30 വർഷം മുന്പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്യമാണ്. അതു തിരികെ കിട്ടുന്നത് സന്തോഷകരമായ കാര്യവും. എന്നാൽ മോഷ്ടിക്കപ്പെട്ട സാധനം 30 വർഷത്തിനുശേഷമാണു തിരിച്ചുകിട്ടുന്നത് എങ്കിലോ? സന്തോഷത്തിനൊപ്പം അതിശയംകൂടി തോന്നും.
സംഭവം ഇങ്ങനെ: തെക്കുപടിഞ്ഞാറൻ റഷ്യയിൽ ഏകദേശം 30 വർഷം മുൻപ് ഓഡ്രി ഹേ എന്ന സ്ത്രീയുടെ ബാഗ് മോഷ്ടിക്കപ്പെട്ടു. അവരുടെ ജോലിസ്ഥലത്തുനിന്നാണു ബാഗ് മോഷണം പോയത്. പോലീസിൽ പരാതിയൊക്കെ നൽകിയെങ്കിലും ബാഗിനെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. പിന്നീട് ഓഡ്രി ഹേ അക്കാര്യം മറക്കുകയും ചെയ്തു.
എന്നാൽ അടുത്തനാളിൽ സോഷ്യൽ മീഡിയയിൽ മോഷണം പോയ തന്റെ ബാഗിന്റെ ചിത്രം അവർ കണ്ടു. ഉടൻതന്നെ ചിത്രം പോസ്റ്റ് ചെയ്തയാളെ ബന്ധപ്പെട്ടു. താമസിയാതെ ബാഗ് കൈവശമെത്തുകയുംചെയ്തു. ബാഗ് നഷ്ടപ്പെടുന്പോൾ ഓഡ്രി ഹേക്കു പ്രായം 51. തിരിച്ചുകിട്ടുന്പോൾ 81 വയസും.
മൈസി കൗട്ട്സ് എന്ന പതിനൊന്നുകാരിയായിരുന്നു ബാഗിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഡോൺ നദിയുടെ തീരത്തുകൂടി മാതാപിതാക്കൾക്കൊപ്പം നടക്കുന്നതിനിടെ ഈ ബാഗ് മൈസിയുടെ കണ്ണിൽപ്പെടുകയും ഉടമയെ കണ്ടെത്തണമെന്ന ആഗ്രഹത്തോടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇടുകയുമായിരുന്നു.
ബാഗിനുള്ളിൽ പേന, നാണയങ്ങൾ, ലിപ്സ്റ്റിക്, കമ്മലുകൾ, താക്കോൽ, ടാബ്ലെറ്റുകൾ, വിവിധ കാർഡുകൾ എന്നിവയ്ക്കൊപ്പം ഓഡ്രി ഹേയുടെ പേരുമുണ്ടായിരുന്നു. നഷ്ടപ്പെടുന്പോൾ ബാഗിൽ 200 ഡോളർ ഉണ്ടായിരുന്നെങ്കിലും തിരിച്ചുകിട്ടിയപ്പോൾ അതുണ്ടായിരുന്നില്ല.
പണമെടുത്തശേഷം കള്ളൻ ബാഗ് ഡോൺ നദിയിലേക്കു വലിച്ചെറിഞ്ഞിരിക്കാമെന്നും അതു പിന്നീട് തീരത്തടിഞ്ഞതാകാമെന്നും കരുതുന്നു. എന്തായാലും ഈ തിരിച്ചുകിട്ടൽ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു.