സംഗീതലോകത്തെ "കണ്ണൂർ ബ്രദേഴ്സ്'
അനുമോൾ ജോയ്
അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തേക്ക് ചുവടുവച്ച മക്കൾ. ഇപ്പോൾ ഇവർ കൂടുന്നിടത്തെല്ലാം സംഗീതം അലയടിക്കും. ജന്മവാസനയായി കിട്ടിയ സംഗീതത്തിലാണ് കണ്ണൂർ സംഗീത് ഓർക്കസ്ട്രയുടെ അമരക്കാരായ മൂന്ന് സഹോദരങ്ങളുടെ ജീവിതം ഇന്ന്. സെൽവരാജ്, കണ്ണൂർ സംഗീത്, പ്രേം സൂരജ്.
30 വർഷമായി ഇവർ ഒരു സ്റ്റേജിൽ ഒരുമിച്ച് പരിപാടി അവതരിപ്പിക്കാൻ തുടങ്ങിയിട്ട്. സെൽവരാജ് തബല വായിക്കുമ്പോൾ പ്രേം സൂരജ് റിഥവും സംഗീത് കീബോർഡും വായിക്കും. മൂവരും പാട്ടുകളും ആലപിക്കാറുണ്ട്. ഇവരുടെ സഹോദരങ്ങളായ സജ്നയും ജസ്നയും പാട്ടുകാരാണ്.
ഒരുകാലത്ത് സംഗീതം കൊണ്ട് കേരളത്തിലെ ജനങ്ങളുടെ മനസ് കീഴടക്കിയ കണ്ണൂർ വത്സരാജിന്റെ അഞ്ച് മക്കളിൽ മൂന്ന് പേരാണ് ഇപ്പോൾ സംഗീതം ജീവശ്വാസമായി കൊണ്ടു നടക്കുന്നത്. സംഘം ഓർക്കസ്ട്ര എന്ന പേരിൽ വത്സരാജ് തുടങ്ങിയ ട്രൂപ്പ് ഇന്ന് കണ്ണൂർ സംഗീത് ഓർക്കസ്ട്ര എന്ന പേരിലേക്ക് മാറ്റി. കഴിഞ്ഞ 30 വർഷത്തിനിടെ അയ്യായിരത്തോളം പരിപാടികൾ മൂവർസംഘം അവതരിപ്പിച്ചു കഴിഞ്ഞു.
അച്ഛന്റെ പാത പിന്തുടർന്ന്
ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന കാലത്ത് ഇന്ത്യയിലെ ജനങ്ങൾ പുറത്തിറങ്ങാൻപോലും ഭയപ്പെട്ടിരുന്നു. അക്കാലത്ത് കേരളത്തിലെ ജനങ്ങളിലെ ഭീതിയകറ്റാനായി കേരളത്തിലുടെനീളം പാട്ട് പാടാനായി സർക്കാർ കണ്ണൂരിൽനിന്ന് നിയമിച്ചയാളാണ് വത്സരാജ്.
കേരളത്തിലുടെനീളം സഞ്ചരിച്ച് ഇയാൾ ജനങ്ങൾക്കിടയിൽ പാട്ടുപാടി. യുവതലമുറയ്ക്ക് കണ്ണൂർ വത്സരാജിനെക്കുറിച്ച് അത്ര അറിവില്ലെങ്കിലും പഴയ തലമുറയ്ക്ക് ഇദ്ദേഹത്തെ മറക്കാനാവില്ല. അന്നത്തെ യുവാക്കൾ പാടി നടന്ന "മണവാട്ടി പെണ്ണിന്റെ ചാരത്ത്'എന്ന് തുടങ്ങുന്ന മലബാറിലെ ആദ്യത്തെ മാപ്പിളപാട്ടിന്റെ സംഗീതം കണ്ണൂർ വത്സരാജാണ്.
കൂടാതെ നിരവധി സിനിമകളിലും ഇദ്ദേഹം സംഗീതം ചെയ്തിട്ടുണ്ട്. ഈ അച്ഛന്റെ പാത പിന്തുടർന്നാണ് അഞ്ചുമക്കളിൽ മൂന്ന് പേർ സംഗീതത്തിലേക്ക് തിരിഞ്ഞത്. ചെറുപ്പത്തിൽ അച്ഛന്റെ ശിക്ഷണത്തിലാണ് അഞ്ച് പേരും സംഗീതം പഠിച്ചത്.
സംഘത്തിൽനിന്ന് സംഗീതിലേക്ക്
കണ്ണൂരിലെ ജനങ്ങളിലേക്ക് പാട്ടുകൾ എത്തിക്കാനായി കണ്ണൂർ വത്സരാജ് തുടങ്ങിയതാണ് സംഘം ഓർക്കസ്ട്ര. ഈ ട്രൂപ്പിലൂടെ കേരളത്തിനകത്തും പുറത്തും ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. വത്സരാജിന്റെ മരണശേഷം മക്കൾ ഈ ട്രൂപ്പിന്റെ പേര് കണ്ണൂർ സംഗീത് ഓർക്കസ്ട്രയെന്ന് മാറ്റി.
തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി നിരവധി പരിപാടികളാണ് ആ സഹോദരങ്ങൾ ചേർന്ന് അവതരിപ്പിച്ചത്. അച്ഛന്റെ പകർന്നു നല്കിയ സംഗീതമാണ് ഇവരുടെ സഹോദരബന്ധത്തിന്റെ അടിസ്ഥാനം.
അച്ഛനെ പോലെ മ്യൂസിക് ഡയറക്ടറാണ് ആൺമക്കളിൽ രണ്ടാമനായ സംഗീത്. മൂന്നാം പ്രളയം, സീൻ നമ്പർ 36 മാളവിക വീട്, കൊണ്ടോട്ടി പൂരം തുങ്ങി നാല് പടങ്ങളിൽ സംഗീത് മ്യൂസിക് ഡയറക്ടറായിരുന്നു.
കൂടാതെ ഇനി പുറത്തിറങ്ങാനിരിക്കുന്ന നിരവധി പടങ്ങളിലും മ്യൂസിക് ഡയറക്ടറാണ്. അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തിലേക്ക് എത്താൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് സംഗീത് പറഞ്ഞു.