ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
ബിജു പാരിക്കാപ്പള്ളി
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വദേശി അഭിലാഷ് മാത്യു 6119 മീറ്റർ ഉയരത്തിലുള്ള ഈസ്റ്റ് ലബൂഷെ പർവതത്തിലും ഇന്ത്യൻ പതാകയുയർത്തി. എവറസ്റ്റ് കീഴടക്കുന്നതിന് മുന്നോടിയായാണ് ഈസ്റ്റ് ലബൂഷെ പർവതം അഭിലാഷ് കീഴടക്കിയത്.
ഈസ്റ്റ് ലബൂഷെ പർവതം കീഴടക്കിയ അഭിലാഷ് മാത്യു തന്റെ സഞ്ചാര അനുഭവം രാഷ്ട്രദീപികയോട് പങ്കുവച്ചപ്പോൾ. കാഠ്മണ്ഡുവിൽനിന്നു പർവത നിരകൾക്കിടയിലെ ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച അഞ്ച് എയർപോർട്ടുകളിൽ ഒന്നായ ലുക്ലയിൽനിന്ന് എട്ടു ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് എവറസ്റ്റ് ബേസ് ക്യാന്പിലെത്തുക.
ലുക്ലയിൽ നിന്നാരംഭിച്ച ആദ്യദിവസം നാലുമണിക്കൂർ ട്രക്കിംഗിന് ഒടുവിൽ 2,860 മീറ്റർ ഉയരത്തിലുള്ള ഫാക്ടിംഗിലും രണ്ടാമത്തെ ദിവസം അഞ്ചോളം പുഴകൾ കടന്ന് ഏഴുമണിക്കൂർ യാത്ര ചെയ്ത് 3440 മീറ്റർ ഉയരത്തിൽ നാംചെ ബസാറിൽ യാത്ര അവസാനിപ്പിച്ചു.
മൂന്നാമത്തെ ദിവസം കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ 3880 മീറ്റർ ഉയരംവരെ കയറി തിരിച്ചിറങ്ങി നാംചെ ബസാറിൽ തന്നെ തങ്ങി. നാലാമത്തെ ദിവസം ആറുമണിക്കൂർ യാത്ര 3867 മീറ്റർ ഉയരത്തിൽ ഡെങ്ങ് ബോച്ചെ.
അഞ്ചാം ദിവസം അഞ്ച് മണിക്കൂർ യാത്ര 4410 മീറ്റർഉയരത്തിലുള്ള ഡിങ്ങ്ബൂച്ചെയിൽ.ആറാമത്തെ ദിവസം 5000 മീറ്റർ ഉയരത്തിൽ നാഗാർജുന പർവതം കയറി തിരിച്ചിറങ്ങി.
ഏഴാമത്തെ ദിവസം ആറുമണിക്കൂറോളം നടന്ന് 4940 മീറ്റർ ഉയരത്തിൽ ലുംബൂച്ചേയിൽ എത്തുമ്പോൾ ഓക്സിജൻ ലെവൽ കുറഞ്ഞുതുടങ്ങി.
എട്ടാമത്തെ ദിവസം 5270 മീറ്റർ ഉയരത്തിലുള്ള ഗൊരക്ക് ഷെപ്പിൽ ഒരുമണിക്കൂർ വിശ്രമത്തിന് ശേഷം 5364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തി വീണ്ടും ഗൊരക്ക് ഷെപ്പിലേക്ക് മടങ്ങി.
ഒൻപതാമത്തെ ദിവസം 5545 മീറ്റർ ഉയരത്തിൽ കലാപത്തർ അവിടെനിന്നും ബേസ് ക്യാമ്പായ ലുംബൂച്ചേയിൽ തിരിച്ചെത്തി. അന്നുതന്നെ 5400 മീറ്റർ ഉയരത്തിലുള്ള ലബൂഷെ ഹൈ ക്യാമ്പിൽ എത്തി.
ലബൂഷെ കൊടുമുടിയുടെ മുകളിലേക്ക്
എവറസ്റ്റ് കയറണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു പർവതാരോഹകനും ആദ്യം കയറേണ്ട പർവതമാണ് ലബൂഷെ പർവതം. 6119 മീറ്റർ ഉയരത്തിൽ മഞ്ഞു മൂടിയ പർവതത്തിലേക്കുള്ള യാത്ര അതീവ അപകടം നിറഞ്ഞതാണ്. ഒരു മഞ്ഞുപാളി തെന്നിമാറിയൽ അപകടം ഉറപ്പാണ്.
പത്താമത്തെ ദിവസം പുലർച്ചെ രണ്ടിന് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ റോപ്പിലൂടെ പിടിച്ച് ഉപകരണങ്ങളുടെ സഹായത്തോടെ ലബൂഷെ പീക്കിലെത്തി ഇന്ത്യൻ പതാക ഉയരുമ്പോൾ രാവിലെ കഴിഞ്ഞിരുന്നു.
യാത്രയിലുടെനീളം ഒപ്പമുണ്ടായിരുന്ന ഫുറ താഷി ഷെർപ്പയുമൊത്ത് വീണ്ടും മലയിറക്കം. രണ്ടര ദിവസം കൊണ്ട് തിരിച്ചിറങ്ങി ലുക്ല എയർപോർട്ടിൽ എത്തുമ്പോൾ മഞ്ഞുവീഴ്ചയിൽ എയർപോർട്ട് അടച്ചിരുന്നു.
വീണ്ടും ചോപ്രകിലേക്ക് നടന്ന് ഇറങ്ങി അവിടെ നിന്നും ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിൽ. രണ്ടരലക്ഷത്തോളം രൂപയാണ് യാത്രയുടെ ചെലവ്. ഐടി പ്രഫഷണൽ കൂടിയായ അഭിലാഷിന് സാഹസികമായ മലകയറ്റം എന്നും ഒരു ഹരമാണ്.
ഇത്തവണത്തെ യാത്രയ്ക്ക് എടുക്കാൻ മറന്ന മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ഫ്ലാഗ് അടുത്ത തവണ ഇന്ത്യൻ ഫ്ലാഗിനൊപ്പം 8848 മീറ്റർ ഉയരത്തിൽ സ്ഥാപിക്കുമെന്നുള്ള ആത്മവിശ്വാസത്തിലാണ് അഭിലാഷ്.
സൗദിയിലെ ജോലി രാജിവച്ച അഭിലാഷ് കുട്ടികൾക്കൊപ്പം അയർലണ്ടിലുള്ള ഭാര്യയുടെ അടുക്കലേക്ക് പോകാനുള്ള തിരക്കിലാണ്.