പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാരഥി ക്ഷേത്രം ഇന്നത്തെ പോലെയായിരുന്നില്ല. പാടത്തിന്റെ കരയിൽ ശ്രീകോവിൽ മാത്രമുള്ള ഒരു കൊച്ചുക്ഷേത്രം. മുന്നിൽ ഒരു ഷെഡ് പോലെ വച്ച് കെട്ടിയിരുന്നു. നാലന്പലമോ, മതിൽക്കെട്ടോ ഒന്നുമില്ല.
ഗുരുവായൂരന്പലത്തിൽ ചെന്പൈ വൈദ്യനാഥ ഭാഗവതർ ഉദയാസ്തമന പൂജ നടത്തുന്ന ദിവസങ്ങളിൽ ചെന്പൈ സ്വാമിയുടെ കച്ചേരി ക്ഷേത്രത്തിൽ പതിവായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നാല്പതോ, നാല്പത്തി ഒന്നോ ഉദയാസ്തമന പൂജ നടത്തിയിട്ടുണ്ട് ചെന്പൈ.
ഗുരുവായൂരപ്പന്റെ പരമഭക്തനായ ചെന്പൈ പുറത്തു നടത്തുന്ന കച്ചേരിയിൽ നിന്നും ലഭിക്കുന്ന പണം ശേഖരിച്ചുവച്ച് ഒരു ഉദയാസ്തമന പൂജ നടത്തുവാനുള്ള പണം തികയുന്പോൾ പൂജ നടത്തുകയായിരുന്നു പതിവ്.
അങ്ങനെ ചെന്പൈ സ്വാമി ഉദയാസ്തമന പൂജ നടത്തിയ ഒരു സന്ധ്യയ്ക്കു കച്ചേരി നടത്തുവാൻ ഗുരുവായൂരന്പല നടയിൽ അദ്ദേഹം എത്തി. ഒപ്പം ശിഷ്യനായ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. നീണ്ടുമെലിഞ്ഞ ആ യുവാവിന്റെ പേര് യേശുദാസ് എന്നായിരുന്നു.
ഇന്നത്തെ മേൽപ്പത്തൂർ ഓഡിറ്റോറിയം അന്നില്ല. ഗുരുവായൂരന്പലത്തിലേക്കു നീളുന്ന വഴിയിലെ റോഡിന്റെ നടുവിൽ താത്കാലിക വേദിയിൽ ഇരുന്ന് ചെന്പൈ സ്വാമി കച്ചേരി നടത്തി. പതിവുപോലെ തന്റെ ഹൃദയദേവനായ ഗുരുവായൂരപ്പനെ സ്തുതിച്ച് പാവനഗുരു പവനപുരാധീശമാശ്രയേ... തുടങ്ങിയ കൃതികൾ ചെന്പൈ ആലപിച്ചു.
ഗുരുവായൂരിൽ നിലനില്ക്കുന്ന ആചാരമനുസരിച്ച് ഹിന്ദുക്കൾക്കു മാത്രമേ ഗുരുവായൂരന്പലത്തിനുള്ളിൽ കയറുവാൻ കഴിയൂ. ഇതറിയുന്ന ചെന്പൈ ഗുരുവായൂരിൽ കച്ചേരിക്കു ശേഷം ശിഷ്യന്റെ കൈയും പിടിച്ച് കുറച്ചുദൂരം നടന്ന് സമീപമുള്ള പാർഥസാരഥി ക്ഷേത്രനടയിൽ എത്തി.
പാലക്കാട് ചെന്പൈഗ്രാമത്തിലെ ശ്രീ പാർഥസാരഥി ക്ഷേത്രം ചെന്പൈ സ്വാമിയുടെ വീടിനു നേരേ എതിർവശത്താണ്. അവിടുത്തെ നിത്യസന്ദർശകനാണ് ചെന്പൈ. (ചെന്പൈ സ്വാമിയുടെ ഉപാസന മൂർത്തികൂടിയാണ് പാർഥസാരഥി) അർജുനന്റെ സാരഥിയായി നിറഞ്ഞ പുഞ്ചിരിയോടെ, നില്ക്കുന്നശ്രീകൃഷ്ണന്റെ മുന്നിൽ യേശുദാസിനെ നിർത്തിയശേഷം.
ഇതും ശ്രീകൃഷ്ണനാണ്. പാടിക്കോളൂ എന്ന് മഹാഗുരുവായ ചെന്പൈ പറഞ്ഞു. ഭക്തിരസം തുളുന്പുന്ന ഒന്നുരണ്ട് ശ്ലോകങ്ങൾ നിറകണ്ണുകളോടെ അവിടെ നിന്നുകൊണ്ട് യേശുദാസ് പാടി. അന്ന് ക്ഷേത്രത്തിന്റെ മാനേജരായിരുന്ന പേരകം കോവിലകത്തെ ഗോദവർമയും കുറച്ചു ഭക്തരും ചെന്പൈയുടെ പ്രിയശിഷ്യനായ യുവാവിന്റെ ആലാപനം കേട്ടുനിന്നു.
ലോകം മുഴുവനുള്ള മലയാളികളുടെ അഭിമാനമായി നാളെ മാറുന്ന ഗാനഗന്ധർവൻ ആണ് പാർഥസാരഥിയ്ക്കു മുന്നിൽ തൊഴുകൈയോടെ നിന്ന് പാടുന്നതെന്ന് ആരും അറിഞ്ഞില്ല. കള്ളച്ചിരിയും കണ്ണുകളിൽ കുറുന്പുമായി നിന്ന കണ്ണൻ ഒഴികെ...
ഒടുവിലത്തെ നാളുകളിൽ ചെന്പൈസ്വാമി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന കാലത്ത് ഭാഗവതരെ ശുശ്രൂഷിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ മുൻഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ. നാരായണൻ ഇക്കഥ ഇന്നും ഓർമിക്കുന്നു.
ഗുരുസ്വാമി എന്നറിയപ്പെടുന്ന നാരായണനോട് ഈ സംഭവം പറഞ്ഞത് പാർഥസാരഥിക്കു മുന്നിലെ യുവാവായ യേശുദാസിന്റെ ഭക്തി നിർഭരമായ ആലാപനം നേരിട്ട് കേട്ട ക്ഷേത്ര മാനേജർ ഗോദവർമ തന്നെയാണ്.
പിന്നീട് വർഷങ്ങൾക്കുശേഷം ഒതേനന്റെ മകൻ എന്ന ചിത്രത്തിനു വേണ്ടി താൻ പാടിയ ഗുരുവായൂർ അന്പലനടയിൽ എന്ന ഗാനത്തിന്റെ ആദ്യവരി യേശുദാസ് ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ നിന്ന് പാടി, എന്നിട്ട് ഒരു നിമിഷം നിർത്തി...
ഒരു ദിവസം ഞാൻ പോകും എന്ന രണ്ടാമത്തെ വരി പാടാതെ ഗോപുരവാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും എന്ന് അർഥവത്തായി കണ്ണുകളടച്ച് പാടി, കൈകൂപ്പി. ഗുരുവായൂരന്പല നടയിലെ നൂറുകണക്കിനു ഭക്തരും ആ പ്രാർഥനയിൽ ഒപ്പം ചേർന്നു.
ഗുരു ചെന്പൈ സ്വാമിക്കൊപ്പം കിഴക്കെനടയിലെ വേദിയിൽ കർണാടക സംഗീത കച്ചേരി അവതരിപ്പിക്കുന്നതിനിടയിൽ ആണ് യേശുദാസ് വയലാർ രചിച്ച ഗുരുവായൂരന്പല നടയിൽ പാടുന്നത്. വർഷങ്ങൾക്കു മുന്പ് നടന്ന കച്ചേരിയിൽ വാർത്തകളും വിവാദങ്ങളും ഒന്നും ക്ഷണിച്ച് വരുത്തണ്ട എന്ന് കരുതിയാകും രണ്ടാമത്തെ വരിയായ, ഒരു ദിവസം ഞാൻ പോകും യേശുദാസ് പാടാതിരുന്നത്.
ചെന്പൈ ഭാഗവതരുടെയും യേശുദാസിന്റെയും അന്നത്തെ കച്ചേരി മുൻനിരയിൽ ഇരുന്ന് ആർ. നാരായണൻ കേട്ടിരുന്നു. കരുണ ചെയ്വാൻ എന്ത് താമസം കൃഷ്ണാ എന്ന ഇരയിമ്മൻ തന്പി കീർത്തനം ഭക്തിയിൽ ആറാടി ചെന്പൈസ്വാമി ആലപിക്കുന്പോൾ യേശുദാസും ഒപ്പം ചേർന്നു.
ഗുരുവും ശിഷ്യനും ചേർന്ന് പാൽക്കടലിൽ ശയിക്കുന്ന സാക്ഷാൽ മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ത്യാഗരാജ കീർത്തനമായ ക്ഷീരസാഗരശയനയും ആലപിക്കുന്നത് ഇന്നും ആർ. നാരായണന്റെ ഉള്ളിൽ തെളിഞ്ഞുനില്ക്കുന്നുണ്ട്.
ഗോപുരവാതിൽ തുറന്ന് ഉള്ളിൽക്കയറിയില്ലെങ്കിലും യേശുദാസിന്റെ ഗാനം ശ്രീകോവിലിനുള്ളിലെ സാക്ഷാൽ ഗോപകുമാരൻ കേട്ടൂ എന്ന് ഇന്നും ആസ്വാദകർ വിശ്വസിക്കുന്നു. രാഗമരാളങ്ങൾ ഒഴുകിയ, രാവ് യമുനാ നദിയായി മാറിയ, നീലക്കടന്പുകൾ പൂത്തുലഞ്ഞ, പൂന്തെന്നൽ താലവൃന്ദം വീശിയ നേരത്ത് ശ്രീകൃഷ്ണന്റെ വേണുനാദം യേശുദാസ് കേൾക്കുക തന്നെ ചെയ്തു.
റേഡിയോയിലൂടെയും മറ്റും കേൾക്കുന്ന വരികൾ കൂടാതെ ഈ ഗാനത്തിന് ഒരു രണ്ടാം ചരണം കൂടിയുണ്ട്. സിനിമയിൽ ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നിലിരുന്ന് ഈ ഗാനം പാടുന്നത് നിത്യഹരിത നായകൻ പ്രേംനസീറാണ്. ഒതേനന്റെ മകനായി വരുന്ന പ്രേംനസീറിനുവേണ്ടി യേശുദാസ് പാടുന്ന അവസാന ചരണം
ഓമൽ കൈവിരൽ ലാളിക്കും
ഓടക്കുഴൽ ഞാൻ മേടിക്കും
ഞാനതിൽ അലിഞ്ഞലിഞ്ഞില്ലാതാകും
ഗാനമായി തീരും ശ്രീകൃഷ്ണ ഗാനമായി തീരും എന്നാണ്.
ക്ഷേത്രത്തിനു പുറത്തിരുന്ന് പാടിയ ഗായകൻ, പിന്നീട് അക്ഷരാർഥത്തിൽ ദേവഗായകനായി മാറുന്നതാണ് ലോകം കണ്ടത്.
എസ്. മഞ്ജുളാദേവി