രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
എസ്. റൊമേഷ്
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽക്കും എന്ന കണക്കുകൂട്ടലിലാണ്. 1947ൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1952ലാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് 1951 ഒക്ടോബർ 29നാണെങ്കിലും 1952 ഫെബ്രുവരി 21നാണ് അത് പൂർത്തിയായത്. അതിനാൽ തന്നെ 1952ലെ തെരഞ്ഞെടുപ്പ് എന്നാണ് ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് അറിയപ്പെടുന്നത്.
ആദ്യ ലോക്സഭയിലേക്കും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലുമൊക്കെ ചില വന്പൻമാർ കടപുഴകി വീണു. ആദ്യ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഞെട്ടിച്ചത് ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ പരാജയമായിരുന്നു. ആദർശത്തിനുവേണ്ടി ഏറ്റുവാങ്ങിയ പരാജയമായിരുന്നു അതെങ്കിലും ആ പരാജയം രാജ്യത്തെ ഞെട്ടിച്ചു.
മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്ന് ഫോർവേർഡ് ബ്ലോക്ക് സ്ഥാനാർഥിയായി മത്സരിച്ച അംബേദ്കർ പരാജയപ്പെട്ടത് തന്റെ സെക്രട്ടറിയും ശിഷ്യനും കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്ന നാരായൺ സഠോബ കജ്രോൽക്കറിനോടാണ്.
അദ്ദേഹം പരാജയപ്പെട്ടതോടെ അദ്ദേഹത്തിനെതിരേ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയത് ശരിയായില്ല എന്നു പല കോണുകളിൽ നിന്നും അഭിപ്രായമുയർന്നു. തുടർന്ന് അംബേദ്കറെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കുകയായിരുന്നു.
ഗാന്ധിജി കഴിഞ്ഞാൽ കോൺഗ്രസിൽ ഏറ്റവും ശക്തിയും സ്വാധീനവുമുള്ള മൂന്നു നേതാക്കന്മാരായിരുന്നു ജവഹർലാൽ നെഹ്റു, സർദാർ വല്ലഭ് ഭായ് പട്ടേൽ, ജെ.ബി. കൃപലാനി എന്ന ആചാര്യ കൃപലാനി.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷൻ കൃപലാനി ആയിരുന്നു. ഗാന്ധിജിയോട് ഏറ്റവും അടുപ്പമുള്ളയൊരാൾ. തികഞ്ഞ സോഷ്യലിസ്റ്റ്. സ്വാതന്ത്ര്യ ശേഷം കൃപലാനി കോൺഗ്രസിൽ നിന്നകന്നു. അദ്ദേഹം സ്വാതന്ത്ര്യാനന്തരം പ്രതിപക്ഷത്താണ് പ്രവർത്തിച്ചത്.
ഉപപ്രധാനമന്ത്രി സ്ഥാനം അടക്കമുള്ളവ ലഭിക്കുമായിരുന്നിട്ടും ആദർശത്തിന്റെ പേരിൽ അതുപേക്ഷിച്ചയാളാണ് അദ്ദേഹം. 1962 ലെ തെരഞ്ഞെടുപ്പിൽ ജെ.ബി. കൃപലാനി ഏറ്റുമുട്ടിയത് മലയാളിയും കോൺഗ്രസ് നേതാവുമായിരുന്ന വി.കെ. കൃഷ്ണമേനോടാണ്.
കൃഷ്ണമേനോൻ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി തിളങ്ങി നിൽക്കവെയാണ് അദ്ദേഹം കൃപലാനിയുമായി ഏറ്റുമുട്ടുന്നത്. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ്. കാരണം രണ്ടുപേരും പ്രശസ്തർ. മുംബൈ സിറ്റി നോർത്ത് മണ്ഡലത്തിൽ ഇരുവരും തീപാറുന്ന മത്സരമാണ് കാഴ്ചവച്ചത്.
കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച വി.കെ. കൃഷ്ണമേനോന് 2,98,427 വോട്ട് ലഭിച്ചപ്പോൾ സ്വതന്ത്രനായി മത്സരിച്ച കൃപലാനിക്ക് 1,53,069 വോട്ടുകളാണ് ലഭിച്ചത്. കൃഷ്ണമേനോൻ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് കൃപലാനിയെ പരാജയപ്പെടുത്തി.
കൃപലാനിയുടെ ഭാര്യ സുചേതാ കൃപലാനിയാണ് ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി. യുപി മുഖ്യമന്ത്രിയായ അവരും സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വനിതയാണ്.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു. ഇന്ദിര യുപിയിലെ റായ്ബറേലിയിൽ രാജ് നാരായണനോടാണ് കനത്ത പരാജയം ഏറ്റുവാങ്ങിയത്.
ജനതാ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച രാജ് നാരായണൻ 1,77,519 വോട്ട് നേടിയപ്പോൾ ഇന്ദിരയ്ക്ക് ലഭിച്ചത് 1,22, 517 വോട്ട്. അന്പതിനായിരത്തിലധികം വോട്ടിന് രാജ് നാരായണൻ ഇന്ദിരയെ തോല്പിച്ചു.
ഇന്ദിരയുടെ ഇളയമകൻ സഞ്ചയ് ഗാന്ധിയും ആ തെരഞ്ഞെടുപ്പിൽ അമേഠിയിൽ പരാജയപ്പെട്ടു. ഭാരതീയ ലോക്ദൾ സ്ഥാനാർഥി രവീന്ദ്ര പ്രതാപ് സിംഗിനോടാണ് സഞ്ജയ് ഗാന്ധി പരാജയപ്പെട്ടത്. രവീന്ദ്രപ്രതാപ് സിംഗിന് 1,76,410 വോട്ടുകൾ ലഭിച്ചപ്പോൾ സഞ്ജയ് ഗാന്ധിക്ക് കിട്ടിയത് 1,00,566 വോട്ടുകൾ മാത്രം.
ലോകസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റെക്കോഡിട്ടയാളാണ് രാംവിലാസ് പസ്വാൻ. എന്നാൽ ആ പസ്വാനും തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ ഹാജിപുർ മണ്ഡലത്തിൽ നിന്നും ജനതാ പാർട്ടി സ്ഥാനാർഥിയായി അദ്ദേഹം 4,24,000 വോട്ടിന്റെ ഭൂരിപക്ഷം നേടി ലോക്സഭാ ചരിത്രത്തിൽ തന്നെ റെക്കോഡ് നേടി.
അന്നുവരെ ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. എന്നാൽ പസ്വാനും 1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മണ്ഡലമായ ഹാജിപുരിൽ നിന്നു പരാജയപ്പെട്ടു. നിരവധി തവണ വന്പൻ ഭൂരിപക്ഷത്തിന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പസ്വാൻ ഹാജിപുരിൽനിന്നു പരാജയപ്പെട്ടത് വലിയ വാർത്തയായിരുന്നു.
ഇന്ദിരാവധത്തെത്തുടർന്നുണ്ടായ സഹതാപ തരംഗത്തിലാണ് പസ്വാൻ പരാജയപ്പെട്ടത്. ഹാജിപുരിൽ അന്നു വിജയിച്ചത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന റാം രത്തൻ റാമായിരുന്നു. റാം രത്തൻ 3,14,725 വോട്ടുകൾ നേടിയപ്പോൾ റാംവിലാസ് പസ്വാന് 2,63,509 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. പസ്വാൻ മരിച്ചെങ്കിലും പസ്വാന്റെ മകൻ ചിരാഗ് പസ്വാന്റെ പാർട്ടി ഇപ്പോൾ എൻഡിഎയുടെ ഘടകകക്ഷിയായുണ്ട്.
രാജ്യം ശ്രദ്ധിച്ച മറ്റൊരു പരാജയം 1984 ൽ അന്നത്തെ ബിജെപി നേതാവും പിന്നീട് മൂന്നു തവണ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടേതായിരുന്നു. അന്ന് അദ്ദേഹം ഗ്വാളിയോറിൽ നിന്ന് ഗ്വാളിയോർ രാജകുമാരനായിരുന്ന മാധവറാവു സിന്ധ്യയോട് കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
മാധവറാവു സ്വന്തം മണ്ഡലമായ ഗുണയിലായിരിക്കും മത്സരിക്കുക എന്നു കരുതിയാണ് വാജ്പേയ് ഗ്വാളിയോറിൽ മത്സരത്തിനിറങ്ങിയത്. വാജ്പേയിയുടെ ജന്മദേശമാണ് ഗ്വാളിയോർ. എന്നാൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ഗ്വാളിയോറിൽ കോൺഗ്രസ് മാധവറാവു സിന്ധ്യയെ തന്നെ പോരിനിറക്കുകയായിരുന്നു.
സിന്ധ്യ 3,07,735 വോട്ടു നേടിയപ്പോൾ വാജ്പേയ്ക്ക് 1,32,141 വോട്ടുകളേ നേടാനായുള്ളൂ. വാജ്പേയിയെ പരാജയപ്പെടുത്തിയതിൽ താൻ അത്യധികം ദുഖിതനായിരുന്നുവെന്ന് പിന്നീട് സിന്ധ്യ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ മാധവറാവുവിന്റെ മകൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിലാണ് എന്നതും ശ്രദ്ധേയമാണ്.
ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ അമേഠിയിൽ 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്കുണ്ടായ പരാജയവും ഞെട്ടിക്കുന്നതു തന്നെ. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി 4,68,514 വോട്ടുകൾ നേടിയപ്പോൾ രാഹുൽഗാന്ധിക്കു ലഭിച്ചത് 4,13,394 വോട്ടുകളാണ്. തോറ്റ പ്രമുഖരിൽ എൽ.കെ. അഡ്വാനിയും ലാലുപ്രസാദ് യാദവുമൊക്കെയുണ്ട്.
തെരഞ്ഞെടുപ്പു ചരിത്രത്തിലെ രസകരമായ മറ്റൊരു സംഭവം ഒരു സ്ഥാനാർഥി തന്നെ ഒരു തെരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു ലോക്സഭാ സീറ്റിലേക്ക് മത്സരിച്ചതാണ്. അതു മറ്റാരുമല്ല മുൻ ഉപപ്രധാനമന്ത്രിയും നാലു തവണ ഹരിയാന മുഖ്യമന്ത്രിയുമായ ജനതാദൾ നേതാവ് ചൗധരി ദേവീലാൽ തന്നെ.
പ്രതിപക്ഷത്തായിരുന്നുവെങ്കിലും വൻ ജനസ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു ദേവീലാൽ. 89ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം ആഞ്ഞടിച്ചിരുന്നു. എന്നിട്ടും മൂന്നു സീറ്റിൽ രണ്ടിലും ദേവീലാൽ വിജയിച്ചു കയറി.
ഹരിയാനയിലെ രോഹ്തക് രാജസ്ഥാനിലെ സിക്കാർ എന്നിവിടങ്ങളിൽ വിജയിച്ചു കയറിയപ്പോൾ പഞ്ചാബിലെ ഫിറോസ്പൂരിൽ അദ്ദേഹം തോറ്റു. എങ്കിലും ഈ തെരഞ്ഞെടുപ്പിലെ രണ്ടു സീറ്റുകളിൽ കോൺഗ്രസ് തരംഗം അതിജീവിച്ച് അദ്ദേഹം നേടിയ വിജയം വൻ നേട്ടമായാണ് പ്രതിപക്ഷ പാർട്ടികൾ കണക്കാക്കിയത്.