മീന്‍ ഗുളികയും ആരോഗ്യ ഗുണങ്ങളും...
എണ്ണമയമുള്ള മീനുകളുടെ കോശങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓയിലുകൊണ്ട് ഉണ്ടാക്കുന്ന സപ്ലിമെന്റുകളാണ് മീന്‍ ഗുളികകള്‍. ഒമേഗ-3 ഫാറ്റി ആസിഡ്, ഇക്കോസപെന്റ്നോയിക് ആസിഡ് (ഇപിഎ), ഡോകോസാഹെക്സനോയിക് ആസിഡ് (ഡിഎച്ച്എ) എന്നിവ മീന്‍ ഗുളികള്വഴി ശരീരത്തില്‍ എത്തിക്കാം.
കാരണം, ഇവ ശരീരത്തിനു സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവശ്യ കൊഴുപ്പുകളാണ്. ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍ സാധാരണയായി ദ്രാവക, കാപ്സ്യൂള്‍, ഗുളിക രൂപങ്ങളില്‍ ലഭ്യമാണ്.
ട്രൈഗ്ലിസറൈഡ്, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം, തലച്ചോറിന്റെയും കണ്ണിന്റെയും ആരോഗ്യം എന്നിവയെ പ്രചോദിപ്പിക്കുകയുമാണ് ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍ ചെയ്യുന്നത്.
ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്...
ഹൃദയാരോഗ്യം, തലച്ചോറിന്റെ ആരോഗ്യം
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ധമനികളിലെ ഭിത്തികളില്‍ തടിപ്പ് രൂപപ്പെടാതിരിക്കാനും സഹായിക്കുന്നു. രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി വീക്കം കുറയ്ക്കാന്‍ ഇതു സഹായകമാണ്.
ട്രൈഗ്ലിസറൈഡ്, രക്തസമ്മര്‍ദ്ദം എന്നിവ കുറയുമ്പോള്‍ ഹൃദ്രോഗം സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങള്‍ക്കും കുറവു വരും. തലച്ചോറിന്റെ പ്രധാന ഘടനാപരമായ ഘടകമാണ് ഡിഎച്ച്എ.
പഠനത്തിനും ഓര്‍മയ്ക്കും ഒമേഗ-3 ഉപകാരപ്രദമാണ്. ഡിഎച്ച്എ അളവ് വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.
നേത്രം, സന്ധി
നേത്രങ്ങളുടെ ആരോഗ്യത്തിന് ഡിഎച്ച്എ, ഒമേഗ-3 എന്നിവ ആവശ്യമാണ്. റെറ്റിന കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഒമേഗ-3 സഹായിക്കുന്നു. ഒമേഗ-3 ന്റെ പതിവ് ഉപഭോഗം മാക്യുലര്‍ ഡീജനറേഷന്‍ അടക്കമുള്ള നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കും.
ഒമേഗ-3ക്ക് എന്‍സൈമുകളുടെ ഉത്പാദനം കുറയ്ക്കാന്‍ കഴിയുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെയും മറ്റ് കോശജ്വലന ജോയിന്റ് അവസ്ഥകളുടെയും ലക്ഷണങ്ങള്‍ ലഘൂകരിക്കും.
സന്ധികള്‍ക്കു ബലം നല്‍കും. അതോടൊപ്പം സന്ധികളുടെ വേദനകള്‍ക്ക് അകറ്റും.
ചര്‍മം, മാനസിക ആരോഗ്യം
ഒമേഗ-3 ആസിഡുകള്‍ ചര്‍മത്തിന്റെ വീക്കം കുറയ്ക്കാനും പുതിയ കോശങ്ങള്‍ ഉണ്ടാക്കാനും സഹായിക്കും. ചര്‍മം കൂടുതല്‍ ജലാംശമുള്ളതും വീക്കം കുറഞ്ഞതുമാക്കാന്‍ ഇതുപകരിക്കും.
എക്സിമ, സോറിയാസിസ് തുടങ്ങിയ അവസ്ഥകള്‍ അകറ്റിനിര്‍ത്താനും ഫിഷ് ഓയില്‍ സപ്ലിമെന്റ് സഹായകമാണ്. ഒമേഗ-3 ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. മാനസിക വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിലെ വീക്കം കുറയ്ക്കും.
വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഫിഷ് ഓയില്‍ സപ്ലിമെന്റേഷന് സഹായിച്ചേക്കാം. ഊര്‍ജ ഉത്പാദനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെ കൊഴുപ്പ് സംഭരണം കുറച്ച് മെറ്റബോളിസം മെച്ചപ്പെടുത്താന്‍ ഒമേഗ-3ക്കു കഴിയും.
ഇത് ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
രോഗപ്രതിരോധം, എല്ല്, ഗര്‍ഭം
ഒമേഗ-3 ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന ബി സെല്ലുകള്‍, അണുബാധകളെ ലക്ഷ്യമിടുന്ന ടി സെല്ലുകള്‍ തുടങ്ങിയ രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും. അതുപോലെ കാല്‍സ്യം ആഗിരണം വര്‍ധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായകമാണ്.
ഇത് അസ്ഥികളുടെ ശക്തി നിലനിര്‍ത്താനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും. ഭ്രൂണത്തിന്റെ തലച്ചോര്‍, കണ്ണുകള്‍, നാഡീവ്യൂഹം എന്നിവയുടെ വികസനത്തിന് ഡിഎച്ച്എ നിര്‍ണായകമാണ്.
ഗര്‍ഭകാലത്ത് ഇതു കഴിക്കുന്നത് ആരോഗ്യകരമായ ഭ്രൂണവളര്‍ച്ചയെ സഹായിക്കും. അതുപോലെ ഭ്രൂണം പൂര്‍ണവളര്‍ച്ച എത്തുന്നതിനു മുമ്പു കുട്ടി ജനിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.