പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
എസ്. റൊമേഷ്
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കുകയാണ്. തിലക് മേത്ത എന്ന കുട്ടി സംരംഭകനാണ് താൻ അഞ്ചു വർഷം മുന്‍പ് തുടങ്ങിയ സംരംഭത്തിൽനിന്ന് ഇപ്പോൾ കോടികൾ കൊയ്യുന്നത്.
പ്രതിമാസം രണ്ടു കോടിയോളം രൂപയാണ് 18കാരനായ ഈ കുട്ടി സംരംഭകൻ നേടുന്നത്. 2018ൽ തന്റെ പതിമൂന്നാം വയസിൽ ആരംഭിച്ച തിലകിന്റെ സ്ഥാപനം 2020 ൽ തന്നെ നൂറു കോടിയുടെ ബിസിനസ് നടത്തി ശ്രദ്ധേയമായി.
ഇപ്പോൾ തിലകിന്റെ പേപ്പേഴ്സ് എൻ പാർസൽ എന്ന സ്ഥാപനത്തിന്റെ ആസ്തി തന്നെ നൂറു കോടിയാണ്.
മറ്റു പാഴ്സൽ സർവീസുകൾ രണ്ടു ദിവസം വരെ എടുത്ത് എത്തിക്കുന്ന പാഴ്സലുകൾ അവരേക്കാൾ കുറഞ്ഞ ചെലവിൽ നാലു മുതൽ എട്ടു മണിക്കൂർ വരെ സമയംകൊണ്ട് എത്തിച്ചു കൊടുക്കുന്നു എന്നതാണ് തിലകിന്റെ പേപ്പേഴ്സ് എൻ പാഴ്സൽ എന്ന കന്പനിയുടെ പ്രത്യേകത.
ആപ്പുകളുടെയും മുംബൈയിലെ പ്രശസ്തമായ ഡബ്ബാവാലകളുടെയും സഹായത്താലാണ് തിലക് ഇതു സാധ്യമാക്കുന്നത്. ഡബ്ബാവാലകൾക്ക് വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിലകിന്റെ സംരംഭം അവർക്ക് ഒരു അനുഗ്രഹവുമായി.
തിലക് എട്ടാം ക്ളാസിൽ പഠിക്കുന്പോഴാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഒരു ദിവസം തിലകും കുടുംബവും കിലോമീറ്ററുകൾ അകലെയുള്ള അമ്മാവന്റെ വീട്ടിൽ വിരുന്നിനു പോയി.
അവിടെ രണ്ടു ദിവസം തങ്ങാൻ തീരുമാനിച്ചിരുന്നതിനാൽ പഠിക്കാനുള്ള പുസ്തങ്ങളും കൂടെ കൊണ്ടുപോയിരുന്നു.
പരീക്ഷ അടുത്തിരുന്നതിനാലാണ് പുസ്തകങ്ങളും കൂടെ കൊണ്ടുപോയത്. പക്ഷേ തിരികെ വീട്ടിലെത്തിയ ശേഷമാണ് തിലക് ബുക്കുകൾ എടുക്കാൻ മറന്ന കാര്യം ഓർക്കുന്നത്.
പരീക്ഷ അടുത്തിരുന്നതിനാൽ തിലകിന് എത്രയും പെട്ടെന്ന് തന്റെ പുസ്തകങ്ങൾ കിട്ടേണ്ടതുണ്ടായിരുന്നു. തിലക് പല കൊറിയർ സർവീസുകളെയും സമീപിച്ചെങ്കിലും കുറഞ്ഞത് രണ്ടു ദിവസമെങ്കിലും എടുക്കും ബുക്കുകൾ തിരികെ കിട്ടാൻ എന്നാണ് അവർ അറിയിച്ചത്.
അച്ഛന് ജോലിക്കു പോകേണ്ടിയിരുന്നതിനാൽ അമ്മാവന്റെ വീട്ടിൽ ചെന്ന് ബുക്കുകൾ തിരികെ എത്തിക്കാൻ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല.
അപ്പോഴാണ് തിലക് തന്നെപ്പോലെ പാഴ്സലുകൾ അന്നന്നുതന്നെ കിട്ടാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകൾ ഈ മഹാനഗരത്തിൽ ഉണ്ടാവുമല്ലോ എന്നു ചിന്തിക്കുന്നത്.
ഇത് കുട്ടി തന്റെ അച്ഛനുമായി പങ്കുവയ്ക്കുകയും ഇങ്ങനെയുള്ള പാഴ്സലുകൾ അതാതു ദിവസം എത്തിക്കാനായി പാഴ്സൽ സർവീസ് ആരംഭിച്ചാലോ എന്നു ചർച്ചചെയ്യുകയും ചെയ്തു.
മറ്റു പാഴ്സൽ സർവീസുകളേക്കാളും വേഗത്തിലും അവർ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലും പാഴ്സലുകൾ എത്തിച്ചാൽ ഈ ബിസിനസ് പെട്ടെന്ന് പച്ചപിടിക്കുമെന്ന് തിലക് മനസിലാക്കി.
കംപ്യൂട്ടറിൽ അഗാധമായ അറിവും തിലകിനുണ്ടായിരുന്നു. അങ്ങനെ പിന്നീട് വീട്ടിലിരുന്ന് ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്ന ചിന്തയിലായി തിലക്.
പിന്നെ അതിനായുള്ള പരിശ്രമങ്ങളായി. നെറ്റിൽ സെർച്ച് ചെയ്ത് തിലക് തന്നെ ഇതിനുള്ള സാധ്യതകളെല്ലാം മനസിലാക്കി. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും മുംബൈയിലെ ഡബ്ബാവാലാകളുടെയും സഹായത്തോടെയുള്ള പാർസൽ സർവീസാണ് തിലക് ചിന്തിച്ചിരുന്നത്.
കൃത്യമായി വീട്ടിൽ തയാറാക്കുന്ന ഉച്ചഭക്ഷണം ഓഫീസുകളിൽ എത്തിക്കുന്ന ഡബ്ബാവാലകൾ ഇതിനു പറ്റിയവരാണെന്ന് തിലക് കണ്ടെത്തി.
ആയിരക്കണക്കിന് ആളുകൾക്കുള്ള ഉച്ചഭക്ഷണം ഒരെണ്ണത്തിനു പോലും മാറ്റമില്ലാതെ കൃത്യമായി ആളുകളിലേക്കെത്തിക്കുന്ന ഡബ്ബാവാലകളുടെ കഴിവ് പാർസൽ സർവീസിലും ഉപയോഗിച്ചാൽ കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുമെന്ന തിലക് മനസിലാക്കി.
തന്നെയുമല്ല ഡബ്ബാവാലകൾക്ക് വരുമാനം കുറഞ്ഞു കൊണ്ടിരുന്ന സാഹചര്യവുമുണ്ട്. ഇതിനായി ഇന്റർനെറ്റിൽനിന്നും മറ്റു പാർസൽ സർവീസിൽനിന്നും വിവരങ്ങൾ തേടി. തന്റെ ആശയം പിതാവുമായി പങ്കുവയ്ക്കുകയും വീട്ടുകാരിൽനിന്നും ലഭിച്ച പണമുപയോഗിച്ച് പുതിയൊരു സംരംഭം കെട്ടിപ്പടുക്കുകയും ചെയ്തു.
മുംബൈയിലെ ഡബ്ബാവാലകളുമായി സഹകരിച്ച് ഏകദിന പാഴ്സൽ സേവനങ്ങൾ നൽകുന്ന ഡിജിറ്റൽ കൊറിയർ കമ്പനിയായ 'പേപ്പേഴ്സ് എൻ പാഴ്സൽസ്' എന്ന സ്ഥാപനത്തിനാണ് ഈ കൗമാരക്കാരൻ നേതൃത്വം നൽകുന്നത്.
മുംബൈയിൽ ആപ്പ് മുഖേനയാണ് കൊറിയർ സേവനങ്ങൾ. ആപ്പ് അധിഷ്ഠിത കൊറിയര്‍ സംവിധാനം എന്ന ആശയമാണ് തിലക് മേത്ത കൊണ്ടുവന്ന ഇന്നവേഷൻ.
മുംബൈ നിവാസികൾക്ക് കുറഞ്ഞ നിരക്കിൽ പാഴ്സൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ആഗ്രഹവും ഇതിനൊപ്പമുണ്ടായിരുന്നു. ആദ്യ രണ്ടു വർഷം കൊണ്ടുതന്നെ കന്പനി പോപ്പുലറായി.
കോടികളുടെ വരുമാനവുമുണ്ടാക്കി. ഇതോടെ തിലകിന്റെ അമ്മാവൻ ഖനശ്യാം പരീക്കർ തന്റെ ബാങ്കിലെ ജോലി ഉപേക്ഷിച്ച് തിലകിന്റെ കന്പനിയിൽ ചേർന്നു. ഇപ്പോൾ കന്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് അമ്മാവനായ ഖനശ്യാം.
ഇപ്പോൾ ഡബ്ബാവാലയായി കിട്ടുന്ന വരുമാനത്തിനു പുറമേ തിലകിന്റെ സ്ഥാപനത്തിൽ നിന്നും മാസം പതിനായിരം രൂപയോളം തങ്ങൾക്കു ലഭിക്കുന്നുണ്ടെന്ന് സ്ഥാപനത്തിലെ ജോലിക്കാരായ 300 ഓളം ഡബ്ബാവാലകൾ പറയുന്നു.
പേനയും പ്രധാന പേപ്പര്‍ വര്‍ക്കുകളും മുതൽ കിലോക്കണക്കിനുള്ള സാധനങ്ങൾ വരെ ഇപ്പോൾ സ്ഥാപനം കൈകാര്യം ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾക്കാണ് ഒരു ദിവസം കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നത്.
ദിവസേന വീട്ടുപടിക്കൽ എത്തി പാഴ്സലുകൾ ശേഖരിച്ച് വിലാസക്കാർക്ക് എത്തിക്കും. ഡിജിറ്റൽ വാലറ്റുകളിലൂടെയാണ് കമ്പനി പെയ്മന്റുകൾ സ്വീകരിക്കുന്നത്.
അസാധാരണ ബുദ്ധിവൈഭവമുള്ള ഈ സംരംഭകന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. പേപ്പര്‍ എൻ പാഴ്സൽ എന്ന കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്നത് 200ലധികം ജീവനക്കാരാണ്. 300 ഓളം ഡബ്ബാവാലകളുമായി ചേര്‍ന്നാണ് കന്പനി സേവനങ്ങൾ നൽകുന്നത്.
പതോളജി ലാബുകളും ബ്യൂട്ടീക്കുകളും ബ്രോക്കറേജ് സ്ഥാപനങ്ങളും വരെയുണ്ട് കമ്പനിയുടെ ഉപയോക്താക്കളായി. കുട്ടികളെ മാത്രമല്ല മുതിര്‍ന്ന സംരംഭകരെയും പ്രചോദിപ്പിക്കുന്ന ഒരു മോട്ടിവേഷൻ സ്പീക്കറാണിപ്പോൾ മേത്ത.
യൂണിവേഴ്സിറ്റികളിലെ എംബിഎ വിദ്യാർഥികൾക്കുവരെ തിലക് മേത്ത ക്ളാസുകൾഎടുക്കുന്നു. ഈ രീതിയിലും തിലക് വരുമാനമുണ്ടാക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും മികച്ച യുവസംരംഭകനുള്ള ഗ്ലോബൽ ചൈൽഡ് പ്രോഡിജി അവാർഡ്, മികച്ച പാർസർ സർവീസിനുള്ള മാരിടൈം അവാർഡ് തുടങ്ങി ഒട്ടനവധി അവാർഡുകൾ തിലകിനെ തേടിയെത്തി.
ഇന്ത്യയിലെ ആദ്യ ഐപിഎസ് വനിതാ ഉദ്യോഗസ്ഥയും പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറുമായിരുന്ന കിരൺബേദിയാണ് 2021ൽ തിലകിന് ലോകത്തെ ഏറ്റവും മികച്ച കുട്ടിസംരംഭകന് ലഭിക്കുന്ന ഗ്ലോബൽ ചൈൽഡ് പ്രോഡിജി അവാർഡ് സമ്മാനിച്ചത്.
2006ൽ ഗുജറാത്തിലാണ് തിലക് ജനിച്ചത്. പിതാവ് വിശാൽ മേത്ത. മാതാവ് കാജൽ മേത്ത. തൻവി മേത്ത എന്ന ഒരു സഹോദരി കൂടിയുണ്ട് തിലകിന്.
പിതാവിന്റെ ജോലി ആവശ്യത്തിനായി ഗുജറാത്തിൽനിന്നു മുംബൈയിലേക്ക് താമസം മാറ്റിയതാണ് തിലകിന്റെ കുടുംബം.