ജലദോഷത്തിനു പിന്നിൽ പലതരം വൈറസുകൾ
ലോക ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഏറ്റവും കൂടുതൽ കാലം അനുഭവിക്കുന്ന ആരോഗ്യപ്രശ്നമാണ് ജലദോഷം. ഒരുപാട് പേർ ഇതിന്റെ പേരിൽ അവധി എടുക്കാറുണ്ട് എന്നുള്ളതാണ് വേറൊരു പ്രശ്നം.
കൂടുതൽ പേർ കൂടുതൽ ആയി ഡോക്ടറെ കാണാറുള്ളത് ജലദോഷത്തിനും പനിക്കുമുള്ള ചികിത്സതേടിയാണ്. സന്ധിവാത രോഗം, ആസ്ത്മാ എന്നീ രോഗങ്ങളെ പോലെയാണ് ജലദോഷവും എന്ന് പറയാറുണ്ട്.
ഏത് പ്രായത്തിലുള്ളവരേയും എപ്പോൾ വേണമെങ്കിലും ജലദോഷവും ബാധിക്കാവുന്നതാണ്. ചിലരിൽ ജലദോഷം വിട്ടുമാറാതെ കാണാറുണ്ട്. ഇങ്ങനെ ഉള്ളവർ ചിലപ്പോൾ കൊല്ലത്തിൽ പത്ത് പ്രാവശ്യം വരെ ഡോക്ടർമാരെ കാണാറുമുണ്ട്.
ലക്ഷണങ്ങൾ
മൂക്കിൽ നിന്ന് വെള്ളം ഒഴുകുക, തലയ്ക്ക് ഭാരം, ചുമ, തുമ്മൽ, തൊണ്ടവേദന, പനി, കുളിര്, വിയർപ്പ്, പേശികളിൽ വേദന, ക്ഷീണം എന്നിവയാണ് പൊതുവായി ജലദോഷം ഉള്ളവരിൽ കാണാറുള്ള പ്രശ്നങ്ങൾ.
ജലദോഷത്തെ കുറിച്ചുള്ള ചില വസ്തുതകളാണു താഴെ പറയുന്നത്:
• തണുപ്പ് ഏറ്റതുകൊണ്ട് ജലദോഷം ഉണ്ടാവുകയില്ല. തണുപ്പ് ജലദോഷം ഉണ്ടാകാൻ
ഒരു കാരണം ആവുകയില്ല.
• അഞ്ചാംപനി പോലുള്ള രോഗങ്ങൾ കൂടുതലായും ഒരാളിൽ നിന്നു വേറൊരാളിലേക്ക് പകരുകയാണു ചെയ്യുന്നത്. ജലദോഷത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്.
• മഴ നനഞ്ഞുവരുന്ന ഒരാളിൽ ജലദോഷം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു പറയാൻ കഴിയില്ല.
• ജലദോഷം വൈറസ് ബാധ മൂലം ഉണ്ടാകുന്നതാണ് എന്ന് എത്രയോ കാലമായി നമുക്ക റിയാം. അഞ്ചാംപനി, പോളിയോ, വസൂരി, മുണ്ടിനീര് എന്നിവയെല്ലാം വൈറസ് ബാധയിലൂടെ ഉണ്ടാകുന്ന രോഗങ്ങളാണ്.
എന്നാൽ, ജലദോഷം ഈ രോഗങ്ങളിൽ നിന്നു വ്യത്യാസം ഉള്ളതാണ്.
• അഞ്ചാംപനി, പോളിയോ തുടങ്ങി വൈറസ് ബാധ മൂലം ഉണ്ടാകുന്ന ഓരോ രോഗത്തിനും ഓരോ പ്രത്യേക വൈറസാണ് കാരണമാകുന്നത്.
എന്നാൽ, ജലദോഷത്തിന്റെ കാര്യത്തിൽ നൂറിലധികം വൈറസുകളെ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
• സ്വയംരോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കാണ് ജലദോഷം ബാധിക്കുന്നത് എന്നു പലരും പറയാറുണ്ട്. അതു ശരിയല്ല.
ജലദോഷം ഉള്ള ഒരാളുമായി അടുത്തിടപെടുന്ന വ്യക്തിക്ക് ജലദോഷം ഉള്ള വ്യക്തിയിലുള്ള വൈറസിനെ ചെറുക്കാൻ കഴിയാതെ വരുമ്പോഴാണ് ജലദോഷം ബാധിക്കുന്നത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം.പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.