‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
Wednesday, December 20, 2023 1:23 PM IST
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷബ്നയ്ക്ക് സ്വന്തം ജീവന് വെടിയേണ്ടിവന്നത് ഭര്‍തൃവീട്ടിലെ കൊടിയ പീഡനം മൂലമാണ്. കഴിഞ്ഞ നാലിനായിരുന്നു ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ഷബ്നയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ജീവനൊടുക്കുന്നതിനു മുൻപ് ഭര്‍ത്താവിന്റെ അമ്മ, അമ്മാവന്, സഹോദരി എന്നിവര്‍ ഷബ്നയോട് വഴക്കിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുവതിതന്നെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. അത് കേസിലെ പ്രധാന തുമ്പുമായി.
നല്ലൊരു ദാമ്പത്യം കൊതിച്ച്
പത്തു വര്‍ഷം മുമ്പാണ് ആയഞ്ചേരി സ്വദേശി ഷബ്നയെ തണ്ടാര്‍കണ്ടി ഹബീബ് വിവാഹം ചെയ്തത്. വിവാഹസമയത്ത് ഇവര്‍ക്ക് 120 പവന് സ്വര്‍ണം നല്‍കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭര്‍തൃവീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പലതവണ ഷബ്നയോട് പറഞ്ഞിരുന്നു.
എന്നാല്‍ അവര്‍ അവിടെത്തന്നെ തുടര്‍ന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ തീരുമാനിച്ചു. ഇതിനായി വിവാഹസമയത്ത് നല്കിയ 120 പവന് സ്വര്‍ണം തിരിച്ചുവേണമെന്ന് ഷബ്ന ഭര്‍തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
തെളിവായി വീഡിയോ ദൃശ്യങ്ങള്‍
ഷബ്ന ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ ഹബീബിന്റെ അമ്മാവൻ ഹനീഫ അടിക്കാന്‍ ശ്രമിക്കുന്നതു കാണാം. ‘ഇറങ്ങിപ്പൊയ്ക്കോ.. നിനക്കിവിടെ ഒരു അവകാശവുമില്ലെന്ന് പറഞ്ഞാണ് ഷബ്നയെ അടിക്കാൻ അയാൾ കൈ ഉയര്‍ത്തുന്നത്. ‘പെണ്ണുങ്ങള് ആണുങ്ങളുടെ മുന്പില് വന്ന് വര്‍ത്തമാനം പറയരുതെന്നും അമ്മാവന് പറയുന്നു.
ഇവ വീഡിയോയിൽ പകർത്തിയ ഷബ്ന ഇവിടെ കോടതിയും പോലീസും നിയമവും ഒന്നുമില്ലേ എന്നു ചോദിച്ച് മുറിയില്‍ കയറി വാതിലടച്ചു. അമ്മയെ രക്ഷിക്കാന്‍ ഷബ്നയുടെ മകള്‍ അപേക്ഷിച്ചെങ്കിലും ആരും അനങ്ങിയില്ല.
രാത്രിയില്‍ ഷബ്നയുടെ ബന്ധുക്കളെത്തി വാതില്‍ തുറന്നപ്പോൾ ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ഷബ്നയുടെ മൃതദേഹമാണ് കണ്ടത്. ഭർത്താവ് ഹബീബ് വിദേശത്തുനിന്നു നാട്ടിലെത്താനിരിക്കെയായിരുന്നു ഷബ്നയുടെ മരണം.
അമ്മാവനും അമ്മായിയമ്മയും അറസ്റ്റില്‍
സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവൻ ഹനീഫയെ മാത്രമായിരുന്നു പോലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ പോലീസ് ആദ്യം തയാറായില്ല. ഇതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഷബ്നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെ കൂടി കേസില്‍ പ്രതി ചേര്‍ത്തു.
ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. പ്രായം പരിഗണിച്ച് ഭര്‍തൃപിതാവിനു കോടതി മുന്‍കൂര്‍ ജാമ്യം നല്കി. വടകര ഡിവൈഎസ്പി ആര്. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
ഞെട്ടിക്കുന്ന കണക്കുകള്‍
സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഈവർഷം ഒക്ടോബര്‍വരെ സംസ്ഥാനത്ത് ഏഴു സ്ത്രീധന മരണങ്ങളാണ് സംഭവിച്ചത്. 2022ല്‍ 11 സ്ത്രീധന മരണങ്ങളും 2021ല്‍ ഒമ്പതു സ്ത്രീധന മരണക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2020ല്‍ ആറ്, 2019ല്‍ എട്ട്, 2018ല്‍ 17, 2017ല്‍ 12, 2016ല്‍ 25 എന്നിങ്ങനെയാണ് സ്ത്രീധന മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനു രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും അന്പരപ്പിക്കുന്നതാണ്.
2023 ഒക്ടോബര്‍ വരെ ഇത്തരത്തിലുള്ള 3,997 കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോർട്ട് ചെയ്തത്. 2022ല്‍ 4,998 കേസുകളും 2021 ല്‍ 4,997 കേസുകളും 2020 ല്‍ 2,707 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
2019ല്‍ 2,970 കേസുകള്‍, 2018 ല്‍ 2,046 കേസുകള്‍, 2017 ല്‍ 2,856 കേസുകള്‍, 2016 ല്‍ 3,455 കേസുകള്‍ എന്നിങ്ങനെയാണ് ഭര്‍ത്താവിനും ഭര്‍തൃ ബന്ധുക്കള്‍ക്കുമെതിരേ റിപ്പോര്‍ട്ട് ചെയ്തത്.
പരാതിപ്പെടാന്‍ മടിക്കേണ്ട
സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്നമുണ്ടായാല്‍ സ്ത്രീകള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ വനിതാശിശു വികസന വകുപ്പിന്റെ ജില്ലാ ഓഫീസര്‍ക്ക് ഓണ്‍ലൈനായും പോസ്റ്റലായും പരാതി നല്‍കാം.
പരാതി ലഭിച്ച് മൂന്നു പ്രവര്‍ത്തി ദിവസത്തിനകം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ പരാതിക്കാരിയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തും. പരാതിക്കാരി തെളിവുകളും രേഖകളും ഹാജരാക്കിയാല്‍ ഉടന്‍ ഹിയറിംഗ് തുടങ്ങും.
ഭര്‍ത്താവ് ആരോപണങ്ങള്‍ നിഷേധിച്ചാല്‍, അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും ആവശ്യമെന്ന് കണ്ടാല്‍ കേസ് പോലീസിന് കൈമാറുകയും ചെയ്യും. എല്ലാ പഞ്ചായത്തുകളിലും വെള്ളിയാഴ്ചകളില്‍ നടത്തുന്ന അദാലത്തുകളിലും സ്ത്രീകള്‍ക്ക് പരാതികള്‍ നല്‍കാം.
അദാലത്തുകളില്‍ ലഭിക്കുന്ന പരാതികള്‍ തരംതിരിച്ച് അതാത് ജില്ലാതല ഓഫീസര്‍മാര്‍ക്ക് കൈമാറും. വനിതാ ശിശു വികസന വകുപ്പിന്റെ ഹെല്പ് ലൈന്‍ നമ്പറായ 181 ലേക്ക് വിളിച്ചും സ്ത്രീകള്‍ക്ക് സഹായം തേടാം.
സീമ മോഹന്‍ലാല്‍