അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
Friday, December 8, 2023 1:35 PM IST
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്നാട്ടില്‍നിന്നു ചിന്നച്ചാമി എത്തിയത്. എസ്റ്റേറ്റിലെ ലയത്തിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് അതിനടുത്തുതന്നെ ഒരു വീട്ടിലേക്കു താമസം മാറി.
ഒരുദിവസം ലയത്തിലെ മറ്റൊരു തൊഴിലാളിയുടെ അഞ്ചു വയസുകാരിയായ മകളെ കാണാതായി. കുട്ടിക്കായി എസ്റ്റേറ്റിലെ തൊഴിലാളികളെല്ലാം തെരച്ചിലായി. ചിന്നച്ചാമിയും ഇവര്‍ക്കൊപ്പം കുഞ്ഞിനെ തെരയാൻ മുന്പന്തിയിയിലുണ്ടായിരുന്നു.
പോലീസും അന്വേഷണം ആരംഭിച്ചു. സംശയം തോന്നിയ തൊഴിലാളികളെയെല്ലാം ചോദ്യം ചെയ്തു. ചിന്നച്ചാമിയെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞ ചില പരസ്പരവിരുദ്ധമായ മറുപടി പോലീസില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഒരു അരുംകൊലയുടെ ചുരുളഴിഞ്ഞു.
പണി കഴിഞ്ഞു നേരത്തെ താമസസ്ഥലത്തെത്തിയ ചിന്നച്ചാമി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ എസ്റ്റേറ്റിനുള്ളിയെ ഒരു കുഴിയില്‍ കൊണ്ടിട്ടശേഷം കമ്പും കരിയിലയും ഇട്ടു മൂടി.
ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇത്തരത്തില്‍ അഞ്ചു കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നു പോലീസിനോടു സമ്മതിച്ചു. ഇതോടെ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ചു കുരുന്നു പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനു വിരാമമായി.
കാണാതാകുന്ന ആണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരെയും കണ്ടെത്താറുണ്ട്. എന്നാല്‍ പെണ്‍കുട്ടികളില്‍ കൂടുതല്‍ പേരെയും കണ്ടെത്താന്‍ കഴിയാറില്ല. ഇതിനു പിന്നിൽ ചിന്നച്ചാമിമാരാണെന്നാണു സംശയം.
വീടിന്റെ ഉമ്മറത്തുനിന്നു കാണാതായ ദിയമോൾ
2014 ഓഗസ്റ്റ് 01. കണ്ണൂര്‍ ജില്ലയിലെ കീഴ്പള്ളി കോയിയോട് ഗ്രാമം. ഇടവേളയില്ലാതെ കോരിച്ചൊരിയുന്ന മഴ. സുഹൈൽ-ഫാത്തിമ ദന്പതികളുടെ മകൾ ഒന്നരവയസുകാരി ദിയ വീടിന്റെ ഉമ്മറത്തിരുന്നു കളിക്കുകയായിരുന്നു. മകൾക്കൊപ്പം അമ്മ ഫാത്തിമയും ഉണ്ടായിരുന്നു.
ഇടയ്ക്ക് അടുക്കളവരെ പോയ ഫാത്തിമ തിരികെയെത്തിയപ്പോള്‍ മകളെ കാണാനില്ല. ഒൻപതു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ പൊന്നുമോള്ക്കുവേണ്ടിയുള്ള കാത്തിരിപ്പിന് അവസാനമായിട്ടില്ല.
കാണാതായ ദിയ വീടിനു നൂറു മീറ്റര്‍ മാത്രം അകലെയുള്ള നിറഞ്ഞൊഴുകുന്ന തോട്ടില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് എല്ലാവരും കരുതിയത്. ദിവസങ്ങളോളും വീട്ടുകാരും നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തി. തോട് ചെന്നു ചേരുന്ന വളപട്ടണം പുഴയിലും തീരദേശമേഖലകളിലും ഉള്‍പ്പെടെ ആഴ്ചകളോളം തെരച്ചില്‍ നീണ്ടു. നിരാശയായിരുന്നു ഫലം.
പിച്ചവച്ചു തുടങ്ങുക മാത്രം ചെയ്ത ആ ഒന്നര വയസുകാരി വീട്ടില്‍നിന്നു 100 മീറ്റര്‍ അകലെയുള്ള കൈത്തോട് വരെ നടന്നുപോയെന്ന് ആരും വിശ്വസിക്കുന്നില്ല. കുഞ്ഞിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി ഉയര്‍ന്നതോടെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. പക്ഷേ അന്വേഷണങ്ങളെല്ലാം വിഫലമായി.
കൂടുതലും പെൺകുട്ടികൾ
കേരളത്തില്‍ കാണാതാകുന്നതില് കൂടുതലും പെണ്കുട്ടികളെയാണെന്നത് ഞെട്ടിക്കുന്നതാണ്. സ്കൂളുകളെ ഉന്നംവച്ച് സെക്സ്റാക്കറ്റുകള്‍ പിടിമുറുക്കുന്നതായി ഏതാനും വര്‍ഷം മുമ്പു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മൂന്നു പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അന്നു നടന്ന അന്വേഷണമാണ് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനം വെളിച്ചത്തു കൊണ്ടുവന്നത്. മധ്യകേരളത്തില്‍നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും മറ്റു പല ജില്ലകളിലും ഇത്തരത്തിലുള്ള സംഘങ്ങൾ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സംഭവം നടന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ഇതു പോലീസിനു മുന്നിലേക്കെത്തുന്നത്. വീട്ടുകാരും സ്കൂള്‍ അധികൃതരും രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍നിന്നു കുട്ടികളെ കണ്ടെത്തിയിരുന്നു. കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളിലെ പൂർവവിദ്യാര്‍ഥിയും മറ്റൊരു സ്കൂളിലെ അധ്യാപികയുമായ യുവതിയാണ് വിദ്യാര്‍ഥിനികളെ തമിഴ്നാട്ടിലെത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
രക്ഷിതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും അപേക്ഷ കണക്കിലെടുത്ത് സംഭവത്തില്‍ പോലീസ് കേസെടുത്തില്ല. പിന്നീടു പോലീസ് സമാനസംഭവങ്ങളെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള റാക്കറ്റിന്റെ പ്രവര്‍ത്തനം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ സ്കൂള്‍ അധികൃതര്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശവും നല്കി.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം വലിയൊരു വിപത്തായി മാറിയിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ തുറന്നുപറച്ചിലുകള്‍ കുറഞ്ഞുവരുന്നു. സുഹൃത്തുകളോടും രക്ഷിതാക്കളോടും അധ്യാപകരോടുമെല്ലാം അകലം പാലിക്കുന്നവരാണ് പുതുതലമുറ. യഥാര്‍ഥ സൗഹൃദമെന്നു വിശ്വസിച്ച് ആശ്രയിക്കുന്ന സോഷ്യല്‍മീഡിയ പലപ്പോഴും ചതിക്കുഴിയാകുമെന്നു സ്കൂളുകളില്‍ കൗണ്‍സിലിംഗ് നടത്തുന്ന ഒരു അധ്യാപകന് ചൂണ്ടിക്കാട്ടി.
തുറന്നു പറയാൻ പരാതിപ്പെട്ടികൾ
വര്‍ധിച്ചു വരുന്ന കൗമാരക്കാരുടെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരെ നേര്‍വഴിക്കു നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. തുറന്നു പറച്ചില് പ്രോത്സാഹിപ്പിക്കാന്‍ ഡ്രോപ് ബോക്സ്, സൗഹൃദ ക്ലബ്, ഔര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രണ്‍ (ഒആര്‍സി) എന്നിങ്ങനെ പദ്ധതികളുടെ നീണ്ടനിരതന്നെയാണ്ട്.
പരസ്യമായി പറയാന്‍ വിഷമമുള്ള പ്രശ്നങ്ങള്‍ പങ്കുവയ്ക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതാണ് ഡ്രോപ് ബോക്സ് എന്ന പേരിലുള്ള പരാതിപ്പെട്ടികൾ. ഇവ ഒരു പരിധിവരെ ഫലപ്രദമാണെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. ലഹരി ഉപയോഗം ഇന്നത്തെ പോലെ വ്യാപകമാകുന്നതിനു മുമ്പു മധ്യകേരളത്തിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ആദ്യം വിവരം ലഭിച്ചത് ഡ്രോപ് ബോക്സ് വഴിയാണ്.
സംസ്ഥാനത്ത് 1200ലധികം സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിനു കീഴില്‍ സൗഹൃദക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഡ്രോപ് ബോക്സുമുണ്ട്. ആഴ്ചയില്‍ രണ്ടുതവണയാണ് ബോക്സ് തുറക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്ന ഒരുപാട് കേസുകൾ വെളിച്ചത്തുവരാനും പ്രതികളെ പിടികൂടാനും ഇതുവഴി സാധിച്ചിട്ടുണ്ട്.
പ്രദീപ് ഗോപി