ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട തലകൾ. ആകെക്കൂടി ആർക്കും ഇഷ്ടം തോന്നുന്ന സുന്ദരരൂപം.
ഡോൾഫിനുകൾ, തിമിംഗലങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന സമുദ്ര സസ്തനി വിഭാഗത്തിൽ ഉൾപ്പെടുന്ന വാക്വിറ്റകൾക്ക് ഏകദേശം 1.5 മീറ്റർ നീളവും 68 കിലോഗ്രാം ഭാരവുമുണ്ട്. വാക്വിറ്റകളുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ ജീവികളിൽ വെറും 10 എണ്ണം മാത്രമാണ് ഇനി ഭൂലോകത്ത് ശേഷിക്കുന്നതെന്നും ഇതിന്റെ വംശനാശം വൈകാതെ സംഭവിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 1997ൽ 567 വാക്വിറ്റകൾ ഭൂമിയിലുണ്ടായിരുന്നു. 2015 ൽ ഇത് 59 ആയി കുറഞ്ഞു. 2022 ആയതോടെ വാക്വിറ്റകളുടെ എണ്ണം 10 ലേക്കു ചുരുങ്ങുകയായിരുന്നു.
കലിഫോർണിയ ഉൾക്കടലിന്റെ ഉത്തരഭാഗത്ത് 2235 ചതുരശ്ര കിലോമീറ്റർ സ്ഥലത്തുമാത്രമാണ് വാക്വിറ്റകൾ ഇപ്പോൾ കാണപ്പെടുന്നത്. ആഴം കുറഞ്ഞ ജലമേഖലയിൽ താമസിക്കുന്നതിനാൽ ഇവയെ വേട്ടയാടാൻ എളുപ്പമാണ്. വംശനാശ പ്രതിസന്ധിക്കു പ്രധാന കാരണവും ഇതുതന്നെ.