ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
Tuesday, June 25, 2024 12:44 PM IST
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു. മദ്യത്തിന്റെയും നിരോധിത പാൻമസാലകളുടെയുമൊക്കെ സ്ഥാനത്ത് എംഡിഎംഎ അടക്കമുള്ള ന്യൂജെൻ മയക്കുമരുന്നുകളാണ് കേരളത്തിന്റെ ഭാവി തുലയ്ക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിനു പുറമെ അവയുടെ വിപണനത്തിനും കള്ളക്കടത്തിനും വിദ്യാർഥികളെ ലഹരിമാഫിയ കരുക്കളാക്കുന്നുവെന്നതിനുള്ള തെളിവാണ് എക്സൈസ് വകുപ്പിന്റെ കണക്കുകൾ.
ലഹരി കേസുകളിൽ ഉൾപ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ചു പഠനം നടത്തി എക്സൈസ് വകുപ്പ് കഴിഞ്ഞവർഷം പ്രകാശനം ചെയ്ത സർവേ റിപ്പോർട്ടിലെ കണ്ടെത്തലുകളും ആശങ്കയുളവാക്കുന്നതാണ്.
ഈ വർഷം ജനുവരി ഒന്നുമുതൽ മേയ് 31 വരെയുള്ള നാലു മാസ കാലയളവിൽ എക്സൈസ് രജിസ്റ്റർ ചെയ്തതിൽ വിദ്യാർഥികൾ മാത്രം പ്രതികളായ ലഹരിക്കേസുകൾ 70 എണ്ണമാണ്.
ഏകദേശം ഇതിനോടടുത്തു തന്നെയാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നേ കേസുകളും. തിരുവനന്തപുരം-അഞ്ച്, കോട്ടയം-45, എറണാകുളം-19, വയനാട്-ഒന്ന് എന്നിങ്ങനെയാണ് വിദ്യാർഥികൾക്കെതിരായി വിവിധ ജില്ലകളിൽ എക്സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ.
പരിശോധനയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ വരെ പിടിയിലാകാറുണ്ടെന്നാണ് എക്സൈസ് അധികൃതർ നൽകുന്ന സൂചന. ഇത്തരം ഭൂരിഭാഗംകേസുകളിലും കുട്ടികളുടെ ഭാവി ഓർത്ത് മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീതു നൽകി വിട്ടയക്കുകയാണ് പതിവ്.
2016 ൽ ഇടതുസർക്കാർ അധികാരത്തിലേറിയശേഷം സംസ്ഥാനത്തെ മദ്യ വിൽപനശാലകളുടെ എണ്ണം വർധിച്ചുവെങ്കിലും മദ്യ ഉപഭോഗത്തിൽ കുറവു വന്നത് പുതുതലമുറ ന്യൂജെൻ മയക്കുമരുന്നുകളിലേക്ക് തിരിഞ്ഞുവെന്ന സൂചനയാണ് നൽകുന്നത്.
മെറ്റാഫിറ്റാമിൻ, ആൽഫെറ്റാമിൻ, എൽഎസ്ഡിഎ, എംഡിഎംഎ തുടങ്ങിയ ന്യൂജെൻ മയക്കുമരുന്നുകളോ ടാണ് പുതുതലമുറയ്ക്കു താൽപര്യം. ഇതിനെ സാധൂകരിക്കുന്ന കണക്കുകളാണ് എക്സൈസ് വകുപ്പ്് നൽകുന്നത്.
കേരളത്തിൽ മദ്യ ഉപഭോഗം 2022-23 നെ അപേക്ഷിച്ച് 2023-24 വർഷത്തിൽ കുറവാണെന്നാണ് എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞ മറുപടിയിൽ നിന്നു വ്യക്തമാകുന്നത്. അതേ സമയം മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകൾ കൂടി വരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
വിദ്യാലയങ്ങളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 2022 -23 അക്കാദമിക് വർഷം 325 കേസുകൾ വിവിധ സ്കൂളുകളിൽ അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എക്സൈസ് എൻഫോഴ്സ്മെന്റ് അധികൃതരെ അറിയിച്ചത്.
മയക്കുമരുന്ന് കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താത്ത അധ്യാപകർക്കെതിരേ നടപടി എടുക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എക്സൈസ് റിപ്പോർട്ട് ഞെട്ടലായി
ലഹരി കേസുകളിൽ ഉൾപ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ചു പഠനം നടത്തി എക്സൈസ് വകുപ്പ് ഏതാനും മാസങ്ങൾക്കു മുന്‍പ് പ്രകാശനം ചെയ്ത സർവേ റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന ചില സൂചനകളുണ്ട്.
മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസിൽ താഴെയുള്ളവരായിരുന്നു.
155 പേർ കുറ്റാരോപിതരാണ്. 376പേർ വിമുക്തി ജില്ലാ ഡി അഡിക്ഷൻ കേന്ദ്രങ്ങളിലും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കൗണ്‍സിലിംഗ് സെന്ററുകളിലും ചികിത്സയ്ക്ക് എത്തിയവരാണ്. 69 പേർ ഇരു വിഭാഗങ്ങളിലും ഉൾപ്പെടുന്നു.
കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടവരോട് എക്സൈസ് ഉദ്യോഗസ്ഥരും ചികിത്സയ്ക്ക് എത്തിയവരിൽനിന്ന് മനഃശാസ്ത്ര വിദഗ്ധരുമാണ് വിവരം ശേഖരിച്ചത്. കുട്ടികളുടെ സ്വകാര്യത പൂർണമായി കാത്തുസൂക്ഷിച്ചുകൊണ്ടാണ് റിപ്പോർട്ട് തയാറാക്കിയത്.
സർവേയിലെ 97 ശതമാനം കൗമാരക്കാരും ഏതെങ്കിലും ലഹരി ഉപയോഗിച്ചവരാണ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൗണ്‍സലിംഗ്, ചികിത്സ എന്നിവയ്ക്ക് വിധേയരായ വ്യക്തികളിൽ 97 ശതമാനം പേർ ഒരു തവണയെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചവരാണെന്നാണ് കണ്ടെത്തിയത്.
സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും ഉപയോഗിച്ച പ്രധാന ലഹരി പദാർഥം കഞ്ചാവാണ്. ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്. 79 ശതമാനം വ്യക്തികൾക്കും സുഹൃത്തുക്കളിൽനിന്നാണ് ആദ്യമായി ലഹരി പദാർഥം ലഭിച്ചതെന്നും സർവേയിൽ വ്യക്തമായി.
കുടുംബാംഗങ്ങളിൽനിന്ന് ലഹരി ആദ്യമായി ലഭിച്ചവർ അഞ്ചു ശതമാനമാണ്. സർവേയുടെ ഭാഗമായവരിൽ 38.16 ശതമാനം പേർ ലഹരി വസ്തുക്കൾ കൂട്ടുകാർക്ക് കൈമാറിയിട്ടുള്ളവരാണ്. 70 ശതമാനം പേരും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ആദ്യമായി ലഹരി ഉപയോഗിച്ചത്. 15നും 19നും ഇടയിൽ ലഹരി ഉപയോഗം തുടങ്ങിയവർ 20 ശതമാനമാണ്.