വിടപറഞ്ഞിട്ടും വിസ്മൃതിയിലാകാതെ...
തമസ്കരിക്കുന്പോഴൊക്കെ പൂർവാധികം ശക്തിപ്രാപിച്ച് തിരിച്ചുവരുന്ന അദ്ഭുതപ്രതിഭാസമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജീവിച്ചിരുന്നപ്പോഴും മരിച്ചുകഴിഞ്ഞും പാതാളത്തോളം ചവിട്ടിത്താഴ്ത്തിയിട്ടും വിസ്മയകരമായ രീതിയിൽ അദ്ദേഹം ഉയർത്തെഴുന്നേറ്റു.
ഏറ്റവുമൊടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആദ്യമായി ചരക്കുമായി എത്തിയ കപ്പലിനെ സ്വീകരിച്ച സർക്കാർ ചടങ്ങിൽനിന്ന് ഉമ്മൻ ചാണ്ടിയെ തമസ്കരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു.
ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഒരക്ഷരം അവിടെ പറയാതിരിക്കാൻ പ്രതിപക്ഷ നേതാവിനെപ്പോലും ചടങ്ങിൽനിന്ന് മാറ്റിനിർത്തി. പക്ഷേ, ജനങ്ങൾ ഒന്നടങ്കം വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണെന്ന് മുറവിളി കൂട്ടി. സർക്കാരിന് പരമാവധി പഴികിട്ടുകയും ചെയ്തു.
സോളാർ ഉൾപ്പെടെ നിരവധി കേസുകളിൽ കുരുക്കി ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും ശക്തമായിത്തന്നെ തിരിച്ചെത്തി.
വിടപറഞ്ഞിട്ട് ഒരു വർഷമായിട്ടും അദ്ദേഹം വിസ്മൃതിയിൽ അപ്രത്യക്ഷനായില്ല. പുതുപ്പള്ളി പള്ളിയിലെ കബറിടത്തിലേക്ക് ആളുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ നിരവധി പരിപാടികളാണ് നടക്കുന്നത്.
കോണ്ഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തിദുർഗമാണ് ഉമ്മൻ ചാണ്ടി. അതിനുപോലും കോട്ടംതട്ടിയിട്ടില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വന്പിച്ച ഭൂരിപക്ഷം ആദ്യത്തെ തെളിവ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലമാണ് രണ്ടാമത്തെ തെളിവ്.
2019ൽ യുഡിഎഫിന് വന്പിച്ച വിജയം കിട്ടാൻ രാഹുൽ ഗാന്ധിയുടെ കന്നി സാന്നിധ്യവും ശബരിമല വിഷയവും ഒക്കെ ഉണ്ടായിരുന്നു. അത്തരം ഘടകങ്ങളൊന്നും 2024ൽ ഉണ്ടായിരുന്നില്ല. 2024ലെ വന്പിച്ച വിജയത്തിനു പിന്നിൽ ഉമ്മൻ ചാണ്ടിയുടെ അദൃശ്യസാന്നിധ്യവും ഒരു ഘടകമായി.
സർക്കാരിനെതിരേയുള്ള ജനരോഷത്തെ വർധിതവീര്യത്തിലാക്കിയത് ഉമ്മൻ ചാണ്ടിക്കെതിരേ സർക്കാർ നടത്തിയ വേട്ടയാടലുകളാണ്. ഉമ്മൻ ചാണ്ടി വിടപറഞ്ഞതിനെത്തുടർന്ന് അനേകർ നടത്തിയ അനുസ്മരണങ്ങളിൽ ശ്രദ്ധേയമായ ഒന്ന്, മമ്മൂട്ടിയുടേതായിരുന്നു.
ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് കൊടുത്തിട്ടില്ലെന്നും നൽകുകയായിരുന്നെങ്കിൽ അതു മനുഷ്യസ്നേഹത്തിനാകണമായിരുന്നുവെന്നും, ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന വിഷയത്തിൽ ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയ ആളാണ് അദ്ദേഹമെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.
എങ്ങനെ ആളുകളെ സഹായിക്കാം എന്നത് വ്രതംപോലെ ജീവിതത്തിൽ പുലർത്തിയ ആളാണ് ഉമ്മൻ ചാണ്ടി. അഭ്യാസിയുടെ മെയ്വഴക്കത്തോടെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും വളയം പൊട്ടിച്ചു. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതി.
നാലു തവണ 14 ജില്ലാ ആസ്ഥാനങ്ങളിൽ നടത്തിയ ജനസന്പർക്ക പരിപാടിയിൽ സ്വയം ഉരുകിത്തീർന്നു. പതിനെട്ടും ഇരുപതും മണിക്കൂറൊക്കെ ജലപാനം നടത്താതെ, കണ്ണിമ അടയ്ക്കാതെ പാവപ്പെട്ടവരെ സഹായിച്ചുകൊണ്ടിരുന്നപ്പോൾ ക്ഷീണമറിഞ്ഞില്ല.
2004ൽ മുഖ്യമന്ത്രി ആയതിനെത്തുടർന്നാണ് ആദ്യത്തെ ജനസന്പർക്ക പരിപാടി അരങ്ങേറിയത്. പിന്നീട് 2011, 2016 കാലഘട്ടത്തിൽ മൂന്നു തവണകൂടി നടത്തി. ലോകത്ത് മറ്റൊരിടത്തും നടത്തിയിട്ടില്ലാത്തതും മറ്റാർക്കും നടത്താനാകാത്തതുമായ ജനസന്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്രസംഘടന അത്യുന്നത പുരസ്കാരംതന്നെ നല്കി.
നാലു ജനസന്പർക്ക പരിപാടികളിലായി 12,42,350 പേരെയാണ് നേരിൽ കണ്ടത്. 242.87 കോടി രൂപ വിതരണം ചെയ്തു. ജനസന്പർക്ക പരിപാടിയിൽനിന്നു കിട്ടിയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ 43 കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതി.
യുഎൻ പുരസ്കാരത്തെ പോലും ഇകഴ്ത്തിക്കെട്ടാൻ ഇടതുപക്ഷം വിയർപ്പൊഴുക്കി. യുഎൻ പുരസ്കാരം സിപിഎമ്മിനെ അക്ഷരാർഥത്തിൽ വിറളിപിടിപ്പിച്ചിരുന്നു. യുഎൻ പുരസ്കാരം ഉമ്മൻ ചാണ്ടിക്കു നല്കരുതെന്ന് ആവശ്യപ്പെട്ട് യുഎന്നിലേക്ക് സിപിഎമ്മുകാരുടെ പരാതികൾ പ്രവഹിച്ചു.
കൂട്ടനിവേദനം നല്കി. അവാർഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു. ബഹ്റനിൽ നടന്ന ചടങ്ങിൽ യുഎൻ പുരസ്കാരം നേടി സുൽത്താനെപ്പോലെ മടങ്ങിയെത്തിയ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞും കരിങ്കൊടി കാട്ടിയുമാണ് സിപിഎം സ്വീകരിച്ചത്.
സാധാരണക്കാർക്ക് ജനസന്പർക്ക പരിപാടി വിസ്മയമായിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിക്ക് ഇതു നിത്യാഭ്യാസം ആയിരുന്നു. 1970ൽ ആണ് ഉമ്മൻ ചാണ്ടി ആദ്യമായി നിയമസഭയിലെത്തുന്നത്. 1980കളിൽതന്നെ അദ്ദേഹം എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ കുടുംബവീട്ടിൽ ആളുകളെ കണ്ടുതുടങ്ങിയിരുന്നു.
ചെറിയതോതിൽ തുടങ്ങിയ പുതുപ്പള്ളി ദർബാർ പിന്നീട് വളർന്ന് ഞായാറാഴ്ചകളിൽ ആയിരങ്ങൾ അവിടെ എത്തുമായിരുന്നു. ഓരോരുത്തരുടെയും അടുത്തുചെന്ന് തലയൊന്നു ചെരിച്ചുപിടിച്ച് അവരുടെ പ്രശ്നങ്ങൾ കേട്ട് അപ്പോൾതന്നെ സഹായിക്കുന്ന ഒരു ജാലവിദ്യ. ഇതാണ് പിന്നീട് ജനസന്പർക്ക പരിപാടിയായി സംസ്ഥാനതലത്തിൽ അവതരിപ്പിക്കപ്പെട്ടത്.
തിരുവനന്തപുരത്ത് നേരിട്ടു വന്ന് പരാതി പറയാൻ അവസരമില്ലാത്തവർക്കായിട്ടാണ് "സുതാര്യ കേരളം’പരിപാടി ആവിഷ്കരിച്ചത്. ജില്ലാ ആസ്ഥാനങ്ങളിൽ വന്ന് വീഡിയോ കോണ്ഫറൻസിലൂടെ പരാതിക്കാരൻ മുഖ്യമന്ത്രിയോട് സംവദിക്കുന്ന പരിപാടിയായിരുന്നു അത്.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തിരുവനന്തപുരത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാ ആസ്ഥാനങ്ങളിലും വീഡിയോ കോണ്ഫറൻസിൽ പങ്കെടുത്തു. 2016ൽ പിണറായി സർക്കാർ അധികാരമേറ്റതിനെത്തുടർന്ന് "നാം മുന്നോട്ട് ’ എന്ന പേരിൽ ഹൈക്ലാസ് പരിപാടിയാക്കി ഇതിനെ മാറ്റിയെടുത്തു. ബുദ്ധിജീവികളൊക്കെ പങ്കെടുക്കുന്ന ഒരു പരിപാടി. നിർമാണം സർക്കാർ ചെലവിൽ കൈരളി ചാനലിൽ!
24 * 7 കോൾ സെന്ററായിരുന്നു മറ്റൊരു ശ്രദ്ധേയമായ പരിപാടി. മുഖ്യമന്ത്രിയുടെ ഓഫീസിനോടു ചേർന്നു 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കോൾ സെന്ററിലേക്ക് ആർക്കും എപ്പോൾ വേണമെങ്കിലും ലോകത്ത് എവിടെനിന്നു വേണമെങ്കിലും വിളിക്കാമായിരുന്നു.
ചിലപ്പോൾ മുഖ്യമന്ത്രി നേരിട്ട് ഫോണ് അറ്റൻഡ് ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ജഗതി പുതുപ്പള്ളി വീട്ടിൽ 24 മണിക്കൂറും ചിലയ്ക്കുന്ന ലാൻഡ് ഫോണുണ്ട്. കോവിഡ് കാലത്ത് ഇതിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ രക്ഷാപ്രവർത്തനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ തുടങ്ങിയവയുടെയെല്ലാം ലക്ഷ്യം മറ്റുള്ളവരെ സഹായിക്കുക എന്നതായിരുന്നു. ഇതു കൂടാതെയാണ് ആളുകളെ വീട്ടിലും ഓഫീസിലും ജില്ലകളിലുമൊക്കെ സമയത്തും അസമയത്തുമൊക്കെ നേരിട്ടു കണ്ടുകൊണ്ടിരുന്നത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസ് സദാസമയവും തുറന്നുകിടന്നു. ആരെയും തടഞ്ഞില്ല. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പോയിട്ട് സെക്രട്ടേറിയറ്റിലേക്കു പോലും ആരെയും കടത്തിവിടില്ല. രാവണൻ കോട്ട പോലെ അത് സാധാരണക്കാർക്ക് അപ്രാപ്യമാണ്.
യേശുവിന്റെ വസ്ത്രാഞ്ജലത്തിൽ തൊടാൻ ജനം ഓടിയെത്തിയതുപോലെയാണ് ഉമ്മൻ ചാണ്ടിയുടെ അടുത്ത് ആളുകൾ എത്തിയിരുന്നതെന്ന് മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ദിവസം പത്തുനൂറു പേരെയെങ്കിലും സഹായിച്ചില്ലെങ്കിൽ തന്റെ ജീവിതം സാർഥകമാകില്ലെന്ന് ഉറച്ചുവിശ്വസിച്ച ആളായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയുടെ കൈ എത്താത്ത വീടോ നാടോ കേരളത്തിലില്ല. അവർക്കു താങ്ങായി, തണലായി അദ്ദേഹം ഉണ്ടായിരുന്നു. എന്തുവന്നാലും ഉമ്മൻ ചാണ്ടിയുണ്ടല്ലോ എന്നത് ആളുകളുടെ അചഞ്ചലമായ വിശ്വാസമായിരുന്നു.
ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ ജനങ്ങൾ വാവിട്ടു കരഞ്ഞതും എംസി റോഡിലേക്കും പുതുപ്പള്ളിയിലേക്കും പ്രവഹിച്ചതും അപ്പനെ നഷ്പ്പെട്ടപ്പോൾ ഉണ്ടായ ഹൃദയവേദനയോടെയാണ്. കഴിഞ്ഞ ഒരു വർഷം കേരളത്തിനുണ്ടായത് ഈ ശൂന്യതയാണ്.
ഒരത്യാവശ്യമോ ആവശ്യമോ വന്നാൽ ആരുടെ അടുത്തെത്തും? ആരെ വിളിക്കും? ആരുണ്ടു സഹായിക്കാൻ? കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ അതിനുത്തരം തേടിയാണ് പുതുപ്പള്ളിയിലെ കബറിടത്തിലേക്ക് ഇപ്പോഴും പോകുന്നത്.
പി.ടി. ചാക്കോ
ഉമ്മൻചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകൻ