സൈബര്‍ തട്ടിപ്പ്; കേട്ടാൽ കണ്ണ് തള്ളും
സ്വന്തം ലേഖകന്‍
കോഴിക്കോട്: എത്ര തവണ കബളിപ്പിക്കപ്പെട്ടാലും മനസിലാകാത്തവരാണ് മലയാളികള്‍ എന്നതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. സൈബര്‍ തട്ടിപ്പിലും മറ്റും അകപ്പെട്ട് പലതവണ പണം നഷ്ടപ്പെട്ടാലും പിന്നെയും അതിന്റെ കുരുക്കുകളിൽ ചെന്നു ചാടും.
കോഴിക്കോട് നഗരത്തിലെ സൈബര്‍ തട്ടിപ്പിന്റെ കണക്കെടുത്താല്‍ കണ്ണു തള്ളിപ്പോകും. നഗരത്തിൽ അഞ്ചുമാസത്തിനുള്ളിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് അഞ്ചുകോടി രൂപയാണെന്നാണ് സൈബര്‍ പോലീസ് പറയുന്നത്.
ഡോക്ടർമാർ, വ്യാപാരികൾ, ഉദ്യോഗസ്ഥർ, ധനകാര്യസ്ഥാപനത്തിൽനിന്ന് വിരമിച്ചവർ തുടങ്ങിയവരിൽനിന്നടക്കം 244 പരാതികളാണ് ജനുവരിമുതൽ മേയ്വരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ചത്.
പരാതി നല്‍കിയവരുടെ കണക്ക് മാത്രമേ പോലീസിന്റെ പക്കലുള്ളു എന്ന മനസിലാക്കുമ്പോഴാണ് തട്ടിപ്പിന്റെ ആഴം എത്രയെന്ന് മനസിലാകുക. പറ്റിക്കപ്പെടുന്നത് കോഴിക്കോട്ടുകാരാണെന്നേയുള്ളു. പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇതരസംസ്ഥാനക്കാർ ഉള്‍പ്പെടെയുള്ളവരാണ്.
വ്യാജ കൊറിയർ കമ്പനികൾ, വ്യാജ ഷെയർ മാർക്കറ്റ് കമ്പനികൾ എന്നിവയുടെ പേരിലാണ് തട്ടിപ്പ് കൂടുതലും. ആധാർനമ്പറുകൾ, മൊബൈൽഫോൺ നമ്പറുകൾ എന്നിവ തട്ടിപ്പുകാർ സംഘടിപ്പിച്ചിട്ടുണ്ട്. തട്ടിപ്പുകാർ പലരും വിദേശത്തുള്ളവരാണ്.
കൊറിയർ കമ്പനിയിൽനിന്നാണെന്നു പറഞ്ഞ് മൊബൈൽ ഫോണിൽ വിളിച്ചശേഷം നിങ്ങൾക്കു വന്നിട്ടുള്ള പാഴ്സലിൽ ലഹരിവസ്തുക്കളായ എംഡിഎംഎ പോലുള്ള ചിലത് കണ്ടിട്ടുണ്ടെന്നും കേസാക്കാതിരിക്കാൻ പണം വേണമെന്നും പറയും.
വിസമ്മതിക്കുകയാണെങ്കിൽ വിവരം പോലീസിൽ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തും. ഓഹരിനിക്ഷേപത്തിന് അമിതലാഭം നേടാമെന്ന വാഗ്ദാനത്തിൽ മോഹിച്ച് പണം നൽകിയ രണ്ട് ഡോക്ടർമാർക്ക് 15 ലക്ഷവും 37 ലക്ഷവും വീതം നഷ്ടപ്പെട്ടു.
ധനകാര്യസ്ഥാപനത്തിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥന് അഞ്ചരലക്ഷം രൂപയും സമാനമായരീതിയിൽ നഷ്ടമായി.
മസാജിംഗ് കേന്ദ്രത്തിന്റെ ലിങ്ക് തുറന്നു, പണം പോയി
ഇൻസ്റ്റഗ്രാമിൽ മസാജ് കേന്ദ്രത്തിന്റെ പരസ്യം കണ്ട് വയനാട് സ്വദേശി പേർ രജിസ്റ്റർചെയ്തു. മൂന്നുതവണയായി ഇതിന്റെ ലിങ്കുകൾ തുറന്നതോടെ 7,198 രൂപ നഷ്ടമായി. ഒരു കടയിലെ ജീവനക്കാരന് 1.21 ലക്ഷവും നഷ്ടമായി.
ഇത്തരത്തിൽ കോഴിക്കോട്ടെ ഒരു നക്ഷത്രഹോട്ടലിന്റെ പേർ ദുരുപയോഗപ്പെടുത്തിയതിന് ഹോട്ടലധികൃതർ പോലീസിൽ പരാതി നൽകി. തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഉയരുന്നത്.
ചെറിയ രീതിയില്‍ പണം നഷ്ടപ്പെടുന്നവരാകട്ടെ പരാതി നല്കാന് മടിക്കുകയാണ്. സമൂഹത്തില്‍ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നവരും വിദ്യാസമ്പന്നരും തട്ടിപ്പില്‍ വീണുപോകുന്നുണ്ട്. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
എഐ തട്ടിപ്പ്... പ്രതികളെ പൊക്കാനായത് ഒരുവര്‍ഷത്തിനുശേഷം
രാജ്യത്തെതന്നെ ആദ്യത്തെ എഐ കാമറ തട്ടിപ്പ് നടന്നതും കോഴിക്കോട്ടാണ്. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഴുവന്‍ പ്രതികളും പിടിയിലായത്. 2023 ജൂലൈമാസത്തിലായിരുന്നു സംഭവം. കേസില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്.
പ്രധാന പ്രതി പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഇതരസംസ്ഥാനക്കാരായിരുന്നു മുഴുവന്‍ പ്രതികളും. നിർമിത ബുദ്ധിയിലെ ഡീപ് ഫേക്കിംഗ് സാങ്കേതിക വിദ്യയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
നഷ്ടമായ 40,000 രൂപ കേരളാ പോലീസിന്റെ സൈബർ വിഭാഗം കണ്ടെത്തിയത് വിദഗ്ധമായ അന്വേഷണത്തിനൊടുവിലായിരുന്നു. മഹാരാഷ്ട്ര രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്. അക്കൗണ്ട് കേരളാ പോലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തു.
നാല് തവണയായാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഡീപ്ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഹൃത്തിന്റെ മുഖം വ്യാജമായി നിർമിച്ച് വീഡിയോ കോൾ ചെയ്ത ശേഷം പണം തട്ടിയെടുക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് ചാലപ്പുറം സ്വദേശി പി.എസ്. രാധാകൃഷ്ണനാണ് പരാതി നൽകിയത്.
വാട്സാപ്പ് സന്ദേശത്തിൽ കുടുങ്ങി
മുമ്പ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിന്റെ പേരിൽ വീഡിയോ കോളിലെത്തി തട്ടിപ്പുകാരൻ പണം ആവശ്യപ്പെട്ടത്. രാത്രി പലവട്ടം ഫോൺ വിളി വന്നെങ്കിലും എടുത്തില്ല. പിന്നീട് നെറ്റ് ഓണ്‍ ചെയ്തപ്പോള്‍ അതേ നമ്പറില്‍നിന്നും വാട്സാപ്പ് സന്ദേശങ്ങള്‍ കണ്ടു.
കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു ഫോട്ടോ സഹിതമുള്ള സന്ദേശത്തിൽ പറഞ്ഞിരുന്നത്. പഴയ സുഹൃത്തുക്കളെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള സുഖവിവരം ആരാഞ്ഞതോടെ സുഹൃത്തുതന്നെയാണെന്ന് ഉറപ്പിച്ചു.
പിന്നാലെയാണ് ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയയ്ക്കായി കൂടെയുള്ള ആൾക്ക് 40,000 രൂപ അയയ്ക്കാൻ ആവശ്യപ്പെടുന്നത്. താൻ ദുബായിലാണെന്നും മുംബൈയിൽ എത്തിയാലുടൻ പണം നൽകുമെന്നായിരുന്നു വാഗ്ദാനം. പണം അയച്ചശേഷം വീണ്ടും പണം ആവശ്യപ്പെട്ടതാണ് രാധാകൃഷ്ണന് ഇത് സുഹൃത്ത് തന്നെയാണോ എന്ന സംശയം തോന്നിയത്.
ഒടുവിൽ സുഹൃത്തിന്റെ പഴയ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മനസിലായത്. മറ്റു സുഹൃത്തുക്കള്‍ക്കും ഇതേയാളുടെ പേരില്‍ പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരുന്നതായി മനസിലായതോടെ രാധാകൃഷ്ണൻ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.