മരുന്നുവാഴും മലൈ അഥവാ മരുത്വാമല
കോട്ടൂർ സുനിൽ
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാരി ജില്ലയിലെ മരുന്നുവാഴുംമലൈ. മലയാളത്തിൽ അത് മരുത്വാമല. പശ്ചിമഘട്ടമലനിരയിലെ മരുത്വാമല. ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറേബ്യൻ കടൽ അവയുടെ സംഗമസ്ഥാനമായ കന്യാകുമാരിയിൽ നിന്നും കേവലം 5 കിലോമീറ്റർ മാറിയുള്ള ഈ ഐതീഹ്യഭൂമിയിൽ ചരിത്രത്തിന്റെയും ആത്മീയതയുടേയും കാൽപ്പാടുകൾ പടർന്നുകിടപ്പുണ്ട്.
ജൈവ വൈവിധ്യമേഖല
സമുദ്രനിരപ്പിൽനിന്നും ഏകദേശം 800 അടിയോളം ഉയരത്തിൽ 625 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് മരുത്വാമല. മരുത്വാമല നിരവധി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമാണ്. മികച്ച ജൈവവൈവിധ്യമേഖല. ജനങ്ങളാണ് ഈ വനഭൂമിയുടെ സംരക്ഷകർ.
വനംവകുപ്പ് കാര്യങ്ങൾ നോക്കുമെങ്കിലും ജനങ്ങളുടെ കൈകളിൽ ഈ മല ഭദ്രമാണ്. ആയുർവേദ മരുന്നുകളുടെ കാലവറയാണത്രെ ഈ കുന്ന്. മരുത്വാമലയിലെ ഔഷധ സസ്യങ്ങളെകുറിച്ച് ഒരുപാട് പഠനങ്ങളും നടന്നുവരുന്നു.
ഐതിഹ്യപ്രകാരം ലങ്കാപുരിയിൽ നടന്ന യുദ്ധത്തിൽ നാഗാസ്ത്രമേറ്റ് ബോധരഹിതരാകുന്ന ലക്ഷ്മണന്റെയും അനുയായികളുടെയും ജീവൻ രക്ഷിക്കാനായി ജാംബവാന്റെ നിർദ്ദേശപ്രകാരം മൃതസഞ്ജീവനി തേടിപ്പോയ ഹനുമാൻ ഹിമാലയസാനുക്കളിലെ ഋഷഭാദ്രി മലയിലേക്ക് (ഉത്തരാഖണ്ഡിലെ ചമോലിയിലെ ദ്രോണപർവതം) പോകുകയും എന്നാൽ ഈ ഔഷധസസ്യങ്ങളുടെ പേരുകൾ ഓർക്കാൻ കഴിയാത്തതിനാൽ ഋഷഭാദ്രി മല അടർത്തിയെടുത്ത് കൈകളിൽ താങ്ങി ലങ്കാപുരിയിലേക്ക് പറക്കുകയും ചെയ്തു.
അപ്പോൾ അദ്ദേഹത്തിന്റെ കൈയിൽനിന്നും വഴുതിവീണ മലയുടെ ഒരു ഭാഗമാണ് ഇന്ന് മരുത്വാമല എന്ന് അറിയപ്പെടുന്നതത്രേ. ഒരുകാലത്ത് അഗസ്ത്യമുനിയും പരമാർത്ഥ ലിംഗേശ്വരരുമടക്കം ഒട്ടനവധി ഋഷിവര്യന്മാരും, സന്യാസിമാരും വസിച്ചിരുന്ന സ്ഥലമായിരുന്നു മരുത്വാമല.
ഇന്നിവിടെ രണ്ടുമൂന്ന് അമ്പലങ്ങളും , ഒമ്പതോളം പുണ്യ തീർത്ഥങ്ങളും ഉണ്ട്. ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവുമെല്ലാം ആത്മചൈതന്യത്തെ കണ്ടെത്തിയയിടം. ശ്രീനാരായണ ഗുരുദേവൻ വർഷങ്ങളോളം ധ്യാനിച്ച ഗുഹയുണ്ടിവിടെ. തനിക്ക് ആത്മചൈതന്യം കിട്ടിയത് ഇവിടെ നിന്നാണെന്ന് നാരായണഗുരു പറഞ്ഞിട്ടുണ്ട്. ചട്ടമ്പിസ്വാമികളും ഇവിടെ വന്നിരുന്നത്രെ.
സവിശേഷതകൾ
നാഗർകോവിലിൽ നിന്ന് കന്യാകുമാരിക്ക് പോകുന്ന വഴിയിൽ കന്യാകുമാരിക്ക് അഞ്ച് കിലോമീറ്റർ മുമ്പേ ഇടതുവശത്തായാണ് മരുത്വാമല സ്ഥിതി ചെയ്യുന്നത്.പൊറ്റയടി എന്നാണ് ഈ പ്രദേശത്തിന്റെ പേര്. അതിദുർഘടം നിറഞ്ഞ കുത്തനെയുള്ള കയറ്റമാണ് മരുത്വാമലയിലേക്കുള്ള വഴി.
മേഘമാർഗത്തെ തടയുംവിധം ഉയരമുള്ള മലകളാണ് ഇവിടം മുഴുവൻ. പ്രധാനമായും മൂന്ന് മലകൾ ഒത്തു ചേർന്നാണ് മരുത്വാമല നിലകൊള്ളുന്നത്.മലമുകളിൽ നിറഞ്ഞു നിൽക്കുന്ന കാട്ടുവള്ളികൾക്കും വൃക്ഷസഞ്ചയങ്ങൾക്കുമൊപ്പം തന്നെ പലതരത്തിലുള്ള ഔഷധസസ്യങ്ങളുമുണ്ടിവിടെ.
മരുന്നുവാഴുംമലൈ എന്ന പേരാണ് പിന്നെ മരുത്വാമല ആയി മാറിയത്. ഇവിടുത്തെ ഔഷധക്കാറ്റും ശുദ്ധവായുവും മല കയറുന്നതിനിടയിൽ നമുക്ക് പകർന്നു തരുന്ന ഉന്മേഷം അത്രയ്ക്ക് വലുതാണ്. അതിരാവിലെയുള്ള മലകയറ്റം ആയാസരഹിതമാണ്.
മല കയറുന്ന സയയത്ത് ചുറ്റും കാണുന്നത് ആകാശത്തെ ചുംബിച്ചു പച്ചപ്പട്ടുടുത്ത് നിൽക്കുന്ന മനോഹരമായ കുന്നുകളാണ്. ആദ്യം കുറച്ചു ദൂരം കയറി പോകാൻ കൽപടികളുണ്ട്. പാതയ്ക്കിരുവശത്തുമായി വലുതും ചെറുതുമായ പാറക്കെട്ടുകളും ഇടതൂർന്ന് വളരുന്ന പലതരം കാട്ടുചെടികളും കാണാം.
മല കയറി പോകുമ്പോൾ പാറയ്ക്ക് മുകളിൽ കൊത്തിയ ഹനുമാന്റെ ശിലയുണ്ട്. പോകുന്ന വഴിയിൽ ചിലയിടത്ത് ശിവലിംഗവും നാഗവിഗ്രഹങ്ങളുമൊക്കെ കാണാൻ കഴിയും. തുടർന്ന് ചെറിയൊരു ആശ്രമം. ആശ്രമവും കഴിഞ്ഞ് പോകുമ്പോൾ കാണുന്നത് ഒരു ഗുഹയാണ്.
സ്വരൂപാനന്ദസ്വാമിയെന്ന ഋഷിവര്യൻ തപസ് അനുഷ്ഠിച്ച സ്ഥലമാണീ ഗുഹ. പിന്നെ പാറക്കെട്ടിനിടയിലൂടെയുള്ള മൺപാതയിലൂടെ കുത്തനെയുള്ള കയറ്റം എത്ര കൊടുംവേനലിലും ഇവിടെ തണുപ്പ് മാത്രം. മൂന്നാമത്തെ മലയിലാണ് പിള്ളത്തടം ഗുഹ. ശ്രീനാരായണഗുരു ആറ് വർഷക്കാലം ഏകാന്തതപസ് അനുഷ്ഠിച്ചയിടമാണ് മരുത്വാമലയുടെ ഗർഭസ്ഥാനമായ പിള്ളത്തടംഗുഹ.
ശ്രീനാരായണഗുരുവിനു മുമ്പും ശേഷവും ഒരുപാട് യോഗികൾക്ക് ഇവിടം തപോഭൂമിയായിട്ടുണ്ട്. പിള്ളത്തടംഗുഹയ്ക്കുള്ളിൽ ഏതു കൊടുംവേനലിലും തണുപ്പുള്ള കാലാവസ്ഥയാണ്. ഇവിടെ അൽപനേരമിരുന്നാൽ വിശപ്പും ദാഹവും പോലും മറക്കും.
ഇവിടുത്തെ ആറ് വർഷത്തെ തപസിനിടയിൽ ഗുരുവിന്റെ ഭക്ഷണം കട്ടുക്കൊടി എന്നു പേരുള്ള ഔഷധസസ്യമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇതു കഴിച്ചാൽ വിശപ്പും ദാഹവും അറിയില്ലത്രേ. രണ്ട് പാറക്കെട്ടുകൾക്കിടയിലെ വിള്ളലാണ് ഗുഹയുടെ വാതിൽ.
മരുത്വാമലയെക്കുറിച്ച് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരുകളുടെ വിവിധ ഏജൻസികളും പഠനവും ഗവേഷണവും നടത്തുകയാണ്. ഇവിടുത്തെ ഔഷധസസ്യങ്ങളെ സംബന്ധിച്ചാണ് അധികപഠനവും. ഇതിനായി ഗവേഷകർ അടക്കം ഇവിടെ എത്തുന്നു.
അടുത്തിടെ ഇവിടെ നിന്നും സഹ്യസാനുവിലെ ചില അപൂർവ്വയിനം ചെടികൾ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. ഇതു സംബന്ധിച്ച് പഠനം നടന്നുവരികയാണ്. മൃതസഞ്ജീവനിയും വിശല്യകരണിയും സന്താനകരണിയും സുവർണകരണിയും ഇപ്പോഴും അവിടെ കണ്ടേയ്ക്കാം. പക്ഷേ അവയെ തിരിച്ചറിയാൻ ഇനിയുമൊരു ജാംബവാൻ നമുക്കെവിടെയുണ്ടാവാൻ?
യാത്ര
അതിരാവിലെയോ വൈകുന്നേരമോ ഇവിടെ എത്തുന്നതാണ് ഉചിതം. പ്രത്യേകിച്ചും സൂര്യ ഉദയാസ്തമയങ്ങൾ അതിനുമുകളിൽ നിന്നുകാണുന്നത് നല്ലൊരു അനുഭവമായിരിക്കും. മൂന്ന് കടലുകളും ഇവിടെ നിന്നാൽ കാണാൻ കഴിയും.
കന്യാകുമാരിയിലെ വിവേകാനന്ദപ്രതിമയും തിരുവള്ളുവർ പ്രതിമയും ഭംഗിയായി കാണാം. മരുത്വാമല ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്നതിനപ്പുറം ഒരു തീർത്ഥാടനം കേന്ദ്രം കൂടിയാണ്. ട്രെക്കിങ്ങിനായി ഇങ്ങോട്ടു വരുന്ന സഞ്ചാരികളോടൊപ്പം തന്നെ ഒരുപാട് വിശ്വാസികളും ഇവിടേക്ക് ദിനംപ്രതി എത്തുന്നുണ്ട്.