ശ്രുതിയെവിടെ...
Saturday, July 20, 2024 3:29 PM IST
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം നടത്തുകയാണെന്നുമൊക്കെ പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥരെയടക്കം പറ്റിച്ച് പണം തട്ടിയ കാസർഗോഡ് സ്വദേശിനി ശ്രുതി ഇപ്പോഴും കാണാമറയത്ത്.
ശ്രുതിയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയ ഉന്നത ഉദ്യോഗസ്ഥരിൽ പലരും മാനക്കേടോർത്ത് ഇത് പുറത്തുപറയാൻ മടിക്കുന്നതാണ് കാരണമെന്നാണ് സൂചന. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ബിസിനസുകാരും സ്ഥാപന നടത്തിപ്പുകാരുമൊക്കെയാണ് ശ്രുതിയുടെ വലയിൽ കുരുങ്ങിയത്.
ആകർഷകമായ വ്യക്തിത്വവും എന്തു കള്ളവും ആരെയും വിശ്വസിപ്പിക്കുന്ന വാക്ചാതുരിയും കൊണ്ടാണ് ഇരകളെ വീഴ്ത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ട് അടുത്ത പരിചയം നടിച്ച് ഇരകളുടെ കൈയിൽനിന്ന് പണവും സ്വർണവുമുൾപ്പെടെ തട്ടിയെടുക്കുന്നതാണ് രീതി. ഇരകളിൽ പലരേയും വിവാഹവാഗ്ദാനമുൾപ്പെടെ നല്‍കിയാണ് വരുതിയിലാക്കിയത്.
വിവാഹം കഴിക്കാൻ പോകുന്ന ആളാണെന്നുപറഞ്ഞ് പലരുടെയും കുടുംബാംഗങ്ങളെ ഉൾപ്പെടെ പരിചയപ്പെടുകയും പിന്നീട് അടിയന്തര ആവശ്യങ്ങൾ പറഞ്ഞ് അവരിൽനിന്ന് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിരുന്നു.
പലനാൾ കഴിയുമ്പോൾ ചതിക്കപ്പെടുകയാണെന്ന് സംശയിച്ച് പണം തിരികെ ചോദിക്കുമ്പോഴാണ് ശ്രുതിയുടെ മറ്റൊരു മുഖം കാണുക. വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചതിനും ബലാത്സംഗത്തിനുമുൾപ്പെടെ സ്ത്രീസുരക്ഷാ നിയമങ്ങളിലെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഇരകളുടെ പേരിൽ പരാതി നല്‍കും.
ഇതോടെ പണം തിരികെ കിട്ടിയില്ലെങ്കിലും കേസിൽനിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയിൽ ഇരകൾക്ക് പിൻവലിയേണ്ടിവരും. പണം തിരികെ ചോദിച്ച രണ്ടു പോലീസുദ്യോഗസ്ഥർ ശ്രുതിയുടെ വ്യാജ പീഡനപരാതിയെത്തുടര്‍ന്ന് സസ്പെന്ഷന് നടപടി നേരിട്ടിരുന്നു.
കുരുക്ക് മനസിലായതോടെ ഇതിനുശേഷം വനിതാ ഉദ്യോഗസ്ഥരെ കൊണ്ടു മാത്രമാണ് ശ്രുതിയെ ചോദ്യം ചെയ്തത്. എന്നാൽ, കാസർഗോട്ടെ വനിതാ എസ്ഐയ്ക്കെതിരേ യും പെരുമാറ്റദൂഷ്യമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഇവർ പരാതി നല്കി.
കാസർഗോഡ് പെരിയ സ്വദേശി 29 കാരനായ ജിംനേഷ്യം പരിശീലകനെ വ്യാജ പീഡന പരാതിയിൽ കുടുക്കി മംഗളൂരുവിൽ ജയിലിലടച്ച സംഭവമാണ് ഒടുവിൽ വഴിത്തിരിവായത്. സ്ഥാപനം അടച്ചുപൂട്ടുകയും ധനനഷ്ടവും മാനഹാനിയുമെല്ലാം ഉണ്ടാവുകയും ചെയ്തതോടെ യുവാവ് ശ്രുതിയുടെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാൻ ഒരുങ്ങിയിറങ്ങുകയായിരുന്നു.
ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്നും അവധിക്ക് നാട്ടില്‍ വന്നതാണന്നും ശരീരഭാരം കുറയ്ക്കാന്‍ പരിശീലനം തരണമെന്നും പറഞ്ഞാണ് ശ്രുതി ഇയാളുടെ ജിംനേഷ്യത്തിലെത്തിയത്. ശ്രുതിക്ക് 40 വയസിനു മേൽ പ്രായമുണ്ടെങ്കിലും ആകർഷകമായ വസ്ത്രധാരണവും ശരീരപ്രകതിയും കൊണ്ട് അത് മറച്ചുപിടിക്കാൻ കഴിഞ്ഞിരുന്നു.
ജിംനേഷ്യത്തിലെ സ്ഥിരം സന്ദർശകയായതിനു പിന്നാലെ യുവാവുമായി അടുത്ത പരിചയം സ്ഥാപിക്കുകയും അത് പിന്നീട് വിവാഹവാഗ്ദാനത്തിൽ വരെ എത്തുകയും ചെയ്തു. യുവാവിന്റെ വീട്ടിലെത്തി അമ്മയും മറ്റു ബന്ധുക്കളുമായും പരിചയപ്പെട്ടു.
ഒരു അലർജിയുടെ ചികിത്സയ്ക്കാണെന്നുപറഞ്ഞ് പലതവണ മംഗളൂരുവിലെ ആശുപത്രിയിലേക്കും യുവാവിനെ ഒപ്പം കൂട്ടി പോയി. ഒന്നിലേറെ തവണ മംഗളൂരുവിൽ മുറിയെടുത്ത് താമസിക്കുകയും ചെയ്തു.
ഇതിനിടയിൽ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണവും സ്വര്‍ണവുമായി അഞ്ചുലക്ഷം രൂപയാണ് ഇയാളിൽനിന്നും ശ്രുതി തട്ടിയെടുത്തത്. യുവാവിന്റെ അമ്മയുടെ മാല തത്കാലത്തേക്കെന്നും പറഞ്ഞ് അവരുടെ കൈയിൽനിന്നുതന്നെ കൈക്കലാക്കി.
ചതിക്കപ്പെടുകയാണെന്ന് പിന്നീട് സംശയം തോന്നിയ യുവാവ് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇവർ ചെക്ക് നല്കി. ബാങ്കിൽ പോയപ്പോൾ അത് വണ്ടിച്ചെക്കാണെന്ന് തെളിഞ്ഞതോടെ യുവാവ് മേല്‍പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
തൊട്ടുപിന്നാലെ യുവാവ് തന്നെ വിവാഹവാഗ്ദാനം നല്കി പീഡനത്തിനിരയാക്കിയതായി ശ്രുതിയും പരാതി നല്കി.ഇതേ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പനടുക്കം എന്ന സ്ഥലത്താണ് ശ്രുതിയുടെ വീടുള്ളത്.
നേരത്തേ ജില്ലയിലെതന്നെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ശ്രുതി സമാനമായ പരാതികൾ നല്‍കിയതിന്റെ അനുഭവവും പോലീസിനുണ്ടായിരുന്നു. അതുകൊണ്ട് പോലീസ് ഈ പരാതികൾ വിശദമായ അന്വേഷണത്തിനായി മാറ്റിവച്ചു.
മേല്‍പറമ്പ് പോലീസ് അന്വേഷണം നടത്തി തനിക്കെതിരേ കേസെടുത്തേക്കുമെന്ന് സംശയം തോന്നിയതോടെ ശ്രുതി അടവ് മാറ്റി. മംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കുപോയപ്പോൾ തന്നോടൊപ്പം വന്നിരുന്ന ഈ യുവാവ് ആശുപത്രി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് അവിടെ തന്നെയുള്ള ലോഡ്ജിൽവച്ച് തന്നെ പീഡിപ്പിച്ചിരുന്നതായി കാണിച്ച് കർണാടകയിലെ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നല്കി.
ഇതോടെ മംഗളൂരു പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഏതാണ്ട് രണ്ടാഴ്ചയക്കുശേഷം ജാമ്യത്തിലിറങ്ങിയ യുവാവ് ശ്രുതിയുടെ കള്ളങ്ങളോരോന്നായി പൊളിക്കാൻ ഒരുങ്ങിയിറങ്ങുകയായിരുന്നു.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മറ്റൊരു യുവാവിന്റെ പരാതിയിലാണ് മേൽപറമ്പ് പോലീസ് ശ്രുതിക്കെതിരെ ആദ്യ കേസെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാളുടെ കൈയിൽ നിന്നും ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് കേസ്. ഐഎസ്ആർഒയുടെ വ്യാജ തിരിച്ചറിയൽ കാർഡും യുവതിയുടെ പക്കലുണ്ടായിരുന്നതായി ഇയാളുടെ പരാതിയിൽ പറയുന്നു.
എന്നാൽ, ജിംനേഷ്യം പരിശീലകനും പരാതി നല്കാൻ തയാറായ മറ്റു യുവാക്കൾക്കും സ്വർണവും പണവും തിരികെ നല്കി കേസുകൾ ഒത്തുതീർപ്പാക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ തങ്ങൾക്കുതന്നെ നാണക്കേടാകുമെന്ന് കരുതുന്ന പോലീസ് ഉദ്യോഗസ്ഥരും ഇതിനു പിന്നിലുണ്ട്.
ഭർത്താവിന്റെ ബന്ധുവിനെ കുടുക്കാൻ പോക്സോ കേസ്
ഭർത്താവും കുടുംബവുമായി അകന്നുകഴിയുന്ന ശ്രുതി ഭർത്താവിന്റെ ബന്ധുവായ 65 കാരനെ കുടുക്കാൻ എടുത്തുപയോഗിച്ചത് പോക്സോ കേസാണ്. ഇദ്ദേഹം 12 വയസുള്ള തന്റെ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നു പറഞ്ഞാണ് ശ്രുതി പോക്സോ കേസ് നല്‍കിയത്.
ജാമ്യമില്ലാ വകുപ്പായതിനാൽ ഇദ്ദേഹത്തിനും ഏറെനാൾ ജയിലിൽ കഴിയേണ്ടിവന്നു. പിന്നെ നാളുകൾ നീണ്ട വിചാരണയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് പോക്സോ കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടത്.
പോക്സോ നിയമമനുസരിച്ച് വിചാരണ നടത്താന്‍ മാത്രമുള്ള തെളിവുകള്‍ ഹാജരാക്കാൻ കഴിയാതെപോയതോടെയാണ് കേസ് തള്ളിയത്. മാത്രമല്ല, കേസിലേക്ക് കുട്ടിയെ വലിച്ചിഴച്ചെന്ന കുറ്റം ചുമത്തി അമ്മയായ ശ്രുതിയെ വിചാരണ ചെയ്യാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കൊയിലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കാസര്‍ഗോഡ് സെഷന്‍സ് കോടതി കഴിഞ്ഞദിവസം ശ്രുതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ശ്രുതി ഇപ്പോഴും ഒളിവിലാണ്.