ഒരു "AI' കുറ്റകൃത്യം
Saturday, June 29, 2024 1:38 PM IST
സങ്കേതികവിദ്യ അനുദിനം വളരുകയും ജനകീയമാവുകയും അതിന്റെ പ്രയോജനം നിത്യജീവിതത്തില്‍ നാം ഓരോരുത്തരും അനുഭവിക്കുകയും ചെയ്യു ന്പോഴും അതിനൊപ്പംതന്നെ ദൂഷ്യങ്ങളും വളരുന്നു. വലിയ വിദ്യാഭ്യാസമില്ലാത്തവര്‍ പോലും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങളിലേർപ്പെടുന്ന പ്രവണത വര്‍ധിച്ചുവരികയാണ്.
അതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണമാണ് കാസര്‍ഗോഡ് ജില്ലയിലെ ഒരു മലയോരഗ്രാമത്തില്‍ അടുത്തിടെ നടന്ന സംഭവം. പ്ലസ്ടു വിദ്യാഭ്യാസം പോലുമില്ലാത്ത മൂന്നു ചെറുപ്പക്കാര്‍ തങ്ങളുടെ ഗ്രാമത്തിലെ 150ല്‍പരം സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ നിര്‍മിച്ചു.
അതിന് ഉപയോഗിച്ചത് സാങ്കേതികവിദ്യരംഗത്തെ ഏറ്റവും പുതിയ താരമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ഒരുപക്ഷേ കേരളത്തില്‍ ഇതിനുമുമ്പ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടാകില്ല. ഒന്നരവര്‍ഷത്തിലേറെയായി നടന്നുകൊണ്ടിരുന്ന കുറ്റകൃത്യം അടുത്തിടെയാണ് ചിറ്റാരിക്കല്‍ പോലീസ് പിടികൂടുന്നത്.
പ്രതികളായ സിബിന് ലൂക്കോസ് (21), എബിന് ടോം ജോസഫ് (18), ജസ്റ്റിന് ജേക്കബ് (21) എന്നിവര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ ഐടി ആക്ട് 67 (എ) വകുപ്പ് പ്രകാരം കേസെടുത്തു. ഏഴുവര്‍ഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
സുഹൃത്ത് ഫോണ്‍ കണ്ടത് വഴിത്തിരിവായി
എബിന് ഈവര്‍ഷം നടന്ന പ്ലസ്ടു പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. സിബിനും ജസ്റ്റിനും സ്വകാര്യ ബസുകള്‍ കഴുകിയാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ജൂണ്‍ 11നാണ് ഇവരുടെ കുറ്റകൃത്യം ആദ്യമായി പുറംലോകമറിയുന്നത്.
സിബിന് തന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു. അവിചാരിതമായി സിബിന്റെ ഫോണെടുത്തു നോക്കിയപ്പോഴാണ് സുഹൃത്ത് ഞെട്ടിപ്പോയത്. ഫോണില്‍ തന്റെ അടുത്ത ബന്ധുവായ യുവതിയുടെ നഗ്നചിത്രം. കൂടാതെ നാട്ടിലെ വേറെയും ഒരുപാട് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍.
ഏതാനും ചിത്രങ്ങള്‍ തന്റെ ഫോണിലേക്ക് പകര്‍ത്തിയെടുത്ത് ഇയാള്‍ തന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തുന്നതിനു മുമ്പ് യുവാക്കള്‍ തങ്ങളുടെ ഫോണില്‍ നിന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു.
പോലീസ് ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത കാര്യം സൈബര്‍ സെല്ലിന്റെ പരിശോധനയിലൂടെ തെളിയിക്കാനാകുമെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.

ഫോട്ടോ കിട്ടാന്‍ പലവഴികള്‍
പല വഴികളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ചത്. ഫേസ്ബുക്കായിരുന്നു ഇതില്‍ പ്രധാനം. കൂടാതെ ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പള്ളിയില്‍ വരുന്നവരുടെയും ദുഃഖവെള്ളി ദിനത്തില്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്തവരുടെയും ചിത്രങ്ങള്‍ ഇവര്‍ പലപ്പോഴായി തങ്ങളുടെ ഡിജിറ്റല്‍ കാമറയില്‍ പകര്‍ത്തി.
ഇവരുടെ സ്കൂളില്‍ പഠിച്ച 40 ഓളം പെണ്‍കുട്ടികളുടെ ചിത്രം ഇതിലുണ്ടായിരുന്നു. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങള്‍ എഐ ബോട്ട് വഴി നഗ്നചിത്രങ്ങളാക്കി മാറ്റും. ഈ ചിത്രങ്ങള്‍ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ഒരു പ്രൈവറ്റ് അക്കൗണ്ട് തുടങ്ങി അതിലാണ് അപ്ലോഡ് ചെയ്തത്.
ഈ ഗ്രൂപ്പില്‍ മെംബര്മാരായിട്ടുള്ളവര്ക്ക് മാത്രമാണ് ഇതിലെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കുക. മെംബര്‍ഷിപ്പിന് ഇവര്‍ പണം വാങ്ങിയിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയതിനു പിന്നാലെ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാനായി വാര്‍ഡ് മെംബറുടെയും പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രദേശത്ത് യോഗം വിളിച്ചുചേര്‍ത്തിരുന്നു.
210 പേര് ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. പരാതിക്കാരുടെ സ്വകാര്യത സംരക്ഷിക്കുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും ഡിവൈഎസ്പി സിബി തോമസ് യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു. നിലവില്‍ നാലുപേര്‍ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്.