ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
ശ്രീജിത് കൃഷ്ണന്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അഞ്ചുവര്‍ഷം മുമ്പ് കര്‍ഷകനേതാവ് കെ.എസ്. പുട്ടണ്ണയ്യ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ മാണ്ഡ്യയിലെ സ്ഥിതി.
കര്‍ഷക പാര്‍ട്ടിയെന്ന ലേബലില്‍ കുടുംബാധിപത്യം വളര്‍ത്തുന്ന ജനതാദള്‍-എസ് ഏകപക്ഷീയമായി കളംപിടിക്കാതിരിക്കാന് അന്നും മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ഒരു അറ്റകൈ പ്രയോഗം നടത്തി. അമേരിക്കയില്‍ സ്വന്തമായി ടെക്നോളജിക്കല്‍ കമ്പനി നടത്തുന്ന പുട്ടണ്ണയ്യയുടെ മകന് ദര്‍ശനെ തിരിച്ചുകൊണ്ടുവന്ന് അച്ഛന്റെ മണ്ഡലമായ മേലുക്കോട്ടയില്‍ സ്ഥാനാര്‍ഥിയാക്കുക.
സ്വന്തമായി രൂപീകരിച്ച കര്‍ഷക പാര്‍ട്ടികളുടെ ലേബലിലോ സ്വതന്ത്രനായോ മത്സരിച്ചാണ് പുട്ടണ്ണയ്യ നിയമസഭയിലെത്തിയിരുന്നത്. കോണ്‍ഗ്രസുമായി ഉണ്ടായിരുന്നത് പ്രശ്നാധിഷ്ഠിത സഹകരണം മാത്രം.
പക്ഷേ പുട്ടണ്ണയ്യ നേതൃത്വം നല്‍കിയിരുന്ന കര്‍ണാടക രാജ്യ റൈത്ത സംഘ എന്ന കര്‍ഷക സംഘടനയുടെ പിന്തുണ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസിന് നിര്‍ണായകമായിരുന്നു. അതിന് കൃത്യമായ പിന്തുടര്ച്ചയുണ്ടായില്ലെങ്കില് ദേവഗൗഡയും കുമാരസ്വാമിയും ഒരുപക്ഷേ ബിജെപിയും ആ വോട്ടുബാങ്കിലേക്ക് കടന്നുകയറുമെന്ന് സിദ്ധരാമയ്യയ്ക്കറിയാമായിരുന്നു.
എന്തെങ്കിലുമൊരു ചെറിയ തൊഴിലിനായി അമേരിക്കയില്‍ കഴിയുന്ന ആളായിരുന്നില്ല ദര്ശന്. ഡെന്‍വര്‍ കേന്ദ്രമാക്കി നാലു രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള ക്വിനിക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്നു.
പഠനം പൂര്‍ത്തിയാക്കി അധികനാള്‍ കഴിയുംമുമ്പേ അമേരിക്കയിലെത്തി 15 വര്‍ഷമായി അവിടെ കഴിയുന്ന ആള്. അങ്ങനെയൊരാളിന് കര്‍ണാടകയിലെ സാധാരണക്കാരായ കര്‍ഷകരുടെ നേതാവെന്ന കുപ്പായം ഇണങ്ങുമോയെന്ന് സംശയിച്ചവര്‍ ഏറെയായിരുന്നു.
എന്തായാലും ദര്ശന് നാട്ടില്‍ തിരിച്ചെത്തി. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ചേര്‍ന്ന് രൂപംനല്കിയ സ്വരാജ് ഇന്ത്യ പാര്‍ട്ടിയുടെ ലേബലില്‍ മത്സരിക്കാമെന്നേറ്റു. അച്ഛനോട് തോല്‍ക്കുകയും അച്ഛനെ തോല്പിക്കുകയും ചെയ്തിട്ടുള്ള ജനതാദള്‍-എസിലെ സി.എസ്. പുട്ടരാജുവായിരുന്നു പ്രധാന എതിരാളി.
ചീഫ് എക്സിക്യൂട്ടീവിന്റെ കോട്ടും ടൈയുമെല്ലാം അഴിച്ചുവച്ച് മുണ്ടുടുത്ത് തോളത്തൊരു പച്ചത്തോര്ത്തുമിട്ട് പ്രചാരണത്തിനിറങ്ങിയിട്ടും തികച്ചും സാധാരണക്കാരായ കര്‍ഷകരുടെ മനസിലേക്കുള്ള വഴികള്‍ ദര്ശന് അത്ര എളുപ്പമായിരുന്നില്ല.
കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ കിട്ടിയിട്ടും അമ്മ സുനിതയും സഹോദരിമാരായ സ്മിതയും അക്ഷതയുമെല്ലാം പ്രചാരണത്തിനിറങ്ങിയിട്ടും ദര്ശന് 22,224 വോട്ടുകള്‍ക്ക് പുട്ടരാജുവിനോട് തോറ്റു. പക്ഷേ തോറ്റാലുടന്‍ ഇവന് അമേരിക്കയിലേക്ക് തിരിച്ചു വിമാനം പിടിക്കുമെന്ന എതിരാളികളുടെ പ്രവചനം ഫലിച്ചില്ല.
ഭാര്യയും രണ്ടുമക്കളും അമേരിക്കയിൽ തുടരുന്പോഴും ദർശൻ മാണ്ഡ്യയിൽതന്നെ നിന്നു. അച്ഛന്റെ റൈത്ത സംഘത്തെ ഒന്നുകൂടി സജീവമാക്കി. സ്വരാജ് ഇന്ത്യ പാര്‍ട്ടി നാമമാത്രമായപ്പോള്‍ അച്ഛന് സ്ഥാപിച്ച സര്‍വോദയ കര്‍ണാടക പക്ഷ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ചു.
മാണ്ഡ്യ മേഖലയിലെ കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളിലും കൂടെനിന്നു. മുണ്ടും പച്ചത്തോര്ത്തുമെല്ലാം സ്ഥിരമായി. ക്ലീന്‍ ഷേവ് ചെയ്തിരുന്ന മുഖത്ത് താടിരോമങ്ങള്‍ നിറഞ്ഞു. പഞ്ചസാരയുടെ വില നാള്‍ക്കുനാള്‍ ഉയരുമ്പോഴും കരിമ്പിന് വില കിട്ടാത്ത മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയെ നേര്‍ക്കുനേര്‍ ചോദ്യംചെയ്തു.
ഏറ്റെടുത്ത ജനങ്ങളുടെ പ്രശ്നങ്ങള്‍ രാജ്യത്തിന്റെയും കോടതികളുടെയും ശ്രദ്ധയിലെത്തിച്ചു. അതിനെതിരായ കര്‍ഷകസമരങ്ങളെ മുന്നില്‍നിന്നു നയിച്ചു. കരിമ്പിന്റെ വിലപോലും കര്‍ഷകര്‍ക്ക് കിട്ടാന്‍ വൈകിയപ്പോള്‍ അതിനെതിരേ സമരരംഗത്തിറങ്ങി.
കാവേരിയിലെ വെള്ളത്തിന്റെ നല്ലൊരു പങ്ക് തമിഴ്നാട് കൊണ്ടുപോകുമ്പോള്‍ വറ്റിവരളുന്ന മാണ്ഡ്യയിലെ കൃഷിയിടങ്ങളുടെ അവസ്ഥ രാജ്യത്തിന്റെയും കോടതികളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. അതിനെതിരായ കര്‍ഷകസമരങ്ങളുടെ മുന്‍പന്തിയില്‍ നിന്നു.
ഒടുവില്‍ വരണ്ടുണങ്ങിയ കരിമ്പിന്പാടങ്ങള്ക്കു നടുവിലുള്ള കനാലുകളിലൂടെ വെള്ളമെത്തിയപ്പോള്‍ കര്‍ഷകരുടെ ആഹ്ലാദത്തിലും പങ്കാളിയായി. സ്വതന്ത്രയായി മത്സരിച്ച നടി സുമലത മാണ്ഡ്യയില്നിന്ന് ലോക്സഭയിലെത്തിയതിനു പിന്നിലും ദര്‍ശന്റെയും കര്‍ഷകസംഘടനകളുടെയും പിന്തുണയുണ്ടായിരുന്നു.
കര്‍ണാടകയില്‍ കര്ഷകപ്രശ്നങ്ങളുയര്ന്നുവരുമ്പോഴെല്ലാം ദര്‍ശന്റെ വാക്കുകള്‍ക്ക് വിലകല്‍പിക്കാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാതെയായി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേലുക്കോട്ടയില്‍ വീണ്ടും സ്ഥാനാര്‍ഥിയായെത്തുമ്പോള്‍ ദര്ശന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ല.
കോണ്‍ഗ്രസിന്റെ പിന്തുണ ഇത്തവണയും കിട്ടിയതോടെ അനായാസമായിത്തന്നെ പുട്ടരാജുവിനെ മറികടന്ന് ദര്ശന് ആദ്യമായി നിയമസഭയിലെത്തി.അങ്ങനെ ടെക്നോക്രാറ്റായ ഒരു കര്‍ഷകപുത്രനെ മേലുക്കോട്ടക്കാര്ക്ക് എംഎല്‍എയായി കിട്ടി.
സാങ്കേതികമായി ഭരണപക്ഷത്താണെങ്കിലും കര്‍ഷകരുടെ ഏതാവശ്യം വരുമ്പോഴും അതാണ് തന്റെ പക്ഷമെന്ന് ഉറക്കെ പറയാന്‍ ദര്ശന് മടിയില്ല.
അതുകൊണ്ടുതന്നെയാണ് ഇത്തവണ കാവേരിയില്‍നിന്ന് കൂടുതല്‍ വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാനുള്ള വിധിയെ സര്‍ക്കാര്‍ എതിര്‍ക്കാതിരുന്നിട്ടും അതിനെതിരായി സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ ദര്ശന് തീരുമാനിച്ചത്.
പൊതുവേ കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആളില്ലാതാകുന്ന കാലത്ത് ദര്ശനെപ്പോലുള്ളവരുടെ ശബ്ദം രാജ്യത്തിന്റെ പ്രതീക്ഷയാവുകയാണ്.