സോഷ്യല്‍ മീഡിയ ഉപയോഗവും ഉറക്കവും; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട...
സോഷ്യല്‍ മീഡിയയാണ് ഇപ്പോള്‍ എല്ലാം. അറിവും ഉല്ലാസവുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആളുകളിലേക്ക് എളുപ്പത്തില്‍ എത്തുന്നു.
എല്ലാവര്ക്കും അവരവരുടെ വിരല്‍ത്തുമ്പില്‍ കാര്യങ്ങള്‍ എത്തുമെന്നതു മാത്രമല്ല, കിടപ്പറയില്‍വരെ ഇതിന്റെ സ്വാധീനം ഉണ്ടെന്നതാണ് ശ്രദ്ധേയം.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യും.
ഉത്കണ്ഠ, വിഷാദം, സമ്മര്‍ദം തുടങ്ങിയ മോശം മാനസികാരോഗ്യ ഫലങ്ങളിലേക്ക് സോഷ്യല്‍ മീഡിയ നമ്മളെ നയിച്ചേക്കാം.
സോഷ്യല്‍ മീഡിയ നിങ്ങളുടെ മാനസികാരോഗ്യത്തെ മാത്രമല്ല, നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും ബാധിക്കും.
സോഷ്യല്‍ മീഡിയയ്ക്ക് നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാന്‍ കഴിയും. അത് എങ്ങനെയെന്ന് നോക്കാം...
നീല വെളിച്ചം, കോഗ്നിറ്റീവ് ഉത്തേജനം
സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്, കംപ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ നീല വെളിച്ചം പുറപ്പെടുവിക്കുന്നു. ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്‍ ഉല്പാദനത്തെ തടസപ്പെടുത്തും.
മെലറ്റോണിന്‍ ഉല്പാദനം കുറയുന്നതോടെ ഉറങ്ങാന്‍ ബുദ്ധിമുട്ടാക്കുകയും മൊത്തത്തിലുള്ള ഉറക്ക ചക്രം തടസപ്പെടുകയും ചെയ്യും.
വായിക്കുക, വീഡിയോകള്‍ കാണുക, മറ്റുള്ളവരുമായി ഇടപഴകുക തുടങ്ങിയ സോഷ്യല്‍ മീഡിയ പരിപാടികള്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും കൂടുതല്‍ സജീവമാക്കുകയും ചെയ്യും.
ഇത് വര്‍ധിച്ച വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് (കോഗ്നിറ്റീവ് ഉത്തേജനം) കാരണമാകുന്നു. ഇത് ഉറക്കത്തിന് തടസമാകും.
വൈകാരികമായ ഉണര്‍വ്
ആവേശമോ ദേഷ്യമോ ഉത്കണ്ഠയോ സങ്കടമോ ആകട്ടെ, സോഷ്യല്‍ മീഡിയ ശക്തമായ വൈകാരിക പ്രതികരണങ്ങള്‍ക്ക് വഴി തെളിക്കും.
ഉയര്‍ന്ന വികാരങ്ങള്‍ സമ്മര്‍ദം വര്‍ധിപ്പിക്കുകയും വിശ്രമിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ഇതും ഉറക്കത്തെ ബാധിക്കും.
അപ്ഡേറ്റുകള്‍ക്കായി സോഷ്യല്‍ മീഡിയ നിരന്തരം പരിശോധിക്കുന്നത് ഉത്കണ്ഠ സൃഷ്ടിക്കും. ഉത്കണ്ഠ ഒരാളുടെ വിശ്രമത്തെയും ഉറക്കത്തെയും ബാധിക്കും.
വേദനാജനകമായ വാര്‍ത്തകള്‍, സൈബര്‍ ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ നിഷേധാത്മകമായ അഭിപ്രായങ്ങള്‍ എന്നിവ മാനസികാവസ്ഥയെ ബാധിക്കും.
നെഗറ്റീവ് വികാരങ്ങള്‍ സമ്മര്‍ദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിച്ചേക്കാം. ഫലത്തില്‍ ഇതും ഉറക്കത്തെയും ശരീരത്തിന്റെ വിശ്രമത്തെയും പ്രതികൂലമായി ബാധിക്കും.
ശാരീരിക അസ്വസ്ഥത
ഉപകരണങ്ങളുടെ ദീര്‍ഘകാല ഉപയോഗം കണ്ണിന് ബുദ്ധിമുട്ട്, തലവേദന, കഴുത്ത് വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമാകും. ശാരീരിക അസ്വസ്ഥത ഉറക്കത്തെ ബാധിക്കും.
രാത്രി വൈകി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ഉദ്ദേശിച്ചതിലും വൈകി ഉറങ്ങാന്‍ ഇടയാക്കുകയും നിങ്ങളുടെ സ്വാഭാവിക ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം ഉറക്കത്തിന് ലഭ്യമായ സമയം കുറയ്ക്കും.
ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയുന്നത് ഉറക്കക്കുറവിലേക്ക് നയിക്കുകയും ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.