ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
എസ്. റൊമേഷ്
രാജ്യത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുണ്ട്. ഇന്നുവരെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് ബിജെപി നേതാവ് ഗോപിനാഥ് മുണ്ടേയുടെ മകൾ ഡോ. പ്രീതം മുണ്ടേയ്ക്കാണ്.
അത് 6.96 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു. എന്നാൽ വളരെ ചെറിയ ഭൂരിപക്ഷത്തിൽ ലോക്സഭയിലേക്ക് കടന്നുകൂടിയവരുമുണ്ട്. കഷ്ടിച്ചുള്ള രക്ഷപ്പെടൽ എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.
നേരത്തെയൊക്കെയാണ് ഇങ്ങനെ നിസാര വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുന്നതെങ്കിൽ വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളുമൊക്കെ ശരിക്കും പെട്ടുപോയേനെ.
കാരണം മറ്റൊന്നുമല്ല, തീർച്ചയായും നിസാര വോട്ടിന് തോൽക്കുന്ന സ്ഥാനാർഥി റീകൗണ്ടിംഗ് ആവശ്യപ്പെടും. ബാലറ്റ് പേപ്പറാണെങ്കിൽ വീണ്ടും ഓരോന്നും പരിശോധിച്ച് വീണ്ടും എണ്ണിത്തീരുന്പോഴേക്കും ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ നടുവൊടിയും.
റീകൗണ്ടിംഗിൽ വ്യത്യാസം വന്നാൽ തർക്കം രൂക്ഷമാകുകയും ചെയ്യും. വോട്ടിംഗ് യന്ത്രങ്ങളായതിനാൽ കാര്യങ്ങൾ ഇപ്പോൾ എളുപ്പമാണ്. യന്ത്രങ്ങളിലെ വോട്ട് റീകൗണ്ടിംഗ് നടത്തിയാലും വ്യത്യാസം വരില്ല.
ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ഒന്പതു വോട്ടുകളാണ്. രണ്ടു പേരാണ് ഇങ്ങനെ ഒന്പതു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലോക്സഭയിൽ എത്തിയിട്ടുള്ളത്.
ബിഹാറിലെ രാജ്മഹൽ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചെത്തിയ ബിജെപി സ്ഥാനാർഥി സോം മറാൻഡിയാണ് ഒരു ഭാഗ്യവാൻ. ആകെ 9.5 ലക്ഷത്തിലേറെ വോട്ടറന്മാരുള്ള ഈ മണലത്തിൽ ശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്.
സോം മറാൻഡി 1,98,889 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത കോൺഗ്രസ് സ്ഥാനാർഥി തോമാസ് ഹാൻസ്ഡ 1,98,880 വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്തെത്തിയ ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാനാർഥി സൈമൺ മിറാൻഡി ഒന്നര ലക്ഷത്തിലേറെ വോട്ടുകൾ നേടി.
ആന്ധയിലെ അനകപാലി ലോക്സഭാ മണ്ഡലത്തിൽനിന്ന് 1989ൽ കോൺഗ്രസ് സ്ഥാനാർഥി കോന്താല രാമകൃഷ്ണയും ലോക്സഭയിലെത്തിയത് ഒന്പതു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ്.
കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കോന്തല രാമകൃഷ്ണ 2,99,109 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത തെലുങ്കുദേശം സ്ഥാനാർഥി അപ്പാല നരസിംഹം 2,99,100 വോട്ടുകൾ നേടി. മണ്ഡലത്തിൽ ആകെ 8.93 ലക്ഷം വോട്ടർമാരാണ് ഉണ്ടായിരുന്നത്.
1996ൽ ഗുജറാത്തിലെ ബറോഡ ലോക്സഭാ മണ്ഡലത്തിൽനിന്നു വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി ഗെയ്ക്ക്വാദ് സത്യജിത്ത് സിംഗിനു ലഭിച്ചത് 17 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഗെയ്ക്ക്വാദ് 1,31,248 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത ബിജെപി സ്ഥാനാർഥി ജിതേന്ദ്ര രതിലാൽ നേടിയത് 1,31,231 വോട്ടുകൾ.
1971ൽ തമിഴ്നാട്ടിലെ തിരിച്ചെന്തൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് ഡിഎംകെ സ്ഥാനാർഥിയായിരുന്ന എം.എസ്. ശിവസ്വാമി വിജയിച്ചത് 26 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ശിവസ്വാമിക്ക് 2,02,783 വോട്ടുകൾ ലഭിച്ചപ്പോൾ സ്വതന്ത്രാ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച എം. മത്തിയാസ് 2,02,757 വോട്ടുകൾ നേടി.
2014ൽ ലഡാക്കിലെ ബിജെപി സ്ഥാനാർഥി തുപ്സാൻ ച്യൂസാങ് വിജയിച്ചത് 36 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. വോട്ടർമാർ കുറവുള്ള മണ്ഡലമായ ലഡാക്കിൽ നടന്ന വാശിയേറിയ ചതുഷ്കോണ മത്സരത്തിൽ തുപ്സാൻ 31,111 വോട്ടുകൾ നേടിയപ്പോൾ സ്വന്ത്രനായ ഗുലാം റാസ 31,075 വോട്ടുകൾ നേടി.
മറ്റൊരു സ്വതന്ത്രൻ 28,234 വോട്ടുകൾ നേടിയപ്പോൾ നാലാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥിക്കു ലഭിച്ചത് 26,402 വോട്ടുകൾ മാത്രമാണ്. 1962ൽ മണിപ്പൂരിലെ ഔട്ടർ മണിപ്പൂർ മണ്ഡലത്തിൽ നിന്നു വിജയിച്ച മണിപ്പുർ സോഷ്യലിസ്റ്റ് പാർട്ടിയിലെ റിഷാംഗ് കെയ്ഷിംഗിനു ലഭിച്ചത് 42 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
റിഷാംഗ് 35,609 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത കോൺഗ്രസ് സ്ഥാനാർഥി സിബോ ലഹ്റോയ്ക്ക് ലഭിച്ചത് 35,579 വോട്ടുകൾ. 2004ലെ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽനിന്നു യുണൈറ്റഡ് ജനതാദൾ സ്ഥാനാർഥിയായ പി. പൂക്കുഞ്ഞിക്കോയ വിജയിച്ചത് 71 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
പൂക്കുഞ്ഞിക്കോയ 15,597 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത കോൺഗ്രസ് സ്ഥാനാർഥി പി.എം. സെയ്ദിനു 15,526 വോട്ടുകളാണ് ലഭിച്ചത്. 1980 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ദിയോറിയ ലോക്സഭാ മണ്ഡലത്തിൽനിന്നു വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി രാമായൺ സിംഗിന്റെ ഭൂരിപക്ഷം 77 വോട്ടുകളായിരുന്നു.
രാമായൺ സിംഗിന് 1,10,014 വോട്ടുകൾ ലഭിച്ചപ്പോൾ തൊട്ടടുത്ത ജനതാപാർട്ടി സ്ഥാനാർഥി രാംധാരി ശാസ്ത്രിക്കു ലഭിച്ചത് 1,09,937 വോട്ടുകളായിരുന്നു. 1999ൽ യുപിയിലെ ഖതംപുരിൽനിന്നു മത്സരിച്ച ബിഎസ്പി സ്ഥാനാർഥി പ്യാരേലാൽ സംഘ്വാർ വിജയിച്ചത് 105 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
1994ൽ പഞ്ചാബിലെ ലുധിയാന മണ്ഡലത്തിൽനിന്നു വിജയിച്ച ശിരോമണി അകാലിദൾ സ്ഥാനാർഥിയായിരുന്ന മേവാ സിംഗിനു ലഭിച്ചത് 140 വോട്ടുകളുടെ ഭൂരിപക്ഷമാണ്. നിസാര വോട്ടിനു തോറ്റ സ്ഥാനാർഥികളുടെയും അണികളുടെ കാര്യമാണ് കഷ്ടം. ജീവിതകാലം മുഴുവൻ അവർ അക്കാര്യമോർത്ത് പരിതപിച്ചുകൊണ്ടിരിക്കും.
കാരാണം ഒന്നു കൂടി ഒത്തുപിടിച്ചിരുന്നെങ്കിൽ തങ്ങൾക്കു കടന്നുകൂടാമായിരുന്നു. എംപിയായാലുള്ള സമൂഹത്തിലെ പദവിയും ലക്ഷക്കണക്കിനു രൂപയുടെ ആനുകൂല്യങ്ങളും പേഴ്സണൽ സ്റ്റാഫുമെല്ലാം ഓർത്താൽ അവർക്കെങ്ങനെയാണ് ഉറക്കം വരിക.