ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായ A23a അന്റാർട്ടിക്കയിൽനിന്നു നീങ്ങുന്നതായി റിപ്പോർട്ട്.
ദിവസവും മൂന്നു മൈൽ എന്ന തോതിൽ മഞ്ഞുമല ഒഴുകുന്നതായി ഗവേഷകർ പറയുന്നു. സംഭവിക്കുന്നതു സ്വാഭാവിക ചലനമാണെന്നും പ്രത്യേക കാരണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നുമാണു വെളിപ്പെടുത്തൽ.
A23a യുടെ വിസ്തീർണം 1,500 ചതുരശ്ര മൈൽ ആണ്. അതായത് വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! വാഷിംഗ്ടൺ സ്മാരകത്തിന്റെ ഉയരത്തിന്റെ ഇരട്ടിയിലേറെ കനം.
169.046 മീറ്റർ ആണ് വാഷിംഗ്ടൺ സ്മാരകത്തിന്റെ ഉയരം. ഏകദേശം ഒരു ട്രില്യൺ മെട്രിക് ടൺ ആണ് ഇതിന്റെ ഭാരം! അപ്പോൾത്തന്നെ മഞ്ഞുമലയുടെ വലിപ്പം ഊഹിക്കാവുന്നതേയുള്ളു.
1986 ഓഗസ്റ്റിലാണ് A23a മഞ്ഞുമല അന്റാർട്ടിക്കയിൽനിന്നു വേർപെട്ടത്. പിന്നീട് അന്റാർട്ടിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലുള്ള തെക്കൻ സമുദ്രത്തിന്റെ ഭാഗമായ വെഡൽ കടലിൽ നിലയുറപ്പിക്കുകയായിരുന്നു.
ഇത്തരം വലിയ മഞ്ഞുമലകൾ അന്റാർട്ടിക്കയിൽനിന്ന് ദശാബ്ദത്തിലൊരിക്കൽ പൊട്ടിത്തെറിക്കാറുണ്ട്. ചിലപ്പോൾ, അന്റാർട്ടിക്കയിലെ തണുത്ത ജലത്തിൽ കുടുങ്ങുന്നു. അതുമൂലം മഞ്ഞുമലകൾ ഉരുകാറില്ല.
ഇത്രയും വലിയ മഞ്ഞുമലകൾക്ക് പതിറ്റാണ്ടുകളോളം ഒരിടത്തുതന്നെ കിടക്കാൻ കഴിയും, പക്ഷേ കുറച്ചുകാലം കഴിയുന്പോൾ മഞ്ഞുമലകൾ ഉരുകാൻ തുടങ്ങിയേക്കാം.
A23a മഞ്ഞുമല മനുഷ്യരാശിക്ക് അപായകരമല്ല. എന്നിരുന്നാലും വന്യജീവികൾക്കു പ്രശ്നമായിത്തീരാം. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുനിന്ന് ആയിരം മൈലിലധികം കിഴക്കായി സ്ഥിതി ചെയ്യുന്ന തെക്കൻ ജോർജിയ ദ്വീപിൽ മഞ്ഞുമല അവസാനിക്കും.
അവിടെ, അത് സീലുകൾ, പെൻഗ്വിനുകൾ, മറ്റ് കടൽപ്പക്ഷികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.