ഒരു മുയ്യം മോഡൽ കൃഷിക്കഥ
ശ്രീകാന്ത് പാണപ്പുഴ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്ക് വാങ്ങുന്നത് ഒഴിവാക്കാനാണ് ഒരു ഗ്രാമം പച്ചക്കറി കൃഷി തുടങ്ങിയത്. പച്ചക്കറി തങ്ങളുടെ ഉപയോഗം കഴിഞ്ഞ് മിച്ചം വരാൻ തുടങ്ങിയപ്പോൾ പച്ചക്കറികളുമായി ആ ഗ്രാമം റോഡിലേക്കിറങ്ങി.
ഇടനിലക്കാരില്ലാതെ തങ്ങൾ കൃഷി ചെയ്ത ഉത്പന്നങ്ങൾ കർഷകർ തന്നെ വിറ്റഴിക്കുകയാണ് തുച്ഛമായ വിലയിൽ. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് കർഷകർ തന്നെ വിലയിട്ട് വിൽക്കുന്ന കാഴ്ച.
ആറുവർഷം മുന്പ് ചെറിയ രീതിയിൽ ആരംഭിച്ച വഴിയോര പച്ചക്കറി കച്ചവടം ഇന്ന് സജീവമായിരിക്കുകയാണ്. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഇവരുടെ പച്ചക്കറികൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്.
പാടത്തുനിന്ന് പറിച്ചെടുത്ത പച്ചക്കറികളുമായി കണ്ണൂർ കുറുമാത്തൂർ പഞ്ചായത്തിലെ മുയ്യം റോഡരികിൽ കർഷകർ നേരിട്ട് വിൽപന നടത്തുന്നതാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്.
ആറ് ഹെക്ടർ സ്ഥലത്ത് കൃഷി
മുയ്യം വയലുകളിലെ ആറ് ഹെക്ടറോളം സ്ഥലത്ത് പ്രദേശത്തെ നിരവധി കർഷകരുടെ കൂട്ടായ്മയായ മുയ്യം എ ക്ലസ്റ്ററിന്റെ നേതൃത്വത്തിലാണ് പച്ചക്കറിക്കൃഷിയും വിൽപനയും നടക്കുന്നത്.
ആറ് വർഷം മുൻപ് ചെറിയ രീതിയിൽ ആരംഭിച്ച വഴിയോര കച്ചവടം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാടെ വിപുലമായ രീതിയിൽ വഴിയോര വിപണി സജീവമാകുകയായിരുന്നു.
ജൈവ രീതിയിൽ കൃഷി ചെയ്ത കക്കിരി, വെള്ളരി, മത്തൻ, ഇളവൻ, വെണ്ട, പയർ, താലോലി, പാവയ്ക്ക, പടവലം, വഴുതന, ചീര തുടങ്ങിയ എല്ലാതരം പച്ചക്കറികളും കർഷകരിൽ നിന്നും ആവശ്യക്കാർക്ക് നേരിട്ട് വാങ്ങാൻ സാധിക്കും.
ഇവർ തന്നെ ഉത്പാദിപ്പിക്കുന്ന തണ്ണി മത്തൻ, വാഴപ്പഴം, സപ്പോട്ട തുടങ്ങിയ പഴവർഗങ്ങളും ഇവിടെ ലഭ്യമാണ്. തളിപ്പറമ്പിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡായതിനാൽ ഇവിടെ നിന്നും പച്ചക്കറി വാങ്ങാൻ ഇതുവഴി യാത്ര ചെയ്യുന്നവർക്കും കൂടി സാധിക്കുന്നുണ്ട്.
വില നിശ്ചയിക്കാൻ കമ്മിറ്റി
എം.പി. പുരുഷോത്തമൻ സെക്രട്ടറിയും കെ.പി. മുഹമ്പി കുഞ്ഞി പ്രസിഡന്റുമായുള്ള ക്ലസ്റ്ററും ഇവർ കൂടിയുള്ള കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കാർഷിക ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്.
ഇവിടുത്തെ വയലിൽ നിന്ന് പറിച്ചെടുത്ത് കർഷകർ നേരിട്ട് വിൽക്കുന്നതിനാൽ മാർക്കറ്റ് വിലയിൽ നിന്ന് അഞ്ച് മുതൽ പത്ത് വരെയുള്ള വില വ്യത്യാസത്തിലാണ് കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത്. വിൽപന നടത്തുന്ന റോഡരികിൽ ഉത്പന്നങ്ങളുടെ വിലയും പ്രദർശിപ്പിച്ചിട്ടുണ്ട്.
വിഷം നിറഞ്ഞ പച്ചക്കറികൾ തടയിടുന്നതിന് വേണ്ടി ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്ക്കാര് നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികൾ കൃഷിഭവന് മുഖാന്തരം നൽകുന്നതും മുയ്യം വയലിലെ കാര്ഷിക സമൃദ്ധിക്ക് അനുഗ്രഹമാണ്.
ആദ്യം പച്ചക്കറി കൃഷി ചെയ്തു നല്കിയിരുന്നത് തളിപ്പറന്പ് മാർക്കറ്റിലേക്കായിരുന്നു. എന്നാൽ, ഇടനിലക്കാർ വൻ ലാഭം കൊയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മുയ്യത്തെ കർഷകർ സ്വന്തം വിപണി കണ്ടെത്തുകയായിരുന്നു.
മുയ്യത്തിന്റെ പച്ചക്കറിപ്പെരുമ കേട്ടറിഞ്ഞ് ദൂരദേശത്തു നിന്നും ആളുകൾ എത്തി തുടങ്ങിയതോടെ ആത്മ വിശ്വാസം വർദ്ധിച്ച കർഷകർ ഉത്പാദനവും വർധിപ്പിച്ചു. തികച്ചും ജൈവ രീതിയിൽ എല്ലാവിധ പച്ചക്കറിയും മുയ്യത്ത് കൃഷി ചെയ്യുന്നുണ്ട്.
മുയ്യത്തെ പാതയോരത്തെ പച്ചക്കറി ചന്തയിൽ മോശമല്ലാത്ത വില ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. കൊടും ചൂടും പാറ്റകളുടെ ശല്യവും ഉണ്ടെങ്കിലും ഇതിനെയെല്ലാം തരണം ചെയ്ത് കൂടുതൽ മികച്ച രീതിയിൽ കൃഷി ചെയ്യാൻ തന്നെയാണ് കൃഷിയെ നെഞ്ചേറ്റിയ ഇവിടുത്തെ കർഷകരുടെ തീരുമാനം.