‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍)
മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവരുടെ മൂല്യം മനസിലാക്കി വളര്‍ത്തിക്കൊണ്ടു വരണം. വിവാഹം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. മക്കള്‍ക്ക് മാത്രം അവകാശപ്പെട്ട നമ്മളുടെ സ്വത്ത് നിബന്ധന വച്ച് ഇത്ര സ്വര്‍ണം, ഇത്ര പണം, ഇന്ന വണ്ടി എന്നു നിര്‍ബന്ധിച്ചു വാങ്ങി പെണ്‍കുട്ടികളെ കല്യാണം കഴിച്ചുകൊണ്ടുപോകാന്‍ ആരെയും അനുവദിക്കരുത്.
ഒരാളോട് ഇഷ്ടം തോന്നുന്നത് തെറ്റല്ല. പക്ഷേ ആ ഇഷ്ടത്തിന്റെ മൂല്യം മനസിലാകാത്തവര്‍ക്കു വേണ്ടി ജീവിതം നശിപ്പിച്ചു കളയാതിരിക്കാന്‍ മാനസികമായി കുട്ടികളെ പാകപ്പെടുത്താനാണ് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഒരു തകര്‍ച്ച വന്നാല്‍ താങ്ങി നിര്‍ത്തേണ്ടത് മാതാപിതാക്കള്‍തന്നെയാണ്. നമ്മുടെ സ്വത്ത് മക്കള്‍ക്ക് അവകാശപ്പെട്ടതാണ്. അത് എങ്ങനെ കൊടുക്കണമെന്ന് നമ്മളും എങ്ങനെ വേണമെന്ന് മക്കളും ചേര്‍ന്ന് തീരുമാനിക്കട്ടെ.
പെണ്‍കുട്ടികളെ ആത്മാഭിമാനമുള്ളവരായി വളര്‍ത്തുക. നമ്മുടെ പെണ്‍കുട്ടികള്‍ വ്യക്തിത്വവും നിലപാടുമുള്ളവരായിത്തീരട്ടെ. സ്വന്തം കഴിവും പ്രാപ്തിയും മനസിലാക്കാതെ സ്ത്രീധനത്തിന്റെ മുന്നില്‍ ജീവിതം ഹോമിക്കുന്ന പെണ്‍കുട്ടികളോടു പറയാനുള്ളത് സ്ത്രീധനം ആവശ്യപ്പെടുന്നവരോടൊത്തൊരു ജീവിതം തീരെ സുഖകരമാകില്ല എന്നുതന്നെയാണ്.
സ്ത്രീ സ്വയം കണ്ണാടിയാവട്ടെ
സുധക്കുട്ടി (എഴുത്തുകാരി)
ഒരു പരിചയക്കാരി അവരുടെ മകന്റെ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത് ‘ഓ, എന്നാ പറയാനാ പെണ്ണ് വീട്ടുകാര്‍ ഞങ്ങളെ പറ്റിച്ചു' എന്നായിരുന്നു. വിശദമായി ചോദിച്ചപ്പോഴാണ് ആര്‍ത്തിയുടെ ചുരുളഴിഞ്ഞത്. വധു പോസ്റ്റ് ഗ്രാഡ്വേറ്റുകാരിയായ ബാങ്ക് ഉദ്യോഗസ്ഥയാണ്.
പ്ലസ്ടു തോറ്റ വരന് അന്യനാട്ടില്‍ ഏതോ മാര്‍വാഡിയുടെ കമ്പനിയില്‍ ചെറിയ ജോലിയുണ്ട്. പ്രണയവിവാഹമാണ്. വന്റെ വീട്ടുകാര്‍ മോഹിച്ച അളവില്‍ പൊന്ന് പെണ്ണിന്റെ ദേഹത്തുണ്ടായിരുന്നില്ല. അതിനാണ് ഒരു ഉളുപ്പുമില്ലാതെ പറ്റിക്കപ്പെട്ടു എന്ന് പറഞ്ഞത്. സത്യത്തില്‍ ആര് ആരെയാണ് പറ്റിച്ചിരിക്കുന്നതെന്ന് ഓര്‍ത്തപ്പോള്‍ ചിരി വന്നു. എന്തൊരു പ്രതിഭാസമാണിത്.
ഇത്തരം ബന്ധത്തിലൊക്കെ എവിടെയാണ് പ്രണയമുള്ളത്. പെണ്‍കുട്ടികള്‍ സ്വന്തം വ്യക്തിത്വത്തില്‍ അഭിമാനിക്കുന്ന കാലത്ത്, പ്രണയത്തിന്റെ പേരിലുള്ള ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയുന്ന കാലത്ത് വില്ക്കാന് ഇവിടെ പെണ്ണില്ല, വേഗം സ്ഥലം ഒഴിവാക്കൂ എന്ന് മാതാപിതാക്കള്‍ ശബ്ദമുയര്‍ത്തി പറയുന്ന കാലത്ത് മാത്രമേ ഈ ദുരാചാരത്തിന് അന്ത്യമുണ്ടാകൂ. എടുപിടീന്ന് അതുണ്ടാവുമെന്ന് കരുതുന്നില്ല. പക്ഷേ അത് സംഭവിക്കുകതന്നെ ചെയ്യും.
വിവാഹമേ വേണ്ട എന്ന ചിന്താഗതി പെണ്‍കുട്ടികളില്‍ പെരുകുകയാണെന്ന വസ്തുത മറക്കരുത്. ഞാന്‍തന്നെയാണ് ഏറ്റവും വലിയ ധനം എന്ന് ചിന്തിക്കുന്ന അഭിമാനികളായ പെണ്‍കുട്ടികളുടെയും പരസ്പരപൂരകങ്ങളാണ് ഞങ്ങള്‍ ഇരുവരും എന്ന് ചിന്തിക്കുന്ന ആണ്‍കുട്ടികളുടെയും തലമുറ ഉയര്‍ന്ന് വരികതന്നെ ചെയ്യും. അത് പ്രകൃതിനിയമം.
വില്പനവസ്തുവല്ല സ്ത്രീ
വിസ്മയ ബിനില്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥിനി)
സ്ത്രീധനം കൊടുക്കുന്നതിനോടും വാങ്ങിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. സ്ത്രീയെ ഒരു വില്പന വസ്തുവായി കാണരുത്. ഇന്ന് സമൂഹത്തില്‍ എത്ര പെണ്‍കുട്ടികളുടെ ജീവനാണ് സ്ത്രീധനത്തിന്റെ പേരില്‍ ഹോമിക്കപ്പെടുന്നത്.
അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ല
ദിനേഷ് മേനോൻ (സംവിധായകന്, തിരക്കഥാകൃത്ത്)
‘സ്ത്രീധന'മെന്ന പ്രയോഗത്തില്‍ വലിയൊരു കള്ളത്തരം അതിസൂക്ഷ്മമായി ഒളിപ്പിച്ചിരിക്കുന്നു. സ്ത്രീസമത്വം, സ്ത്രീശാക്തീകരണം, ആധുനികത എന്നൊക്കെ വലിയ പൊങ്ങച്ചം പറയുന്ന സമൂഹത്തില്‍ ‘മാന്യന്മാർ’ പരസ്യമായി ചെയ്യുന്ന കുറ്റകൃത്യമാണു സ്ത്രീധനം.
നിലവിലെ വ്യവസ്ഥിതികളില്‍ പെട്ടെന്നൊരു അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എന്നാലും ആഗ്രഹിക്കുന്നുണ്ട്.
‘താന്‍ പോടോ' എന്നു പറയണം
കെ.കെ. കൃഷ്ണേന്ദു (വിദ്യാർഥിനി)
സ്ത്രീയെ വിവാഹക്കമ്പോളത്തിലെ പ്രദര്‍ശന വസ്തു ആക്കുന്ന സ്ത്രീധന സമ്പ്രദായത്തോട് നോ പറയാന്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആര്‍ജവം ഉണ്ടാവണം. നൂറു പവനും കാറും കൊടുത്തു പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ച് അയയ്ക്കുന്നതാണ് അഭിമാനം എന്ന് കരുതുന്ന മാതാപിതാക്കള്‍ ഇനി എന്നാണ് മാറി ചിന്തിക്കുക.
സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും നടന്നതിനുശേഷം കുറച്ചുനാളത്തേക്ക് മാത്രം സംസാരിക്കേണ്ട വിഷയം അല്ല ഇത്. ശക്തമായ നിയമങ്ങളിലൂടെ വേണം ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍. പ്രഫഷണല്‍സ് വരെ സ്ത്രീധനം ആവശ്യപ്പെടുന്നു എന്നത് ദുഃഖകരമായ കാര്യമാണ്.
പ്രണയത്തിനും മേലെ പണത്തിന് വില ഇടുമ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ ‘താന്‍ പോടോ' എന്ന് തിരിച്ച് പറയാന്‍ പെണ്‍കുട്ടികള്‍ക്കാവണം. സ്വയംപര്യാപ്തരാവുക എന്നതാണ് പെണ്‍കുട്ടികള്‍ ചെയ്യേണ്ടത്. വിവാഹം അല്ല ഒരു പെണ്‍കുട്ടിയുടെ അവസാനലക്ഷ്യം എന്നും അറിയണം.
പതിനെട്ട് തികഞ്ഞാല്‍ ബാധ്യത തീര്‍ക്കുന്നതുപോലെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ തിടുക്കം കൂട്ടുന്ന വീട്ടുകാര്‍ക്ക് തിരിച്ചറിവ് ആകട്ടെ. ഇനി ഒരു വിസ്മയയും ഷഹനയും ആവര്‍ത്തിക്കാതിരിക്കട്ടെ.
സീമ മോഹന്‍ലാല്‍