എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം ചൊല്ലിപഠിക്കണം
അച്ഛന് കാട്ടുമീ കപടമാം ഗൗരവം
സ്നേഹമാണെന്നു നാം ഉള്ളില്‍ പഠിക്കണം
അമ്മയ്ക്കും അച്ഛനുമൊപ്പമീ ജീവിതം
സ്വര്‍ഗമാണെന്നു നാം നേരില്‍ പഠിക്കണം.
അമ്മയ്ക്കുമച്ഛനും പകരമീ ഭൂമിയില്‍
മറ്റൊന്നുമില്ലെന്നു ഓര്‍ത്തു പഠിക്കണം...'
ലഹരി ബോധവത്കരണ ക്ലാസുകളില്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഉത്തരക്കുട്ടന്‍ ഈ കവിത ചൊല്ലുമ്പോള്‍ സദസ് ഒന്നടങ്കം നിശബ്ദമാകും. ഉത്തരക്കുട്ടന്‍ തന്നെ രചിച്ച "മറക്കാതിരിക്കാന്‍' എന്ന ഈ കവിതയിലെ ഓരോ വരികളും തനിമ ചോരാതെ കാണികള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് ഈ പോലീസ് ഉദ്യോഗസ്ഥന് വൈറലായി മാറിയിരിക്കുകയാണ്.
യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഈ കവിതയുടെ വീഡിയോ ഫേസ്ബുക്ക് റീല്‍സില്‍ ഇതിനകം അയ്യായിരത്തിലധികം പേരാണ് കണ്ടത്. വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു പോകുന്നത് അതിലേറെ വരും.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ മുന്നില്‍ കാണുന്ന ഓരോന്നും മനോഹര കവിതകളായി രചിക്കുകയാണ് ഇദ്ദേഹം. ഇത്തരത്തില്‍ 16 ഓളം കവിതകളാണ് ഉത്തരക്കുട്ടന്‍ രചിച്ചിരിക്കുന്നത്.
കുട്ടിക്കാലം മുതല്‍ ചൊല്ലിത്തുടങ്ങിയ കവിത
കരുനാഗപ്പളളി ശബരിയില്‍ ഗോപാലന്-ജാനകി ദമ്പതികളുടെ മകനായ ഉത്തരക്കുട്ടന്‍ കുട്ടിക്കാലം മുതലേ കവിത ചൊല്ലാന്‍ ഇഷ്ടമായിരുന്നു. മലയാളത്തിലെ പ്രമുഖ കവികളുടെ പല കവിതകളും അദ്ദേഹം സ്കൂളിലും കോളജിലുമൊക്കെ അവതരിപ്പിച്ച് സമ്മാനം നേടി.
മുതിര്‍ന്നപ്പോഴും കവിയരങ്ങളുകളിലും മറ്റ് സാംസ്കാരിക സദസുകളിലും ജനമൈത്രി സദസുകളിലും കുടുംബശ്രീ യോഗങ്ങളിലും കവിതകള്‍ ചൊല്ലി ഇദ്ദേഹം നിറസാന്നിധ്യമായി.
1996 ല്‍ പോലീസ് സേനയുടെ ഭാഗമായതോടെ പോലീസ് ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോന്നും കവിതയ്ക്കുള്ള ഇതിവൃത്തമാക്കി ഉത്തരക്കുട്ടന്‍ മാറ്റി. 2010 മുതല്‍ കവിതകള്‍ എഴുതി അവതരിപ്പിച്ചു തുടങ്ങി.
നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോന്നും അക്ഷരങ്ങളാല്‍ കോര്‍ത്തിണക്കി 16ലധികം കവിതകള്‍ എസ്ഐ ഉത്തരക്കുട്ടന്‍ രചിച്ചു.
ഇതിവൃത്തമാക്കുന്നത് സമകാലിക വിഷയങ്ങള്‍
സമകാലിക വിഷയങ്ങളെ ഇതിവൃത്തമാക്കിയാണ് എസ്ഐ ഉത്തരക്കുട്ടന്‍ കവിതകള്‍ എഴുതുന്നത്. വായനക്കാരുടെ മനസിനെ പിടിച്ചുലയ്ക്കുന്ന വരികളാണ് പല കവിതകളിലേയും. മദ്യപാനത്തെക്കുറിച്ചെഴുതിയ "മദ്യം വിഷമാണ് ' എന്നതായിരുന്നു ആദ്യ കവിത.
പോലീസുകാരുടെ ജീവിതം തുറന്നുകാട്ടുന്ന "ഞങ്ങള്‍ പോലീസുകാര്‍' മക്കളുണ്ടായിട്ടും വൃദ്ധസദനങ്ങളില്‍ അഭയം തേടേണ്ടിവരുന്നവരുടെ നൊമ്പരം പേറുന്ന "വഴികാട്ടി', ബൈക്ക് അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ മകനെക്കുറിച്ചെഴുതിയ "ധൃതരാഷ്ട്ര സ്നേഹം' എന്നിവയെല്ലാം മികവുറ്റ രചനകളാണ്.
ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിര്‍ഭയ സംഭവത്തെ ആസ്പദമാക്കി രചിച്ച "ഭാരതദു:ഖപുത്രി' എന്ന കവിത 500 ഓളം വേദികള്‍ പിന്നിട്ടു. മക്കളുണ്ടായിട്ടും അനാഥാലയത്തിലെ ഇരുണ്ട ഇടനാഴികളില്‍ ദു:ഖം പേറി കഴിയേണ്ടിവരുന്ന മാതാപിതാക്കളുടെ ദയനീയതയാണ് 'വഴികാട്ടി' എന്ന കവിതയിലുള്ളത്.
ദു:ഖത്തിന്റെ പടുകുഴിയിലേക്ക് വീണുപോകുമ്പോഴും തങ്ങളുടെ മക്കള്‍ക്ക് ഉയര്ച്ചയുണ്ടാകട്ടെയെന്നാണ് വൃദ്ധസനദത്തിലുള്ള ഓരോ അച്ഛനമ്മമാരുടെയും പ്രാര്‍ഥനയെന്ന് ഉത്തരക്കുട്ടന്‍ പറയുന്നു.
‘ജീവന് പകര്‍ന്നു വളര്‍ത്തിയ മക്കള്‍ക്കു
ഞങ്ങളോ ഇന്നൊരു ഭാരം
ഞങ്ങള്‍ പകര്‍ന്നൊരു സ്നേഹത്തിന്
മറുപടിയാണോ വൃദ്ധസദനം
ഓര്‍ക്കുക മക്കളെ
നിങ്ങളും പൂക്കും കായ്ക്കും മൂക്കും പഴുക്കും
പിന്നെ കൊഴിയും
അന്നും വഴികാട്ടി ഞങ്ങള്‍
ഞങ്ങള്‍ തന് ദുര്‍ഗതി
നിങ്ങളില്‍ വരാതെ
നിങ്ങളെ കാക്കട്ടെ ദേവന്
എന്നും നിങ്ങളെ കാക്കട്ടെ ദേവന്...'
ഇങ്ങനെ പോകുന്നു "വഴികാട്ടി' എന്ന കവിതയിലെ വരികള്‍.
2015 ല്‍ ബൈക്ക് അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ ഏക മകന്റെ ഓര്‍മകളാണ് "ധൃതരാഷ്ട്രാലിംഗനം എന്ന കവിതയിലുള്ളത്. മകന്റെ മൃതശരീരം വീടിന്റെ കോലായില്‍ കിടത്തുമ്പോള്‍ ഉത്തരക്കുട്ടന്റെ സുഹൃത്തു കൂടിയായ ആ അച്ഛന്റെ നൊമ്പരം എസ്ഐ ഉത്തരക്കുട്ടന്‍ ആലപിക്കുമ്പോള്‍ കേള്‍വിക്കാരുടെ കണ്ണുകള്‍ നിറയും.
"വെള്ളപ്പുതച്ചു കിടത്തിയെന്‍ ഉണ്ണിയെ
കണ്ടന്റെ ഉള്ളം പിടയുന്ന നേരം
ഇടനെഞ്ചു പൊട്ടി കരയുമെന് നാഥയെ
എങ്ങനെ ഞാനിന്ന് ആശ്വസിപ്പിക്കും.
ഞങ്ങള്‍ തന് ദാമ്പത്യവല്ലിയില്‍ മൊട്ടിട്ട
സുന്ദര രൂപനാം പിച്ചക്കപൂവിതാ
ഓടിക്കളിച്ചൊരു ഉമ്മറക്കോലായില്‍
വാടിക്കരിഞ്ഞു കിടക്കുകയാണ്.
എന്തെന്തു മോഹങ്ങളായിരുന്നു
ഇവനിലെത്ര എത്ര പ്രതീക്ഷകളായിരുന്നു
ജീവിത സായാഹ്ന വേളയില്‍
താങ്ങും തണലുമിവനാകുമെന്നാഗ്രഹിച്ചു.
നേര്‍ച്ചകള്‍ നേര്‍ന്നു ലഭിച്ചെന്റെ കുഞ്ഞിനെ
നേരിന്റെ ദേവന് കവര്‍ന്നെടുത്തോ
നേര്‍ച്ചകള്‍ നേര്‍ന്നു ലഭിച്ചന്റെ കുഞ്ഞിന്ന്
നേരിന്റെ ലോകത്ത് പോയി മറഞ്ഞു...'
"ഞങ്ങള്‍ പോലീസുകാര്‍' എന്ന കവിതയില്‍
"പെറ്റമ്മ പോലും അടുക്കാനറയ്ക്കുന്ന
ദുര്‍ഗന്ധപൂരിത മൃതശരീരത്തെ
ആദരവോടെ ആചാരത്തോടെ സംസ്ക്കരിക്കുന്നവര് പോലീസുകാര്‍.. ' എന്നാണ് എസ്ഐ ഉത്തരക്കുട്ടന്‍ രചിച്ചിരിക്കുന്നത്.
നല്ലൊരു ജീവകാരുണ്യ പ്രവര്ത്തകന്
എസ്ഐ ഉത്തരക്കുട്ടന്‍ നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തകനും മോട്ടിവേറ്ററും കൂടിയാണ്. ഇദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ മധുരം നുകര്‍ന്നവര്‍ നിരവധിയാണ്. ജനമൈത്രി പദ്ധതിയുടെ ഭാഗമായി ആരോരുമില്ലാത്ത ഏറെപ്പേരെ എസ്ഐ ഉത്തരക്കുട്ടന്‍ അഭയ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
600 നു മുകളില്‍ മോട്ടിവേഷന്‍, ബോധവത്കരണ ക്ലാസുകളും എസ്ഐ ഉത്തരക്കുട്ടന്‍ എടുത്തിട്ടുണ്ട്. പോലീസ് സേനയില്‍നിന്ന് തന്റെ കവിതാരചനയ്ക്കും കവിത ചൊല്ലലിനുമൊക്കെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
പോലീസിന്റെ മിക്ക പരിപാടികളിലും എസ്ഐ ഉത്തരക്കുട്ടന്‍ രചിച്ച ഒരു കവിതയുടെ ആലാപനമെങ്കിലും ഉണ്ടാകും.
കുടുംബത്തിന്റെ പിന്തുണ
ഭാര്യ പ്രീതി കൊല്ലം കളക്ടറേറ്റില്‍ റവന്യൂ വിഭാഗം ജീവനക്കാരിയാണ്. എന്‍ജിനീയറിംഗ് ബിരുദധാരിയായ അഭയും പ്ലസ്ടു വിദ്യാര്‍ഥിയായ ആദിയുമാണ് മക്കള്‍.
‘സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം തന്റെ കവിതകളെല്ലാം പുസ്തകമാക്കണം’ - എസ്ഐ ഉത്തരക്കുട്ടന്‍ തന്റെ ആഗ്രഹം തുറന്നു പറയുന്നു.