കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
എസ്. റൊമേഷ്
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയാറാം ഗയാറാം' എന്നത്. കാലുമാറ്റവും കൂറുമാറ്റവും നടക്കുന്പോഴൊക്കെ ഈ ചൊല്ല് കേൾക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ബിഹാറിൽ നീതിഷ് കുമാർ മറുകണ്ടം ചാടി ബിജെപിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിച്ചപ്പോഴും ഇത് പലവട്ടം കേട്ടു.
കാലുമാറ്റത്തിന് കുപ്രസിദ്ധി നേടിയ മുൻ ഹരിയാന എംഎൽഎ ഗയാലാലിന്റെ പേരിലാണ് ഈ ചൊല്ല് പ്രസിദ്ധമായത്. ഹരിയാനയിലെ പൽവാൽ ജില്ലയിലെ ഹോഡാൽ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു ഗയാലാൽ.
പിന്നാക്ക സമുദായക്കാർക്കായി റിസർവ് ചെയ്ത ഹോഡാൽ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച ഗയാലാൽ കോൺഗ്രസ് സ്ഥാനാർഥിയായ എം. സിംഗിനെ വെറും 360 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. വിജയിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗയാലാൽ കോൺഗ്രസിൽ ചേർന്നു.
ഗയാലാലിന്റെ അച്ഛൻ ചൗധരി ധരംസിംഗ് അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. അദ്ദേഹം 1928 മുതൽ 42 വരെ പലതവണ ഹോഡാൽ മുനിസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അച്ഛന്റെ സ്വാധീനത്തിലാണ് ഗയാലാലിന് കോൺഗ്രസിന്റെ കുത്തകയായിരുന്ന മണ്ഡലത്തിൽ വിജയം നേടാനായത്.
സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച ഗയാലാൽ 1967ൽ ഒരു ദിവസംതന്നെ പലവട്ടം പാർട്ടി മാറിയ ചരിത്രമുണ്ട്. എംഎൽഎ യായശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നെങ്കിലും പെട്ടെന്നൊരു ദിവസം അദ്ദേഹം കോൺഗ്രസ് വിട്ട് പ്രതിപക്ഷ സഖ്യമായ യുണൈറ്റഡ് ഫ്രണ്ടിനൊപ്പം കൂടാനായി ജനതാപാർട്ടിയിൽ ചേർന്നു.
എന്നാൽ മണിക്കൂറുകൾക്കകം മലക്കം മറിഞ്ഞ് വീണ്ടും കോൺഗ്രസിൽ ചേർന്നു. അതിനും അധികം ആയുസുണ്ടായില്ല. ഒന്പതു മണിക്കൂറുകൾക്കകം അദ്ദേഹം വീണ്ടും ജനതാപാർട്ടിയിൽ എത്തി. അവിടം കൊണ്ടും തീർന്നില്ല. രണ്ടു മണിക്കൂറിനുശേഷം വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. ഒറ്റ ദിവസത്തിലാണ് ഇതെല്ലാം സംഭവിച്ചത്.
പലതവണ പാർട്ടി മാറി ഒടുവിൽ കോൺഗ്രസിൽ എത്തിയപ്പോൾ അന്നത്തെ കോൺഗ്രസ് നേതാവ് റാവു ബിരേന്ദ്ര സിംഗ് ഗയാലാലിനെ പത്രക്കാർക്കു മുന്നിൽ ഹാജരാക്കിയ ശേഷം നടത്തിയ പ്രസ്താവനയാണ് 'ആയാറാം ഗയാറാം' എന്നത്. അതായത് പോയയാൾ ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നു.
പിന്നീട് ഗയാലാലിന്റെ മകൻ ഉദയ്ഭാനും രാഷ്ട്രീയത്തിലെത്തി. ഉദയ്ഭാനും അച്ഛനെപ്പോലെ കാലുമാറ്റ രാഷ്ട്രീയം പയറ്റിനോക്കിയയാളാണ്. 1987ൽ ഹരിയാനയിലെ ഹസാർപുർ മണ്ഡലത്തിൽനിന്ന് ദേവിലാലിന്റെ നേതൃത്വത്തിലുള്ള ലോക്ദൾ പാർട്ടി സ്ഥാനാർഥിയായാണ് അദ്ദേഹം ആദ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
പിന്നീട് രണ്ടു പ്രാവശ്യം കൂടി ലോക്ദളിൽ മത്സരിച്ചു വിജയിച്ച ഉദയ്ഭാൻ 2000ലെ തെരഞ്ഞെടുപ്പിൽ ലോക്ദൾ വിട്ട് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു. പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേർന്നു. 2022 ഏപ്രിൽ മുതൽ ഹരിയാനയിലെ പിസിസി പ്രസിഡന്റാണ് ഉദയ്ഭാൻ.
2020ൽ പാർലമെന്റിനു മുന്നിൽ നടന്ന കർഷ പ്രക്ഷോഭത്തിൽ ഒരു കർഷക നേതാവുകൂടിയായ ഉദയ്ഭാനിനു വ്യക്തമായ സ്വാധീനം ചെലുത്താനായിരുന്നു. രാഷ്ട്രീയത്തിൽ വ്യക്തികൾ മാത്രമല്ല, പാർട്ടികളും "ആയാറാം ഗയാറാ'മിന്റെ വിശേഷണപരിധിയിൽ വരാറുണ്ട്.
തെരഞ്ഞെടുപ്പുനടന്ന് നിമിഷങ്ങൾക്കകം ജനവിധി പലവട്ടം പലയിടത്തും കാലുമാറ്റ ങ്ങളാൽ അട്ടിമറിക്കപ്പെട്ടു. പിന്നീട് ഇതുപോലെ മലക്കം മറിയാതിരിക്കായി കൂറുമാറ്റ നിരോധന നിയമം ഉൾപ്പെടെയുള്ളവ പാസാക്കി.
എന്നാൽ പാർട്ടികളെ മൊത്തത്തിൽ വിലയ്ക്കെടുത്തും കൂറുമാറ്റം ബാധമാകാത്ത തരത്തിൽ ഒരു വിഭാഗത്തെ അടർത്തി മാറ്റിയും ഇന്നും രാഷ്ട്രീയ കുതികാൽവെട്ട് ഇന്ത്യയിൽ തുടരുകയാണ്. അരുണാചൽപ്രദേശ്, ഗോവ, മണിപ്പുർ, കർണാടകം, ബി ഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അരങ്ങേറിയ രാഷ്ട്രീയനാടകങ്ങൾ സമീപകാല സംഭവങ്ങളാണ്.
ഭരണംപിടിക്കാൻ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിക്കുകയും ഗവർണർമാരെ രാഷ്ട്രീയദൗത്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതും കാണാറുണ്ട്. ഏറ്റവുമൊടുവിൽ ജാർഖണ്ഡിലും അട്ടിമറി നീക്കങ്ങൾ കണ്ടു.