തീ പടരുന്ന ‘തരിശ് ഭൂമി’
കോട്ടൂർ സുനിൽ
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു തരിശ് ഭൂമി മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിൽ കത്തിപ്പടരുന്ന വിവാദമായി മാറുകയാണ്.
285 ഏക്കർ മാത്രം വിസ്തൃതിയുള്ള, ജനവാസമില്ലാത്ത ഒരു ദ്വീപിന്റെ പേരിൽ രാഷ്ട്രീയക്കാർ വാക്പോര് നടത്തുന്നു. തമിഴ്നാട്ടിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കച്ചത്തീവ് എന്ന കുഞ്ഞൻ ദ്വീപ് രാജ്യം മുഴുവൻ ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 'എക്സിൽ' പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിനാധാരം.
കച്ചത്തീവിനെ കോൺഗ്രസ് നിർദയമായി ശ്രീലങ്കയ്ക്ക് വിട്ടുനൽകിയെന്നും ആ പാർട്ടിയെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നുമാണ് മോദി പറഞ്ഞത്. ‘കച്ചത്തീവിനെ ഇന്ദിരാഗാന്ധി എങ്ങനെയാണ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയത്'എന്ന തലക്കെട്ടിലുള്ള മാധ്യമവാർത്ത പങ്കുവച്ചുകൊണ്ട് മോദിയുടെ ആരോപണം.
തമിഴ്നാട് ബിജെപിയുടെ അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. കച്ചത്തീവിനെക്കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാണെന്ന് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടെന്നും അണ്ണാമലൈയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു.
അഗ്നിപർവത സ്ഫോടനത്തിലൂടെ ഉയർന്നു വന്ന കച്ചത്തീവ്
ഇപ്പോൾ ശ്രീലങ്കയുടെ (പഴയ സിലോൺ) അധീനതയിലുള്ള ജനവാസമില്ലാത്ത ദ്വീപാണ് കച്ചത്തീവ്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ പാക് കടലിടുക്കിൽ സ്ഥിതിചയ്യുന്നു. 115.5 ഹെക്ടറാണ് വിസ്തീർണം.
പതിനാലാം നൂറ്റാണ്ടിൽ അഗ്നിപർവത സ്ഫോടനത്തിലാണ് കച്ചത്തീവ് രൂപം കൊണ്ടത്. മധ്യകാലഘട്ടത്തിൽ ശ്രീലങ്കയിലെ ജാഫ്ന സാമ്രാജ്യത്തിനു കീഴിലായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ രാമനാഥപുരത്തെ രാംനാട് ജമീന്ദാരിയുടെ നിയന്ത്രണത്തിൽ.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയുടെ ഭാഗം. 1921ൽ ഇന്ത്യയും ശ്രീലങ്കയും ബ്രിട്ടീഷ് കോളനികൾ ആയിരുന്നപ്പോൾ സമുദ്രത്തിലെ മത്സ്യബന്ധന അതിരുകൾ നിർണയിച്ചത് കച്ചത്തീവ് ആധാരമാക്കിയാണ്. അക്കാലത്തെ ഒരു സർവേയിൽ കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമാണ്.
ഇന്ത്യയിൽനിന്നുള്ള ബ്രിട്ടീഷ് പ്രതിനിധി സംഘം രാംനാട് സാമ്രാജ്യത്തിന്റെ ഉടമസ്ഥാവകാശം ചൂണ്ടിക്കാട്ടി അതിനെ എതിർത്തു. 1921ൽ ഇന്ത്യയെപോലെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന സിലോണും അവകാശം ഉന്നയിച്ചു. ഈ തർക്കം വർഷങ്ങൾ നീണ്ടുനിന്നു.
1974ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലെ അതിർത്തി നിർണയിക്കുന്ന കരാർ ഒപ്പിടുകയും കച്ചത്തീവ് ലങ്കൻ അതിർത്തി രേഖയുടെ ഭാഗത്താവുകയും ചെയ്തു.
തീർഥാടനത്തിനും മൽസ്യബന്ധനത്തിനുമായി ഇന്ത്യൻ പൗരൻമാർക്ക് പ്രത്യേകാനുമതികളൊന്നും ഇല്ലാതെ ഈ ദ്വീപിൽ പ്രവേശിക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്.
ഇപ്പോൾ എന്താണ് സംഭവിച്ചത്?
തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈക്ക് ലഭിച്ച വിവരവകാശ രേഖ അടിസ്ഥാനമാക്കി ഡൽഹിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിനപത്രം അത് ഒന്നാം പേജ് വാർത്തയാക്കി.
1961ൽ അനൗദ്യോഗിക യോഗത്തിൽ കച്ചത്തീവ് വിട്ടുകൊടുക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് അന്നത്തെ പ്രധാനമത്രി ജവഹർലാൽ നെഹ്റു പറഞ്ഞതായുള്ള മിനുട്സ് കിട്ടിയെന്നാണ് അവകാശവാദം.
ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന് വിശേഷിപ്പിച്ച മോദി കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളാത്തവർ എന്ന് കുറ്റപ്പെടുത്തി. തമിഴ്നാട് വീണ്ടും ഡിഎംകെ സഖ്യം തൂത്തുവാരുമെന്ന സർവേ ഫലങ്ങൾ കാരണമാണ് മോദിയുടെ പ്രസ്താവന എന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
തമിഴ്നാട്ടിലെ 13 ജില്ലകളിലായുള്ള 15 മണ്ഡലങ്ങളിൽ മത്സ്യത്തൊഴിലാളി വോട്ട് നിർണായകമാണ്. തമിഴ്നാട്ടിൽനിന്നുള്ള മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചു എന്ന കാരണം പറഞ്ഞ് ശ്രീലങ്കൻ നാവിക സേന അറസ്റ്റുചെയ്യുന്നത് പതിവായിട്ടും കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതി കാലങ്ങളായുണ്ട്.
കച്ചത്തീവ് കോൺഗ്രസ് വിട്ടുകൊടുത്തതാണ് പ്രശ്നത്തിനെല്ലാം കാരണം എന്ന് സ്ഥാപിക്കാനാണ് ഇപ്പോഴത്തെ ശ്രമം. കച്ചത്തീവ് ദ്വീപ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെടുന്ന എം.കെ. സ്റ്റാലിനെയും ചൈനീസ് അധിനിവേശം തടയുന്നതിൽ മോദി പരാജയപ്പെട്ടെന്ന് വിമർശിക്കുന്ന രാഹുൽ ഗാന്ധിയെയും പ്രതിരോധിക്കുകയാണു ബിജെപി ലക്ഷ്യം.
തമിഴ്നാടിന് കച്ചത്തീവുമായുള്ള ബന്ധം
പല ഘട്ടങ്ങളിലായി കച്ചത്തീവ് തിരിച്ച് ഇന്ത്യയുടെ ഭാഗമാക്കണമെന്നു തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ കാലത്ത് ഇതുസംബന്ധിച്ച് ഹർജിയും നൽകിയിരുന്നു.
ഇന്ത്യൻ ഭാഗത്ത് സമുദ്രവിഭവങ്ങളുടെ ശോഷണം നേരിടുന്നതിനാൽ ഇവിടെയുള്ള മത്സ്യബന്ധന തൊഴിലാളികൾ ശ്രീലങ്കൻ കടലിലേക്ക് ഇടയ്ക്കിടെ പ്രവേശിക്കാറുണ്ടായിരുന്നു. എന്നാൽ ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധം രൂക്ഷമായതിനാലും എൽടിടിഇയുമായുള്ള യുദ്ധം നടന്നതിനാലുമൊക്കെ അതിർത്തികളിലെ സുരക്ഷ കൂട്ടി.
ഇതിന്റെഭാഗമായി മത്സ്യബന്ധനത്തിനായെത്തുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി പിടിച്ചുവയ്ക്കുന്നതും വലകളും മറ്റും നശിപ്പിക്കുന്നതും പതിവായി ഉണ്ടാകുന്നു.
കച്ചത്തീവിലെ ദേവാലയം
അന്തോണീസ് പുണ്യവാളന്റെ ദേവാലയമാണ് കച്ചത്തീവിലെ ഏക നിർമിതി. മാർച്ച് മാസത്തിലെ പെരുനാളിന് ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിശ്വാസികളെത്തും.
സുഗമമായ തീർഥാടനവും 1974ലെ ഉടമ്പടിയിലുണ്ട്. പാറയും കുറ്റിക്കാടുകളും പൂഴിയും കൊണ്ട് നിറഞ്ഞ പ്രദേശമാണിത്. ശ്രീലങ്കൻ നാവികസേനയുടെ ചെറിയ താവളം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ചതുരശ്രകിലോമീറ്റർ മാത്രം വിസ്തീർണമുള്ള, ശുദ്ധജലമില്ലാത്ത, പാഴ്ചെടികൾ വളർന്ന് കാടുപിടിച്ച ആ ദ്വീപിലെ ദേവാലയത്തിൽ, തിരുന്നാളിനോടനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രം ആളുകൾക്ക് പ്രവേശിക്കാം. ഇന്ത്യക്കാർക്കും ശ്രീലങ്കക്കാർക്കും മാത്രമേ അവിടം സന്ദർശിക്കാനാവൂ.
പാസ്പോർട്ടോ വിസയോ ഒന്നുംവേണ്ട. രണ്ടു പകലും ഒരു രാത്രിയും അവിടെ തങ്ങി തിരുന്നാളിൽ പങ്കെടുക്കാം. ഈ ദിവസങ്ങൾക്കായി ഇരുരാജ്യങ്ങളിലും കാത്തിരിക്കുന്നവർ ഏറെയാണ്. അവർക്ക് ഈ ദിവസങ്ങൾ വിശ്വാസത്തിന്റേത് മാത്രമല്ല, ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും ദിനങ്ങൾകൂടിയാണ്.
2014ൽ പ്രശ്നം സുപ്രീം കോടതി പരിഗണിച്ചപ്പോൾ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി പറഞ്ഞത് പ്രശസ്തമാണ്- ‘1974-ലെ കരാർ പ്രകാരമാണ് കച്ചത്തീവ് ശ്രിങ്കയ്ക്ക് വിട്ടുകൊടുത്തത്. ഇപ്പോൾ അതെങ്ങനെ തിരിച്ചെടുക്കും? കച്ചത്തീവ് തിരിച്ചു പിടിക്കണമെങ്കിൽ യുദ്ധം ചെയ്യേണ്ടിവരും!'.