അപൂർവം ഈ സമരജീവിതം
സാബു ജോണ്
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാവ് എന്ന നിലയിലേക്ക് വി.എസ്. അച്യുതാനന്ദൻ മാറിയത് അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിലാണ്. പാർട്ടി പദവികളും അധികാരസ്ഥാനങ്ങളും ഇല്ലാത്തപ്പോഴും കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവായി വി.എസ് നിലനിന്നു.
അദ്ദേഹത്തിന്റെ വാക്കുകൾക്കായി കേരളം കാതോർത്തു. ഇന്ന് അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷിക്കവേ, കേരള രാഷ്ട്രീയത്തിലെ ആ തിരുത്തൽശക്തിയുടെ പ്രസക്തി ഇന്നു കേരളം നല്ലതുപോലെ തിരിച്ചറിയുന്നുണ്ട്.
കഴിഞ്ഞ നാലു വർഷമായി പൊതുവേദികളിൽനിന്നൊഴിഞ്ഞ് വി.എസ് വിശ്രമജീവിതം നയിക്കുകയാണ്. പക്ഷേ വി.എസ്. എന്ന രണ്ടക്ഷരം ഇന്നും മലയാളിയെ ആവേശം കൊള്ളിക്കുന്നു.
ജന്മിത്വത്തിനും രാജഭരണത്തിനുമെതിരേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പോരാടിക്കൊണ്ട് സമരജീവിതം ആരംഭിച്ച വിഎസ് 21-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും പോരാട്ടവഴിയിൽ കരുത്തോടെ നിലകൊണ്ടു എന്നത് അവിശ്വസനീയമായി തോന്നാം. ഇത്ര നീണ്ട സമരജീവിതം അപൂർവം നേതാക്കൾക്കു മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യമാണ്.
സ്വന്തം ജീവചരിത്രം കേരളത്തിന്റെ രാഷ്ട്രീയചരിത്രംകൂടിയാക്കി മാറ്റുകയായിരുന്നു വി.എസ്. അച്യുതാനന്ദൻ. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് വി.എസ്. അച്യുതാനന്ദൻ കേരള രാഷ്ട്രീയത്തിന്റെ ഔന്നത്യങ്ങളിലേക്ക് നടന്നുകയറിയത്.
പ്രശ്നങ്ങൾ എവിടെയുണ്ടായോ അവിടെ എത്തി പോർമുഖം തുറക്കുന്ന വി.എസ് ശൈലി കേരളത്തിനു പുതുമയായിരുന്നു. വെട്ടിനിരത്തൽ പോലുള്ള ചില സമരങ്ങൾ ഏറെ വിമർശനം ഏറ്റുവാങ്ങിയപ്പോഴും അദ്ദേഹം കുലുങ്ങിയില്ല.
തൊണ്ണൂറുകളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങളിലും വി.എസ് നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹത്തിൽ നിറഞ്ഞുനിന്നത് തികഞ്ഞൊരു പോരാളിയുടെ ഭാവമായിരുന്നു.
എതിരാളികൾക്കുനേരേ ദാക്ഷിണ്യമില്ലാത്ത വിമർശനവും പരിഹാസവും അഴിച്ചുവിടുന്ന വി.എസിന്റെ പ്രസംഗങ്ങൾ കേൾക്കാനും ജനം തടിച്ചുകൂടുമായിരുന്നു.
ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു
ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് പതിനേഴാം വയസിൽ തൊഴിലാളിസംഘടനാ പ്രവർത്തനത്തിനിറങ്ങി പടിപടിയായി വളർന്ന് എണ്പത്തിമൂന്നാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്ന വി.എസ് കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ്.
വി.എസിനെ മറ്റു രാഷ്ട്രീയനേതാക്കളിൽനിന്നു വേറിട്ടു നിർത്തുന്നത് സമാനതകളില്ലാത്ത പോരാട്ടവീര്യമാണ്. 1964ൽ സിപിഐയുടെ നാഷണൽ കൗണ്സിലിൽ നിന്നിറങ്ങിപ്പോയ 32 പേരിൽ ഇന്നു ജീവിച്ചിരിക്കുന്ന രണ്ടു നേതാക്കളിൽ ഒരാളാണ് വി.എസ്. അച്യുതാനന്ദൻ.
മറ്റൊരാൾ തമിഴ്നാട് സ്വദേശിയായ എൻ. ശങ്കരയ്യയാണ്. സിപിഎം പിറന്ന നാൾ മുതൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കു വഹിച്ച നേതാവാണ് വി.എസ്.
എണ്പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനു ശേഷം വീണ്ടും അഞ്ചു വർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തി പ്രക്ഷോഭ സമരങ്ങൾക്കു നേതൃത്വം നൽകിയ വി.എസിനു പ്രായം എന്നത് പോരാട്ടത്തിനു തടസമായതേയില്ല.
ഉത്സാഹിയായ ചെറുപ്പക്കാരൻ
പുന്നപ്രയിൽ വേലിക്കകത്ത് അയ്യൻ ശങ്കരന്റെയും മാലൂർ അക്കമ്മ എന്നു വിളിച്ചിരുന്ന കാർത്യായനിയുടെയും രണ്ടാമത്തെ മകനായി 1923 ഒക്ടോബർ 20നായിരുന്നു ജനനം. വസൂരി ബാധിച്ച് അമ്മ മരിക്കുന്പോൾ വി.എസിനു നാലു വയസ് മാത്രം.
ഏഴു വർഷം കഴിഞ്ഞപ്പോൾ അച്ഛനും മരിച്ചു. അച്ഛൻ നടത്തിയിരുന്നു ജവുളിക്കട ജ്യേഷ്ഠൻ ഏറ്റെടുത്തു നടത്തി വരികയായിരുന്നു. സഹായിയായി നിന്നെങ്കിലും കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ ഇതു പോരായിരുന്നു.
അങ്ങനെ ആസ്പിൻവാൾ കന്പനിയിൽ ജോലിക്കു ചേർന്നു. മൂന്നു വർഷം ജോലി ചെയ്തു. ഉത്സാഹിയായ ഈ ചെറുപ്പക്കാരൻ പി. കൃഷ്ണപിള്ളയുടെ ശ്രദ്ധയിൽ പെടുന്നത് അക്കാലത്താണ്. വി.എസ് എന്ന ജനകീയ നേതാവിന്റെ ഉദയം അവിടെ സംഭവിക്കുകയായിരുന്നു.
കൃഷ്ണപിള്ളയുടെ പ്രേരണയാൽ ജോലി ഉപേക്ഷിച്ച വി.എസിനെ കുട്ടനാട്ടിലെ കർഷക ത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ചുമതല ഏൽപ്പിച്ചു. ജന്മിമാരുടെ ചൂഷണത്തിൽ കഴിഞ്ഞ തൊഴിലാളികളെ സംഘടിപ്പിക്കുന്ന ദൗത്യം ഏറെ സാഹസികമായിരുന്നു.
പിന്നാലെ പുന്നപ്ര-വയലാറിലേക്കു നീങ്ങി. അവിടെ തൊഴിലാളികളെ സംഘടിപ്പിച്ച വി.എസ്, പാർട്ടി നിർദേശമനുസരിച്ച് അവിടെനിന്നു മാറി ഒളിവിൽ പോയി. പുന്നപ്ര- വയലാറുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിൽ പ്രതിയായിരുന്ന വി.എസിന് അതിന്റെ പേരിൽ വർഷങ്ങളോളം ജയിൽവാസവും അനുഷ്ഠിക്കേണ്ടി വന്നു.
ഒളിവിൽ കഴിയുന്പോൾ പിടിയിലായ അദ്ദേഹത്തിന് അതിഭീകരമായ മർദനമേറ്റു. മരിച്ചു എന്നു കരുതി ഉപേക്ഷിക്കാൻ വരെ പോലീസ് ഒരുങ്ങിയതാണ്.
പതിനെട്ടിൽ പാർട്ടി സമ്മേളനത്തിൽ
പതിനെട്ടാം വയസിൽ കോഴിക്കോട്ടു നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സമ്മേളനത്തിൽ വി.എസ് പങ്കെടുത്തു. പിന്നീട് ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ എത്തിയ വി.എസ്. 1958ൽ നാഷണൽ കൗണ്സിൽ അംഗമായി.
പത്തു തവണ നിയമസഭയിലേക്കു മത്സരിച്ച് ഏഴു തവണ വിജയിച്ച് പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ എത്തിയതു ചരിത്രം. അന്പലപ്പുഴയിൽ രണ്ടു തവണയും മാരാരിക്കുളത്ത് ഒരു വട്ടവും പരാജയപ്പെട്ടു.
മാരാരിക്കുളത്തെ പരാജയം കേരളത്തിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി മാറി. അതു സിപിഎമ്മിലും ഒരു പാടു പൊട്ടിത്തെറികൾക്കു വഴി തെളിച്ചു. പിന്നീട് മലന്പുഴ തട്ടകമാക്കി മാറ്റിയ വി.എസ്. അവിടെനിന്നു മൂന്നു തവണ നിയമസഭയിലെത്തി.
1992 മുതൽ 1996 വരെയും 2001 മുതൽ 2005 വരെയും 2011 മുതൽ 2016 വരെയും വി.എസ് കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നു. 2006 മുതൽ 2011 വരെ മുഖ്യമന്ത്രിയും. 2016ൽ വീണ്ടുമൊരിക്കൽ കൂടി മുഖ്യമന്ത്രിയാകാൻ വി.എസ് മോഹിച്ചെങ്കിലും പാർട്ടി തെരഞ്ഞെടുത്തത് പിണറായി വിജയനെ ആയിരുന്നു.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ഈ കാലയളവിൽ പ്രവർത്തിച്ച വി.എസ്. മെല്ലെ പൊതുരംഗത്തുനിന്നു പിൻവാങ്ങുന്നതാണു കണ്ടത്. 1985ൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ എത്തിയ വി.എസ് 2009 വരെ തുടർന്നു.
അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള പരസ്യ പോരിനെത്തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരെയും പോളിറ്റ് ബ്യൂറോയിൽനിന്നു നീക്കി. പിണറായി പിബിയിൽ മടങ്ങിയെത്തിയെങ്കിലും വി.എസ് പിന്നീട് പിബിയിലേക്ക് എത്തിയില്ല.