ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നത്...
‘മിനി-സ്ട്രോക്ക്’ അല്ലെങ്കിൽ ടിഐഎയുടെ (ക്ഷണികമായ ഇസ്കെമിക് ആക്രമണം -Transient ischemic attack) കാരണങ്ങളും അപകട ഘടകങ്ങളും ഇസ്കെമിക് സ്ട്രോക്കിലെ പോലെ തന്നെയാണ്.
ഒരു ടിഐഎ ചിലപ്പോൾ നിങ്ങൾക്ക് ഉടൻ ഇസ്കെമിക് സ്ട്രോക്ക് ഉണ്ടാകുമെന്നതിന്റെ മുന്നറിയിപ്പാവാം. സ്ട്രോക്ക് പോലെ തോന്നുന്ന ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, സമയം കളയരുത്. തിടുക്കത്തിൽ വൈദ്യസഹായം നേടുക.
ഇസ്കെമിക് സ്ട്രോക്ക്
തലച്ചോറിലേക്ക് രക്തം നൽകുന്ന ഒരു രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് തടയപ്പെടുമ്പോൾ ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നു. മിക്ക സ്ട്രോക്കുകളും ഇത്തരത്തിലുള്ളതാണ്.
ലക്ഷണങ്ങൾ
മസ്തിഷ്കത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലക്ഷണങ്ങൾ.
1. പലപ്പോഴും ശരീരത്തിന്റെ ഒരു വശത്ത്...മുഖം, കൈ, അല്ലെങ്കിൽ കാലുകൾ എന്നിവയുടെ പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കിൽ ബലഹീനത
2. ആശയക്കുഴപ്പം
3. മറ്റുള്ളവരോട് സംസാരിക്കുന്നതിനോ സംസാരം മനസിലാക്കുന്നതിനോ ഉള്ള പ്രശ്നങ്ങൾ
4. തലകറക്കം, ബാലൻസ് അല്ലെങ്കിൽ ഏകോപനം നഷ്ടപ്പെടൽ, അല്ലെങ്കിൽ നടക്കാൻ ബുദ്ധിമുട്ട്
5. കാഴ്ചനഷ്ടം അല്ലെങ്കിൽ ഒരു വസ്തുവിനെ രണ്ടായി കാണുക.
കാരണങ്ങൾ
പ്ലാക്ക് എന്ന ഫാറ്റി പദാർഥം നിങ്ങളുടെ ധമനികളിൽ ശേഖരിക്കപ്പെടുകയും അവയെ ചുരുക്കുകയും ചെയ്യുന്നു. ഇത് രക്തപ്രവാഹം മന്ദഗതിയിലാക്കുന്നു.
ഇസ്കെമിക് സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്ന മറ്റ് കാര്യങ്ങൾ:
*ഏട്രിയൽ ഫൈബ്രിലേഷൻ
*ഹൃദയാഘാതം
*ഹൃദയവാൽവുകളുടെ പ്രശ്നം
*കഴുത്തിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന പരിക്ക്
*രക്തം കട്ടപിടിക്കുന്ന പ്രശ്നം
ഇസ്കെമിക് സ്ട്രോക്ക് രണ്ടുവിധം
ത്രോംബോട്ടിക് സ്ട്രോക്ക്
തലച്ചോറിലേക്ക് രക്തം നൽകുന്ന ധമനിയിൽ രൂപംകൊള്ളുന്ന രക്തക്കട്ട മൂലമാണ് ഇതു ണ്ടാകുന്നത്.
എംബോളിക് സ്ട്രോക്ക്
ശരീരത്തിൽ മറ്റെവിടെയെങ്കിലും രക്തം കട്ടപിടിച്ച് തലച്ചോറിലേക്ക് രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്. അത് അവിടെ കുടുങ്ങി രക്തപ്രവാഹം നിർത്തുന്നു.
ഏട്രിയൽ ഫൈബ്രിലേഷൻ ഹൃദയത്തിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതു പിന്നീട് തലച്ചോറിലേക്കു പോകാം.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected]