മഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ: സ്വയംചികിത്സ ഒഴിവാക്കാം
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാര്യം ചെയ്യാറുള്ളത്. അതിന്റെ ഭാഗമായി ഇങ്ങനെയുള്ളവർ മരുന്നുകടയിൽ പോയി രോഗവിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണ് ചെയ്യാറുള്ളത്.
ഈ സ്വഭാവമാണ് പലപ്പോഴും രോഗങ്ങൾ സങ്കീർണമാകാനും ഗുരതരാവസ്ഥയിൽ എത്തിയ ശേഷം ചികിത്സ തേടാനും കാരണമായി മാറാറുള്ളത്. ശ്വാസകോശ രോഗങ്ങളും സന്ധിവാത രോഗങ്ങളും ഉള്ളവരിൽ പലർക്കും മഴക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരിക്കും.
മുൻകരുതൽ...
അൽപം ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. മഴക്കാല രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന വൈറല്‍ പനികളില്‍ ചികിത്സാനന്തര ദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.
ആഹാരക്രമീകരണം, ലളിതവും സുരക്ഷിതവുമായ മരുന്നുകള്‍, വിശ്രമം എന്നിവയിലൂടെ തന്നെ ഇതൊക്കെ സുഖപ്പടുത്താന്‍ കഴിയുമെന്നാണ് വൈദ്യശാസ്ത്രം
പറയുന്നത്.
• കുടിവെള്ളം നന്നായി തിളപ്പിച്ചതായിരിക്കണം. ഇഞ്ചിയോ മഞ്ഞളോ ചതച്ചിട്ട് തിളപ്പിച്ച വെള്ളമായിരിക്കും നല്ലത്.
• ആഹാരവും വെള്ളവും ചൂടോടെ മാത്രം കഴിക്കണം
• ആഹാരങ്ങൾ തുറന്നുവയ്ക്കരുത്.
• വ്യക്തിശുചിത്വം പാലിക്കാൻ ശ്രദ്ധിക്കുക
• ടവലുകൾ, അടുക്കളയിൽ ഉപയോഗിക്കുന്ന തുണി, തവി, സ്പൂൺ, പാത്രങ്ങൾ... ഓരോ പ്രാവശ്യം ഉപയോഗിച്ച ശേഷവും സോപ്പ് ഉപയോഗിച്ച് കഴുകണം.
• പുറത്ത് നിന്നുള്ള ആഹാരങ്ങൾ ഒഴിവാക്കുക, പ്രത്യേകിച്ച് കൊണ്ടുനടന്ന് വിൽക്കുന്നവ.
• ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
• രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നന്നായി പുതയ്ക്കണം
• തണുപ്പുള്ള പ്രതലത്തിലോ തറയിലോ കിടക്കരുത്.
• കഴിയുന്നത്ര മഴ നനയാതെ സൂക്ഷിക്കുക
• അമിതമായി അധ്വാനിക്കാതിരിക്കുക
• സന്ധികളിൽ വേദന അനുഭവപ്പെടുകയാണെങ്കിൽ ചൂട് പിടിക്കുക.
• കുളി കഴിഞ്ഞ ഉടനെ ഒരു ഗ്ളാസ് ചൂട് വെള്ളം കുടിക്കുക.
• കുളിക്കുമ്പോൾ സോപ്പ് കഴുകിക്കളഞ്ഞ് തോർത്തുന്നതിന് മുൻപ് ഒരു ബക്കറ്റ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ഉപ്പ് ചേർത്ത്
ശരീരത്തിൽ ഒഴിക്കുക.
• ആഹാരം കഴിഞ്ഞ ഉടനെ പല്ല് തേച്ച് ഒരു ഗ്ളാസ് ചൂടുവെള്ളത്തിൽ ഒരു കല്ല് ഉപ്പ് ചേർത്ത് കവിൾകൊള്ളുക.
• മാനസിക സംഘർഷം ഒഴിവാക്കുക.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393