ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സുരേഷും. പ്ലസ് ടു വിദ്യാർഥിയാണ് ജേഷ്ഠൻ ആരവ്. ഷാരവ് പത്താം ക്ലാസ് വിദ്യാർഥിയും.
ഹരിത കേരള മിഷൻ കിഴക്കഞ്ചേരി ഡിവിഷനിലെ റിസോഴ്സ് പേഴ്സൺ അഞ്ചുമൂർത്തിമംഗലം കൈതവളപ്പിൽ രാജുവിന്റെ മകൾ റെനീഷയുടെയും കെഎസ്ആർടിസിയിലെ കണ്ടക്ടർ നന്തിക്കര സുരേഷിന്റെയും മക്കളാണ് ഈ മിടുമിടുക്കർ.
അഞ്ച് വയസ് മുതൽ ആരവ് യോഗാഭ്യാസിയാണ്. കൈകാലുകൾ പലഭാഗങ്ങളിലേക്കും തിരിച്ചുവച്ച് മാതാപിതാക്കളെ അത്ഭുതപ്പെടുത്തിയിരുന്ന ആരവ് ഉയർന്ന ക്ലാസുകളിലേക്ക് എത്തിയതോടെ നാട്ടിലും സ്കൂളിലുമെല്ലാം ശ്രദ്ധിക്കപ്പെടുന്ന യോഗാഭ്യാസിയായി.
സ്ഥിരമായുള്ള ചേട്ടന്റെ യോഗാഭ്യാസ മുറകൾ കണ്ടാണ് ഷാരവ് യോഗ പഠിച്ചത്. ഹാൻഡ് ബാലൻസാണ് യോഗാസനത്തിൽ ഏറെ ബുദ്ധിമുട്ടുള്ളതെന്ന് ഇവരെ യോഗ പരിശീലിപ്പിക്കുന്ന അധ്യാപിക ഷീന പ്രദീപ് പറയുന്നു.
എന്നാൽ ആരവും ഷാരവും ഈ ദുർഘട യോഗാസന മുറകൾ നിസാരമായി ചെയ്ത് കാണികളെ അമ്പരപ്പിക്കും. കൈകൾ മാത്രം നിലത്ത് ഉറപ്പിച്ച് ശരീരം മുഴുവൻ പൊങ്ങി നിൽക്കണം. കാലുകളും മടക്കി വയ്ക്കണം.
എളുപ്പമല്ല ഈ രീതിയിൽ ഒന്നോ രണ്ടോ മിനിറ്റ് നിൽക്കാൻ. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ 10 ഇനങ്ങളിലുള്ള ആസനങ്ങളാണ് പ്രധാനമായും ചെയ്തു കാണിക്കേണ്ടതെന്ന് ആരവ് പറഞ്ഞു. സംസ്ഥാന - ദേശീയ തലങ്ങളിൽ നടക്കുന്ന നിരവധി യോഗ ചാമ്പ്യൻഷിപ്പുകളിൽ ഇവരാകും വിജയികൾ.
ഈ മാസം ഒടുവിൽ നടക്കുന്ന ദേശീയ യോഗ ചാമ്പ്യൻഷിപ്പിന്റെ പരിശീലനത്തിലാണ് ഇവരിപ്പോൾ. ഇവർ വാരികൂട്ടുന്ന ട്രോഫികൾ കൊണ്ട് വീട്ടിലെ മുറികളും നിറഞ്ഞിരിക്കുകയാണ്. നാട്ടിലും വലിയ താരപരിവേഷമാണ് ഇരുവർക്കുമുള്ളത്.
ഇവരുടെ പടങ്ങൾ വച്ചുള്ള വലിയ ഫ്ലക്സ് ബോർഡുകളും പലയിടത്തുമുണ്ട്. മാനസിക ഉല്ലാസത്തിനൊപ്പം രോഗപ്രതിരോധശേഷി കൂട്ടാനും പഠനത്തിൽ ശ്രദ്ധിക്കാനും യോഗ നല്ലതാണെന്ന് പഞ്ചായത്ത് അംഗവും മൂത്രത്തിക്കര ആദിയോഗാ സെന്ററിലെ യോഗാധ്യാപിക കൂടിയായ ഷീന പ്രദീപ് പറഞ്ഞു.
ഇതിന് ആരവ് തന്നെയാണ് പ്രധാന സാക്ഷ്യം. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയായിരുന്നു ആരവിന്റെ വിജയം. യോഗ ചെയ്യുന്നവർ ഭക്ഷണത്തിലും നിയന്ത്രണം വേണമെന്നാണ് യോഗാ പരിശീലകർ പറയുന്നത്.
വേവിക്കാത്ത പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മത്സ്യ മാംസങ്ങൾ പരമാവധി ഒഴിവാക്കണം. നോൺ വെജിറ്റേറിയൻ കഴിച്ചാൽ ശരീരം മുറുകി യോഗാസനങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായി മാറും.
ഇത് രോഗങ്ങൾക്ക് കാരണമാകും. നല്ല ആരോഗ്യത്തിന് ദിവസവും മുക്കാൽ മണിക്കൂറെങ്കിലും യോഗ ചെയ്യണമെന്നാണ് യോഗാധ്യാപകരുടെ ഉപദേശം.