ടപ്പോള്‍ തന്റെ മൊബൈലിലുള്ള യൂണിഫോം ധരിച്ച് സ്കൂട്ടറിലിരിക്കുന്ന യുവതിയുടെ ചിത്രം എസ്ഐ അനൂപ് അവരെ കാണിച്ചിട്ട് ഇത് എവിടത്തെ യൂണിഫോം ആണെന്ന് അറിയാമോയെന്നു ചോദിച്ചു.
ഇത് താന്‍ ജോലി ചെയ്യുന്ന തുണിക്കടയിലെ യൂണിഫോം ആണെന്നു യുവതി പറഞ്ഞു. ഫോട്ടോ ഒന്നു കൂടി കാണിക്കുമോയെന്നു ചോദിച്ചു എസ്ഐ അനൂപിന്റെ കൈയില്‍ നിന്ന് മൊബൈല്‍ഫോണ്‍ യുവതി വാങ്ങി.
ഇതു ഞാന്‍ തന്നെ
ഫോട്ടോ നോക്കിയ യുവതി ഇതു താന്‍ തന്നെയാണെന്ന് എസ്ഐ അനൂപിനോട് പറഞ്ഞു. തന്റെ മുന്നില്‍ നില്ക്കുന്ന ആള് മോഷ്ടാവിലേക്കുള്ള അകലം കുറയ്ക്കുമെന്ന് എസ്ഐയ്ക്കു തോന്നി. എന്താണ് കാര്യമെന്നു യുവതി ചോദിച്ചു.
സ്കൂട്ടറിന് ഫൈന്‍ ഉണ്ടെന്നും അന്ന് വാഹനം ഓടിച്ചിരുന്നത് ആരാണെന്നും എസ്ഐ ചോദിച്ചു. തന്റെ ആണ് സുഹൃത്താണ് സ്കൂട്ടര്‍ ഓടിച്ചിരുന്നതെന്നും അയാളുടെ കൂടെ ജോലി ചെയ്യുന്ന ആളുടെയാണ് വാഹനമെന്നും അവര്‍ വെളിപ്പെടുത്തി.
വഴിയില്‍വച്ച് തന്നെ കണ്ടപ്പോള്‍ വീട്ടില്‍ ഇറക്കി തരാമെന്നു പറഞ്ഞ് സ്കൂട്ടറില്‍ കയറ്റിയതാണെന്നും ഫൈന്‍ ഉണ്ടെങ്കില്‍ അത് താന്‍ അടച്ചോളാമെന്നും യുവതി പറഞ്ഞു. എസ്ഐ അനൂപ് രണ്ടുപേരുടെയും മൊബൈല്‍ നമ്പറുകള്‍ വാങ്ങി.
ട്രാഫിക് ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത ശേഷം ഫൈന്‍ അടച്ചാല്‍ മതിയെന്നു പറഞ്ഞ് അവരെ പറഞ്ഞുവിട്ടു. അതിനുശേഷം എസ്ഐ റിഷാദലിയെ വിളിച്ച് നടന്ന കാര്യങ്ങള്‍ അറിയിച്ചു. രണ്ടു മൊബൈല്‍ നമ്പറുകളും കൈമാറി.
പ്രതിയിലേക്ക്
തുടര്‍ന്ന് കോഴിക്കോട് സൈബര്‍ സെല്ലില്‍നിന്നും നമ്പറിന്റെ കോൾ ഡീറ്റെയിൽസ് ശേഖരിച്ചു. മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ എറണാകുളം കാണിച്ചതിനാല്‍ എസ്ഐ ഷൈലേന്ദ്രന്, എസ്സിപിഒ തഹസീം എന്നിവരെ എറണാകുളത്തേക്ക് അയച്ചു.
അവര്‍ക്കു വേണ്ട സഹായങ്ങള്‍ എസ്ഐ അനൂപ് ഒരുക്കി. ആ ദിവസത്തെ അന്വേഷണത്തിനൊടുവില്‍ സ്കൂട്ടര്‍ നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിനു മുന്നില്‍നിന്നു പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതി ആ ഹോട്ടലിലെ ജീവനക്കാരന് ആണെന്നും കണ്ടെത്തി.
പോലീസ് സംഘം ഹോട്ടലിലെത്തി ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ കൊല്ലം സ്വദേശി സീനത് മന്‍സിലില്‍ സക്കീര്‍ ഹുസൈന്(42) താനാണ് സ്കൂട്ടര്‍ മോഷ്ടിച്ചതെന്ന് സമ്മതിച്ചു. കോഴിക്കോട് ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സക്കീര്‍ ഹുസൈന്റെ ജോലി നഷ്ടപ്പെട്ടിരുന്നു.
സംഭവ ദിവസം ചായകുടിക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് താക്കോല്‍ വണ്ടിയില്‍ തന്നെയിട്ടിരിക്കുന്ന ഒരു സ്കൂട്ടര്‍ ശ്രദ്ധയില്‍പ്പെട്ടത്. സ്കൂട്ടര്‍ അവിടെ നിന്നും എടുത്ത ശേഷം താമസ സ്ഥലത്തെത്തി വസ്ത്രങ്ങളും മറ്റും എടുത്ത് എറണാകുളത്തേക്ക് ജോലി തേടി പോരുകയായിരുന്നു.
തുടര്‍ന്ന് എറണാകുളത്തെ ഒരു ഹോട്ടലില്‍ ജോലിക്കു ചേര്‍ന്നു. പ്രതി കുറ്റസമ്മതം നടത്തിയതോടെ ഒരാഴ്ചയായി പോലീസിനെ വട്ടം കറക്കിയ കേസ് അന്വേഷണത്തിന് പരിസമാപ്തിയായി. തുടര്‍ന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. വാഹനം കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളില്‍ സ്കൂട്ടര്‍ ഉടമയ്ക്ക് വിട്ടു നല്‍കും.