ചരിത്രം ഈ ക്ഷേത്രം
Monday, January 22, 2024 2:58 PM IST
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ. നൂറ്റാണ്ടിലേറെ നീണ്ട തർക്കങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും ഒടുവിലാണ് രാമക്ഷേത്രം അയോധ്യയിൽ ഉയർന്നത്.
രാമക്ഷേത്രം യാഥാർഥ്യമായതോടെ ഹിന്ദുഭൂരിപക്ഷ ഇന്ത്യയിലെ ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമായി ഇനി അയോധ്യ മാറും. രാമക്ഷേത്ര നിർമാണത്തിനു വഴിയൊരുക്കിയ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ അന്തിമവിധി 2019 നവംബർ ഒന്പതിനാണ് ഉണ്ടായത്.
രഞ്ജൻ ഗൊഗോയ് ആയിരുന്നു അപ്പോൾ ചീഫ് ജസ്റ്റീസ്. 1992 ഡിസംബർ ആറിന് ഇവിടെ തകർക്കപ്പെട്ട ബാബറി മസ്ജിദിനു പകരമായി അയോധ്യയിൽ മറ്റൊരിടത്ത് പുതിയൊരു മസ്ജിദ് പണിയാൻ അഞ്ചേക്കർ സ്ഥലം കണ്ടെത്തണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.
സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് കേന്ദ്രസർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് 2.7 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രത്തിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. ചുറ്റിലുമുള്ള 70 ഏക്കർ സ്ഥലത്ത് രാമക്ഷേത്ര സമുച്ചയവും രൂപകല്പന ചെയ്തു.
ഇന്ത്യൻ വാസ്തുവിദ്യയോടെ പരന്പരാഗത നാഗർ ശൈലിയിലാണ് 360 അടി നീളവും (കിഴക്ക്-പടിഞ്ഞാറ്) 235 അടി വീതിയും 161 അടി ഉയരവുമുള്ള രാമക്ഷേത്രം നിർമിച്ചിരിക്കുന്നത്. 20 അടി ഉയരം വീതമുള്ള മൂന്നു നിലകളിലാണ് ക്ഷേത്രം.
സങ്കീർണവും മനോഹരവുമായ കൊത്തുപണികളുള്ള 392 തൂണുകളും 44 വാതിലുകളുമുണ്ട്. രാജസ്ഥാനിലെ ഏറ്റവും നല്ല മാർബിൾ, പിങ്ക് മണൽക്കല്ല് (സാൻഡ്സ്റ്റോണ്) എന്നിവയും കാന്പുള്ള തേക്കുതടിയും ഉപയോഗിച്ചാണ് ക്ഷേത്രം പണിതത്. ആകെ 57,400 ചതുരശ്ര അടിയാണ് ക്ഷേത്രത്തിന്റെ വിസ്തൃതി.
കിഴക്കുനിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. മൊത്തം 12 വാതിലുകൾ. ഭക്തർ 32 പടികൾ കയറണം. ഭിന്നശേഷിക്കാരുടെയും പ്രായമായവരുടെയും സൗകര്യാർഥം റാന്പുകളും ലിഫ്റ്റുകളുമുണ്ട്. നൃത്ത മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ചു ഹാളുകളുണ്ട്.
കോന്പൗണ്ടിന്റെ നാലു കോണുകളിലായി നാലു ക്ഷേത്രങ്ങളുണ്ട് - സൂര്യദേവൻ, ഭഗവതി, ഗണേശൻ, ശിവൻ എന്നിവരെയാണ് അവിടങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. വടക്കുഭാഗത്ത് മാ അന്നപൂർണ ക്ഷേത്രവും തെക്കുവശത്ത് ഹനുമാൻ ക്ഷേത്രവുമാണ്.
ക്ഷേത്രത്തിൽ ഒരിടത്തും ഇരുന്പ് ഉപയോഗിച്ചിട്ടില്ലെന്ന് ട്രസ്റ്റ് പറയുന്നു. 14 മീറ്റർ കനത്തിലുള്ള റോളർ-കോംപാക്റ്റഡ് കോണ്ക്രീറ്റിന്റെ (ആർസിസി) പാളി ഉപയോഗിച്ചാണു ക്ഷേത്രം നിർമിച്ചത്. രാമക്ഷേത്രത്തിന്റെ അടിസ്ഥാനത്തിന് കൃത്രിമ പാറയുടെ രൂപം നൽകിയിട്ടുണ്ട്.
ഭൂമിയിലെ ഈർപ്പം സംരക്ഷിക്കുന്നതിനായി ഗ്രാനൈറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള തൂണും നിർമിച്ചിട്ടുണ്ട്. പരിസ്ഥിതി-ജല സംരക്ഷണത്തിന് പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു.
രണ്ടായിരം കോടി രൂപയോളം ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര നിർമാണത്തിനു ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. 1,800 കോടി രൂപ ചെലവാകുമെന്ന് 2022ൽ ക്ഷേത്ര ട്രസ്റ്റ് കണക്കാക്കിയിരുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് 2020 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണു രാമക്ഷേത്രത്തിനു തറക്കല്ലിട്ടത്. അദ്ദേഹംതന്നെ ഉദ്ഘാടനവും നിർവഹിക്കുന്നു.
രാമക്ഷേത്രത്തിനു പുറമെ അയോധ്യയുടെ സമഗ്ര വികസനത്തിനായി 30,670 കോടി രൂപയുടെ 187 പദ്ധതികൾ യുപി സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് അയോധ്യ വികസന അഥോറിറ്റിയുടെ (എഡിഎ) കണക്കുകൾ വ്യക്തമാക്കുന്നു.
1,200 ഏക്കറിലായുള്ള ഹിന്ദുക്കളുടെ വിശുദ്ധ നഗരമായ അയോധ്യയുടെ വികസനത്തിനായി പത്തു വർഷം കൊണ്ട് 85,000 കോടി രൂപ സർക്കാരുകൾ ചെലവഴിക്കുമെന്നും റിപ്പോർട്ടുണ്ട്.
രാഷ്ട്രീയനേതാവും ഭരണാധികാരിയുമായ നരേന്ദ്രമോദി പ്രതിഷ്ഠ നിർവഹിക്കുന്നതിനെച്ചൊല്ലിയും ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ച പുതിയ രാമവിഗ്രഹത്തെ ചൊല്ലിയും വിവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും അയോധ്യയിലെ രാമക്ഷേത്രം ലോകമാകെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ചരിത്രത്തിലും ഈ ക്ഷേത്രം ഇടംനേടുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തെ രാഷ്ട്രീയവത്കരിച്ചതു തെറ്റുതന്നെയാണ്. നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പായി തിരക്കിട്ട് പ്രധാനമന്ത്രിതന്നെ രാമക്ഷേത്ര ഉദ്ഘാടനം നിർവഹിക്കുന്നതിലെ രാഷ്ട്രീയലാക്കും വ്യക്തം.
എന്നിരുന്നാലും മതസാഹോദര്യത്തിന്റെയും ഇന്ത്യയുടെ ആത്മീയതയുടെയും പ്രതീകമായി പ്രധാനപ്പെട്ട ഒരു തീർഥാടനകേന്ദ്രമായി അയോധ്യ മാറിയാൽ അതു രാജ്യത്തിനാകെ പലതരത്തിൽ നേട്ടമാകും. എല്ലാ വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും ആദരവോടെ കാണുന്നതാണ് ഭാരതീയ സംസ്കാരം.
അയോധ്യയിലെ ശ്രീരാമക്ഷേത്രം യാഥാർഥ്യമായതിലൂടെ മതവിദ്വേഷത്തിന്റെ അധ്യായം അടയട്ടെ. മുറിവേറ്റ ഓർമകളും ഇന്നലെകളുടെ മുറിപ്പാടുകളും മാഞ്ഞുപോകട്ടെ. സർവമത സമഭാവനയിലും തുല്യനീതിയിലും പൗരസ്വാതന്ത്ര്യത്തിലും ആകട്ടെ ഇന്ത്യയുടെ അഭിമാനം.