തൈറോയ്ഡും ഗര്‍ഭധാരണവും; അറിയാം ഇക്കാര്യങ്ങള്‍...
തൈറോയ്ഡല്ലേ കുഴപ്പമുള്ള കാര്യമല്ലല്ലോ എന്നാണെങ്കില്‍ നിങ്ങള്‍ക്കു തെറ്റി; തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവും മനുഷ്യന്റെ പ്രത്യുത്പാദനക്ഷമതയും തമ്മില്‍ ബന്ധമുണ്ട്.
അതുകൊണ്ടുതന്നെ തൈറോയ്ഡ് ചികിത്സ നിര്‍ണായകമാണ്. നേരത്തേ തിരിച്ചറിഞ്ഞാല്‍ പ്രത്യുത്പാനക്ഷമതയെ ബാധിക്കാതെ ഇത് കൈകാര്യം ചെയ്യാവുന്നതാണ്.
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന വൈകല്യമാണ് തൈറോയ്ഡ് രോഗം. കഴുത്തിന് മുന്നിലുള്ള തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്.
തൈറോയ്ഡ് പ്രവര്‍ത്തനം സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളില്‍, പ്രത്യുത്പാദന ആരോഗ്യമാണ് ഏറ്റവും പ്രധാനം.
തൈറോയ്ഡും ഗര്‍ഭധാരണവും
ഐവിഎഫ്(ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) പോലുള്ള പ്രത്യുത്പാദന സാങ്കേതികവിദ്യകള്‍ക്ക് വിധേയമാകുന്ന ആളുകള്‍ക്ക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിര്‍ണായകമാണ്. തൈറോയ്ഡ് ഹോര്‍മോണുകള്‍ മെറ്റബോളിസം, ഊര്‍ജ നില, പ്രത്യുത്പാദന ചക്രം എന്നിവ നിയന്ത്രിക്കുന്നു.
ഹൈപ്പര്‍ ആക്റ്റിവിറ്റി(ഹൈപ്പര്‍തൈറോയിഡിസം) അല്ലെങ്കില്‍ ഹൈപ്പോ ആക്റ്റിവിറ്റി(ഹൈപ്പോതൈറോയിഡിസം) മൂലമുണ്ടാകുന്ന തൈറോയ്ഡ് അപര്യാപ്തത പ്രത്യുത്പാദനക്ഷമതയിലും ഗര്‍ഭധാരണത്തിലും നിര്‍ണായക സ്വാധീനം ചെലുത്തും.
ചികിത്സിക്കാത്ത തൈറോയ്ഡ് പ്രശ്നങ്ങളുള്ള സ്ത്രീകള്‍ക്ക് സാധാരണ തൈറോയ്ഡ് പ്രവര്ത്തനമുള്ളവരേക്കാള് ഇംപ്ലാന്റേഷന് നിരക്ക് കുറവായിരിക്കാം. ഗര്‍ഭം അലസല്‍ നിരക്ക് കൂടുതലും ജനനനിരക്ക് കുറവുമായിക്കും എന്നും വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
സ്ത്രീകളിലെ തൈറോയ്ഡ് പ്രശ്നങ്ങള്‍
സ്ത്രീകളില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ മൂലം ചില പ്രത്യേക അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. ക്രമരഹിതമായ ആര്‍ത്തവം, അണ്ഡോത്പാദന പ്രശ്നങ്ങള്‍, ഗര്‍ഭം അലസാനുള്ള സാധ്യത എന്നിവയാണ് ഇതില്‍ ചിലത്.
ഐവിഎഫിന് വിധേയരായ ദമ്പതികള്‍ തൈറോയ്ഡ് പ്രവര്‍ത്തനം അറിയേണ്ടത് പ്രധാനമാണ്. ഹൈപ്പോ, ഹൈപ്പര്‍തൈറോയിഡിസം എന്നിവ ഐവിഎഫ് വിജയ നിരക്കിനെ തടസപ്പെടുത്തും എന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
തൈറോയ്ഡും പുരുഷ പ്രശ്നങ്ങളും
സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും തൈറോയ്ഡ് പ്രശ്നങ്ങള്‍ പ്രത്യുത്പാദനക്ഷമതയെ ബാധിക്കും. പുരുഷന്മാരില് മോശം തൈറോയ്ഡ് പ്രവര്‍ത്തനം ബീജത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കുന്നതിന് കാരണമാകുന്നു.
ഇതും ഐവിഎഫ് പോലുള്ള അവസാന ഘട്ട ചികിത്സയുടെ ഫലത്തെ സ്വാധീനിച്ചേക്കാം. അതിനാല്‍, ഐവിഎഫ് പരീക്ഷിക്കുന്നതിന് മുമ്പ് ദമ്പതികളില്‍ തൈറോയ്ഡ് പ്രവര്‍ത്തനം ചികിത്സിക്കുന്നത് ഫലം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്.
നേരത്തേ കണ്ടെത്തി ചികിത്സിക്കാം
തൈറോയ്ഡ് പ്രശ്നങ്ങള്‍ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നത് വളരെ ലളിതമാണ്. തൈറോയ്ഡ്-സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (ടിഎസ്എച്ച്) ഫ്രീ തൈറോക്സിന്‍ (എഫ്ടി 4), അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ട്രൈയോഡോതൈറോണിന് എന്നിവ അളക്കുന്ന രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് കണ്ടെത്താനാകും.
ചികിത്സിച്ച് ഭേദമാക്കാവുന്ന പ്രത്യേക അവസ്ഥമാത്രമാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി ഉള്‍പ്പെടെ വിവിധ ചികിത്സ ഇതിനായുണ്ട്.
പ്രായം, ജീവിതശൈലി, അടിസ്ഥാന മെഡിക്കല്‍ വൈകല്യങ്ങള്‍ തുടങ്ങിയ പ്രത്യുത്പാദനക്ഷമതയുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങള്‍ക്കൊപ്പം തൈറോയ്ഡ് പ്രശ്നവും ചികിത്സിക്കുന്നതിലൂടെ ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റുകള്‍ക്ക് വിജയകരമായി മാറ്റിയെടുക്കാവുന്നതാണ്.