പല്ല് നിരതെറ്റൽ: വിവിധതരം ചികിത്സകൾ
1. ഫിക്സഡ് ബ്രേസസ്
മെറ്റൽ ബ്രേസസ്
പല്ലുകളിൽ മുത്തുകൾ പോലെ ഒട്ടിച്ചുവച്ച് ഉള്ളിലൂടെ കമ്പി ഇടുന്ന മെറ്റൽ ബ്രേസസ് ചികിത്സ വളരെ സാധാരണയായി ചെയ്യുന്നതാണ്.
ക്ലിയർ ബ്രേസസ്
പല്ലിന്റെ അതേ കളർ ഉള്ള സെറാമിക്ക് മുത്തുകൾ ലഭ്യമാണ്. ഇതിന്റെ ഉള്ളിൽ കൂടി കമ്പിയിട്ട് ചികിത്സ നടത്തുന്നതാണ്.
ഇൻവിസിബിൾ ബ്രേസസ്
ഇത് പല്ലിന്റെ ഉൾഭാഗത്ത് ഉറപ്പിച്ച് ചികിത്സിക്കുന്ന രീതിയാണ്. പുറമേ പല്ലിൽ ഇട്ടിരിക്കുന്നത് കാണാനാവില്ല.
സെൽഫ് ലൈഗേറ്റിംഗ് ബ്രേസസ്
ഇത് പല്ലിൽ കമ്പി ഇടുന്നതിൽ അത്യാധുനിക ചികിത്സാരീതിയാണ്.
2. അലൈനേഴ്സ്
ഇതിന്റെ ഏറ്റവും വലിയ ഗുണം ഇത് ട്രാൻസ്പെരന്റും സ്വയം ഊരി മാറ്റാവുന്നതുമാണ് എന്നുള്ളതാണ്. കൃത്യമായ അളവുകളിൽ കമ്പ്യൂട്ടർ സോഫ്റ്റ്വെയറിന്റെ സഹായത്താൽ ചികിത്സാ പ്ലാനുകൾ ലഭ്യമാകും.
ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സാകാലയളവിലുള്ള മുഴുവൻ പ്ലേറ്റുകളും ആദ്യം തന്നെ പേഷ്യന്റിന് നൽകുന്നു. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ സമയത്ത് പ്ലേറ്റുകൾ മാറ്റി ഇടുന്നതുവഴി ചികിത്സ പൂർണമാകുന്നു.
ഇതിനാൽ തന്നെ ഈ ചികിത്സ വിദേശത്തു പോകുന്നവർക്കും വിദൂരപഠനത്തിന് പോകുന്നവർക്കും ആവശ്യമെങ്കിൽ ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കുക
പല്ലിന്റെ നിരതെറ്റലിൽ എല്ലാ ചികിത്സകൾക്കും അലൈനർ ഫലപ്രദമല്ല. ഡോക്ടറുടെ നിർദേശവും കൃത്യമായ ചികിത്സാപദ്ധതിയും മനസിലാക്കിയതിനു ശേഷം മാത്രം ഈ ചികിത്സ നടത്തുക.
പരിശോധനകൾ
എക്സ്-റേ പരിശോധന, ഫോട്ടോഗ്രാഫ്, മോഡൽ സ്റ്റഡി, ക്ലിനിക്കൽ ഇവാലുവേഷൻ എന്നിവ വഴി ഓരോരുത്തർക്കും കൃത്യമായ ചികിത്സകൾ ഡോക്ടർമാർ നിർദേശിക്കുന്നു.
ആവശ്യമായ സ്പേസ് ലഭ്യമാകാത്ത അവസ്ഥയിൽ പ്രീമോളാർ (ചെറിയ അണപ്പല്ലുകൾ) എടുത്ത് സ്പേസ് ഉണ്ടാക്കി ചികിത്സ നടത്താൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
ചികിത്സയുടെ ഒടുവിൽ ഈ സ്പേസ് പൂർണമായും അടയും.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 94472 19903.