"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്പന്നമായ ഒരു ചരിത്രം കൂടിയുണ്ടിതിന്. നിരവധി കായിക ഇനങ്ങളില്‍ ഒരു കുതിച്ചു ചാട്ടത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
കേരളത്തിലെ കായികരംഗത്തിന്റെ വളർച്ച വളരെ വലുതാണ്. അത് പലരുടേയും ജീവിതത്തിന്റെ അവിഭാജ്യഘടകം കൂടിയാണ്. ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാഡ്മിന്റണ്‍, കബഡി എന്നിവ കേരളത്തിലെ ഏറ്റവും പ്രിയങ്കരമായ കായിക വിനോദങ്ങളില്‍പ്പെടുന്നു.
സ്പോർട്സിന് ശാരീരികരോഗ്യം മെച്ചപ്പെടുത്താനും മികച്ച മാനസികക്ഷേമം കൈവരിക്കാനും സാധിക്കുമെങ്കിലും സ്പോർട്സിലും മറ്റു കായികപ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് പലപ്പോളും പരിക്കുകള്‍ക്ക് കാരണമാകുമെന്നത് അംഗീകരിക്കേണ്ട കാര്യമാണ്.
കായിക രംഗത്ത് പരിക്കുകള്‍ സാധാരണമാണ്. ഇവയില്‍ മിക്കതും പേശികളുടെയും സന്ധികളുടേയും അമിത ഉപയോഗം മൂലമോ അല്ലെങ്കില്‍ ഈ ഭാഗങ്ങളില്‍ കൂടുതല്‍ സമ്മർദ്ദം ഏൽക്കുമ്പോഴോ ഉണ്ടാകുന്നതാണ്.
കഴിഞ്ഞ 10-15 വർഷങ്ങളായി യുവ അത്ലറ്റുകളില് ഉണ്ടാകുന്ന പരിക്കിന്റെ നിരക്ക് ഗണ്യമായി വർധിച്ചുവെന്ന് കണക്കാക്കുന്നു. ഫുട്ബോള്‍, ക്രിക്കറ്റ് കളിക്കാരുടെ കാൽമുട്ടിന്റേയും കണങ്കാലിന്റേയും പരിക്കു 500 ശതമാനത്തിലധികമാണ് വർധിച്ചത്.
അതേസമയം ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കുകളുടെ വർധനവ് 400 ശതമാനത്തിലധികമാണ്.
സ്പോർട്സില്‍ സാധാരണയായി കണ്ടുവരുന്ന കാൽമുട്ട് പരിക്കുകള്‍
കാൽമുട്ടിലുണ്ടാകുന്ന പരിക്കുകള്‍ സ്പോർട്സില്‍ സാധാരണ സംഭവമാണ്. ഇത് വിവിധ തരത്തിലും വിവിധ കാരണങ്ങളാലും ഉണ്ടാകുന്നു. ഈ പരിക്കുകള്‍ ഒരു അത്ലറ്റിന്റെ കരിയറിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതാണ്. ഇതിന് ഉചിതമായ ചികിത്സയും പരിചരണവും ആവശ്യമാണ്. കാൽമുട്ടില്‍ സാധാരണയായി കാണപ്പെടുന്ന ചില പരിക്കുകള്‍ ഇനി പറയുന്നു.
ഒടിവുകളും സ്ഥാനഭ്രംശവും- കാൽമുട്ട് സന്ധിക്ക് സംരക്ഷണം നല്കുന്ന കവചമാണ് നീകാപ്. വീഴ്ചകളിലും മറ്റും കാൽമുട്ടു സന്ധിക്ക് പരിരക്ഷ നല്‍കുന്നത് ഇതാണ്.
ആഘാതമേറിയ വീഴ്ചയില്‍ ഈ സംരക്ഷണ കവചം പൊട്ടാന്‍ ഇടയാകും. കാൽമുട്ടിലെ അസ്ഥികള്‍ സ്ഥാനം തെറ്റുമ്പോള്‍ കാൽമുട്ട് സ്ഥാനഭ്രംശം ഉണ്ടാകും. ഒരു കാല് നിലത്ത് ഉറപ്പിച്ചിരിക്കുമ്പോള്‍ കാൽമുട്ട് തിരിയുന്നതുകൊണ്ടും ഇത് സംഭവിക്കാം.
ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കുകള്‍ - കാൽമുട്ടിന് മുകളിലേയും താഴത്തേയും എല്ലുകളെ ബന്ധിപ്പിക്കുന്ന കാൽമുട്ടിലെ ലിഗമെന്റുകളാണ് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ്.
കാൽമുട്ടിന് താഴെയുള്ള ഭാഗം അമിതമായി വലിയുകയോ കാല് പിണയുകയോ ചെയ്താല്‍ ഈ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് പൊട്ടിപ്പോകും. കാൽമുട്ടിന് ഉണ്ടാകുന്ന പരിക്കുകളില്‍ സർവസാധാരണമാണ് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കുകള്‍.
എല്ലാ കായിക ഇനങ്ങളുമായി ബന്ധപ്പെട്ട പരിക്കുകളില്‍ 40 ശതമാനത്തോളം ആന്റീരിയർ
ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കുകളാണ്.
കൊളാറ്ററല്‍ ലിഗമെന്റ് പരിക്കുകള്‍- സ്പോർട്സുമായി ബന്ധപ്പെട്ട സാധാരണ ഒരു പരിക്കാണ് കൊളാറ്ററല്‍ ലിഗമെന്റ് പരിക്ക്. കാലിന്റെ താഴത്തെ ഭാഗം വശത്തേക്ക് പെട്ടെന്ന് തിരിയുമ്പോള്‍ ഈ ലിഗമെന്റിന് പരിക്കു പറ്റും.
മെനിസ്കല്‍ ടിയേഴ്സ് - കാൽമുട്ടിലെ സന്ധികള്‍ക്കിടയിലുള്ള തരുണാസ്ഥിയാണ് മെനിസ്കസ്. സ്പോർട്സിനിടെ ഓടുമ്പോഴും കളികുമ്പോഴും കാൽമുട്ടിനുണ്ടാകുന്ന ആഘാതം തടയുന്നതാണിത്.
ടെൻഡന് ടിയേഴ്സ് - പാറ്റെല്ലാർ ടെണ്ഡൻ തുടയുടെ മുൻഭാഗത്തെ കാൽമുട്ടു പേശിയുമായി ചേർന്ന് കാൽമുട്ടിനെ ശക്തിപ്പെടുത്തുന്നു. ഇതിനു പൊട്ടലുണ്ടാകുന്നത് ഗുരുതരമായ പരിക്കാണ്.
ഇതിന്റെ പൂർണമായ പ്രവർത്തനം വീണ്ടെടുക്കാന്‍ ശസ്ത്രക്രിയ തന്നെ ആവശ്യമാണ്. പ്രതിരോധവും ചികിത്സയും സ്പോർട്സ് പരിക്കുകള്‍ ഒഴിവാക്കുന്നതിന് ഒരു പ്രധാന കാര്യം ശരിയായ വാം അപ്പോടെ പരിശീലനം ആരംഭിക്കുകയെന്നതാണ്.
പതിവായി സ്ട്രെച്ച് ചെയ്യുക, സ്ട്രെംഗ്ത് ട്രെയിനിംഗ്, ശരിയായ ടെക്നിക്കുകള്‍, ആവശ്യത്തിന് വിശ്രമം, ഇടവേളകള്‍ അനുവദിക്കുക, ഒരേ ശരീരഭാഗത്തിന്റെ അമിത ഉപയോഗം ഒഴിവാക്കാന്‍ ക്രോസ് ട്രെയിന്‍, ഓരോ കായിക ഇനങ്ങള്‍ക്കും വേണ്ട ശരിയായ ഉപകരണങ്ങള്‍ ധരിക്കുക എന്നിവ ശ്രദ്ധിക്കണം.
പരിക്കുള്ള സമയത്ത് സ്പോർട്സില്‍ പങ്കെടുക്കുന്നത് വീണ്ടും പരിക്കു വഷളാക്കുകയേയുള്ളൂ. തുടർന്ന് അപകട സാധ്യത വർധിക്കുകയും ചെയ്യും. പിന്നീടിത് പോസ്റ്റ് ട്രൊമാറ്റിക് ഓസ്ടിയോ ആർത്രൈറ്റിസിന് വഴിതെളിക്കും.
പോസ്റ്റ് ട്രൊമാറ്റിക് ഓസ്ടിയോ ആർത്രൈറ്റിസിലേക്ക് എത്തുന്ന സ്പോർട്സ് സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സാരീതികള്‍ മിക്കവയും വേദനയും ഇതുമായി ബന്ധപ്പെട്ട നീർവീക്കവും നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കുകയെന്നതാണ്.
ചില കേസുകളില്‍, കുത്തിവയ്പുകള്‍ നല്‍കുന്നത് സന്ധികള്‍ക്ക് ലൂബ്രിക്കേഷന് നല്‍കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. എന്നാല്‍ ഗുരുതരമായ കേസുകളില്‍ അല്ലെങ്കില്‍ പരമ്പരാഗത മാർഗങ്ങള്‍ ഫലപ്രദമല്ലാത്ത സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ തന്നെയായിരിക്കും നല്ലത്.
ആർത്രോസ്കോപ്പി അല്ലെങ്കില്‍ സന്ധി മാറ്റിവയ്ക്കല്‍ (പൂർണമായോ ഭാഗികമായോ) എന്നിവ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ ആണ് പരിഗണിക്കുന്നത്. സന്ധികളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാനും വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനുമാണ് ശസ്ത്രക്രിയ ലക്ഷ്യം വയ്ക്കുന്നത്.
ചികിത്സയിലും പ്രതിരോധ രീതികളിലുമുള്ള പുരോഗതി കണക്കിലെടുക്കുമ്പോള്‍ സ്പോർട്സ് സംബദ്ധമായ പരിക്കുകള്‍ ഇനി പരിഹരിക്കാനാകാത്ത തടസങ്ങളായി വർത്തിക്കില്ലെന്ന് ഉറപ്പാക്കാം.
അത്യാധുനിക മെഡിക്കല്‍ വൈദഗ്ധ്യവും പരിക്കുപറ്റിയ ശരീരത്തെ ശക്തിപ്പെടുത്താനും നന്നാക്കാനും സാങ്കേതികവിദ്യകളുണ്ടെന്നുള്ള ബോധത്തോടെ അത്ലറ്റുകള്‍ക്ക് അവരുടെ കായിക ഇനങ്ങളെ പിന്തുടരാന് സാധിക്കും.
ഡോ. മുരുഗൻ ബാബു
രാജഗിരി ഹോസ്പിറ്റൽ, കൊച്ചി