പൊന്ത കാടുകെട്ടി
Friday, October 20, 2023 11:09 AM IST
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർന്നെഴുന്നേറ്റ സത്യഭാമ എന്ന 65കാരിയുടെ കഥയാണിത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ പോലെ മനോഹരവും അത്ഭുതവും ആണ് സത്യഭാമയുടെ കഥ.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയായ സത്യഭാമയുടെ ജീവിതത്തെ കോവിഡിനു മുന്പും കോവിഡിനു ശേഷവും എന്ന രണ്ടു രീതിയിൽ അടയാളപ്പെടുത്തണം.
കോവിഡിനു മുന്പ് 60 വർഷത്തോളം ഒരു നാട്ടിൻപുറത്തെ സാധാരണക്കാരിയായി ജീവിച്ച സത്യഭാമ കോവിഡിനു ശേഷം ചിത്രകാരി എന്ന പുതിയ വേഷത്തിൽ ഇപ്പോൾ ആടിത്തിമർക്കുകയാണ്.
നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിൽ ജയിംസായും സുന്ദരം എന്ന കഥാപാത്രമായും മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ച പോലെ സത്യഭാമ ശരിക്കും നമ്മെ വിസ്മയിപ്പിക്കുന്നു.
കാലം കാത്തുവെച്ച മാജിക്
മലപ്പുറം പെരിന്തൽമണ്ണ പടപ്പറമ്പ് കൂടേരി വീട്ടിൽ സത്യഭാമ സ്കൂളിൽ പോയിട്ടില്ല, അക്ഷരാഭ്യാസമില്ല, ചിത്രം വരയ്ക്കാൻ പഠിച്ചിട്ടില്ല... പക്ഷേ ഇപ്പോൾ സത്യഭാമ വരച്ചുകൂട്ടുന്നതിന് കണക്കില്ല.
ഏതൊരു കൊച്ചുകുട്ടിക്കും മനസ്സിലാവുന്ന തരത്തിൽ ലളിത സുന്ദരമായും അതേസമയം മിസ്റ്റിക് ഫാന്റസി സ്വഭാവമുള്ള ചിത്രകൽപ്പനകളും സത്യഭാമ വരച്ചിടുന്നു.
61 വയസുവരെ ഒരു ചിത്രം പോലും വരച്ചിട്ടില്ലാത്ത സത്യഭാമ പിന്നീട് എങ്ങനെ വരച്ചുതുടങ്ങിയെന്നതിന് ആർക്കും ഉത്തരമില്ല. അത് കാലം കാത്തുവച്ച മാജിക്.

ഇതെങ്ങനെ സാധിക്കുന്നു
ഒരാൾക്ക് പെട്ടെന്ന് ഒരു ദിവസം ഇത്രമാത്രം ഭംഗിയായി വരയ്ക്കാൻ കഴിയുമോ പ്രശസ്തരായ ആർട്ടിസ്റ്റുകളോട് അന്വേഷിച്ചു. സത്യഭാമയുടെ മനസിൽ വരയ്ക്കാനുള്ള ആഗ്രഹവും അതിന്റെ ആശയങ്ങളും നേരത്തെ തന്നെ ഉണ്ടായിട്ടുണ്ടാകാം.
ഒരു സമയം വന്നപ്പോൾ അത് പ്രകടമായിത്തുടങ്ങി. മറ്റൊരാൾ വരയ്ക്കുന്നത് കണ്ടപ്പോൾ തനിക്കും ഇതുപോലെ വരച്ചുകൂടെ എന്ന് അവർക്ക് പെട്ടെന്ന് തോന്നി. അവരുടെ ഉള്ളിലുള്ള കഴിവ് ആ സമയത്ത് പുറത്തുവന്നു.
അതിന് ഒരു അക്കാഡമിക് പരിശീലനം ആവശ്യമില്ല എന്നാണ് പല ആർട്ടിസ്റ്റുകളും ഈ സംശയത്തിന് മറുപടി നൽകിയത്.
2019 ലെ കൊറോണയില് ലോകം നിശ്ചലമായപ്പോള് എല്ലാവരും ഒഴിവ് സമയം പലരീതിയിലാണ് ചിലവഴിച്ചത്. രണ്ട് മയിലുകളെ വരച്ചുകൊണ്ടാണ് സത്യഭാമയിലെ ചിത്രകാരിയുടെ ജനനം.
എംഎഫ്എ പൂർത്തിയാക്കിയ ഫൈൻ ആർട്സ് വിദ്യാർഥിയായിരുന്ന മരുമകൻ വിഷ്ണുപ്രിയന്റെ കൂടെയായിരുന്നു സത്യഭാമ. താൻ വരച്ച മയിലുകളെ സഹോദരന്റെ മകനായ വിഷ്ണുപ്രിയനു സത്യഭാമ കാണിച്ചുകൊടുത്തു.
നന്നായിട്ടുണ്ടെന്ന് ഇനിയും വരയ്ക്കണം എന്നും വിഷ്ണുപ്രിയൻ പ്രോത്സാഹിപ്പിച്ചതോടെ സത്യഭാമയുടെ മനസിൽ വർണ്ണങ്ങൾ നിറഞ്ഞു. പിന്നീട് ജീവിതം തന്നെ മാറിമറിഞ്ഞു.
വരകളിൽ പഠിപ്പ് തികഞ്ഞവർ പോലും അത്ഭുതപ്പെട്ടു പോകുന്ന വരവഴക്കം, നിറങ്ങൾ ചാലിച്ചെഴുതുന്നതിലെ ഭംഗി... സത്യഭാമയുടെ ചിത്രങ്ങൾ ഒരു സംഭവം തന്നെയാണ്.
60 വയസുവരെയുള്ള സത്യഭാമയെ കൂടി അറിയുക
ചിത്രകാരിയായ സത്യഭാമയെ അറിയുന്നതോടൊപ്പം 60 വയസ് വരെയുള്ള സത്യഭാമയെ കൂടി അറിയണം. എങ്കിൽ മാത്രമേ ഈ കഥ പൂർണമാവുകയുള്ളൂ. ഒന്പത് മക്കളിൽ ഒരാളായിരുന്നു സത്യഭാമ. അമ്മ നേരത്തെ മരിച്ചു.
കുടുംബത്തിന്റെ പ്രാരാബ്ദം മുഴുവൻ തോളിലേറ്റിയ അച്ഛന് മക്കളെ പഠിപ്പിക്കാൻ വകയുണ്ടായിരുന്നില്ല. അച്ഛൻ തന്നെ പത്താം വയസിൽ പെരിന്തൽമണ്ണയിലെ ഒരു വീട്ടിൽ കൊണ്ടുചെന്നാക്കിയത് സത്യഭാമ ഓർക്കുന്നു.
ആ വീട്ടിൽ തന്നാൽ കഴിയുന്ന പണികൾ ചെയ്തുകൊണ്ട് കഴിഞ്ഞ കാലം... സ്കൂളിൽ പോകേണ്ട സമയത്ത് ഏതോ വീട്ടിലെ അടുക്കളപ്പുരയിൽ വീട്ടുപണി ചെയ്ത് കഴിയേണ്ടി വന്ന കാലം..
പിന്നെ ചെയ്യാത്ത പണികളില്ല. റോഡ് പണിക്ക് പോയിട്ടുണ്ട്, പാടത്ത് പണിക്ക് പോയിട്ടുണ്ട്, പൊന്തക്കാട് വെട്ടാൻ പോയിട്ടുണ്ട്, കെട്ടിടം പണിക്ക് കല്ല് ചുമന്നിട്ടുണ്ട്, എത്രയോ വീടുകളിൽ വീട്ടുപണിക്കും പോയിട്ടുണ്ട് - തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലിരുന്ന് സത്യഭാമ കഥകൾ പറഞ്ഞു.
പൊന്ത കാടു കെട്ടി
സത്യഭാമയുടെ മൂന്നാമത്തെ ചിത്രപ്രദർ ശനമാണ് തൃശൂർ ലളിതകലാ അക്കാദമിയിൽ ഇപ്പോൾ നടക്കുന്നത്. പൊന്ത കാടുകെട്ടി എന്ന പേരാണ് ചിത്രപ്രദർശനത്തിന് കൊടുത്തിരിക്കുന്നത്.
തികച്ചും വ്യത്യസ്തമായ ഒരു പേര്.
സത്യഭാമയുടെ ചിത്രങ്ങളിൽ പൊന്തക്കാട് എവിടെയൊക്കെയോ തെളിഞ്ഞു വരുന്നുണ്ട്.
പൊന്തക്കാടുകളുടെ ഭംഗിയും നിഗൂഢതയും സത്യഭാമയുടെ ചിത്രങ്ങളിൽ കാണാം. മരങ്ങളും മൃഗങ്ങളും കല്ലും ദൈവവും എല്ലാം ഇതിലുണ്ട്.
78 ചിത്രങ്ങളാണ് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നമ്മെ വിസ്മയിപ്പിക്കാനായി ചുമരുകളിൽ നിരത്തിയിട്ടുള്ളത്. വരയ്ക്കാൻ മീഡിയം ഏതായാലും അതൊന്നും സത്യഭാമയ്ക്ക് പ്രശ്നമല്ല.
പെന്സില്, പേന, വാട്ടര് കളർ, മഷി തുടങ്ങി ഏതിലും വരയ്ക്കും. വീട്ടിലെ പൊട്ടിയ പ്ലേറ്റും പെയിന്റു പാത്രത്തിന്റെ അടപ്പും ചിത്രം വരയ്ക്കാനുള്ള വേറിട്ട കാൻവാസ് ആക്കിയിട്ടുണ്ട് സത്യഭാമ.
തീയിൽ കുരുത്ത ജീവിതം, തീയിൽ കുരുത്ത മൺ കോലങ്ങൾ
പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളിലൂടെ തീയിൽ കുരുത്ത ജീവിതമാണ് സത്യഭാമയുടേത്. അതുപോലെതന്നെ കരുത്തുള്ളതാണ് സത്യഭാമ തീയിൽ പൊള്ളിച്ചെടുത്ത മൺകോലങ്ങളും.
ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ചിത്രങ്ങൾക്കൊപ്പം സത്യഭാമ കളിമണ്ണിൽ മെനഞ്ഞെടുത്ത മൺ പ്രതിമകളുടെ സുന്ദരക്കാഴ്ചകളുമുണ്ട്. ആർട്ടിസ്റ്റുകൾ പറയുന്ന അബ്സ്ട്രാക്ട് രൂപങ്ങൾക്കൊപ്പം വളരെ റിയലിസ്റ്റിക് ആയ മൺ സൃഷ്ടികളും കൂട്ടത്തിലുണ്ട്.
പച്ചമഞ്ഞൾ, കൈപ്പക്ക എന്നിവ ഒറിജിനൽ ആണോ എന്ന് സംശയിക്കേണ്ട വിധമാണ് സത്യഭാമ കളിമണ്ണിൽ ഉണ്ടാക്കിയിരിക്കുന്നത്. പച്ചമഞ്ഞളിന്റെ ആകൃതിയിൽ കളിമണ്ണ് മെനഞ്ഞെടുത്ത് വീട്ടുമുറ്റത്ത് ഉണക്കാൻ ഇട്ടപ്പോൾ ഒറിജിനൽ മഞ്ഞളാണെന്ന് കരുതി കാക്കയും കോഴിയും കൊത്താനെത്തി.
കളിമണ്ണിൽ മെനഞ്ഞെടുത്ത രൂപങ്ങൾ ചുട്ടെടുക്കാൻ വീട്ടിലെ അടുക്കളയിൽ പുകയുന്ന അടുപ്പിനുള്ളിലേക്ക് അവയെ സത്യഭാമ നിക്ഷേപിക്കും. പാചകം കഴിയുമ്പോൾ കളിമൺ പ്രതിമകളും പാകപ്പെട്ടു കഴിഞ്ഞിരിക്കും.
സ്കൂളിൽ പഠിച്ചിട്ടില്ലെങ്കിലും ഫൈൻ ആർട്സ് കോളജിലേക്ക്
സ്കൂളിന്റെ പടി കടക്കാൻ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും സത്യഭാമ തൃശൂർ ഫൈൻ ആർട്സ് കോളജിലേക്ക് വരും ദിവസങ്ങളിൽ ചെല്ലും. ലളിതകലാ അക്കാദമിയിൽ നടക്കുന്ന ചിത്രപ്രദർശനം 25ന് കഴിഞ്ഞ ശേഷമായിരിക്കും സത്യഭാമ ഫൈൻ ആർട്സ് കോളജിലേക്ക് പോവുക.
അവിടെ വിദ്യാർഥികളുമായി ഒരു മുഖാമുഖം ഒരുക്കാനുള്ള ശ്രമം നടക്കുന്നു. അവർക്കറിയാനുണ്ട്.. സത്യഭാമ എങ്ങനെ ഇത്ര മനോഹരമായി വരയ്ക്കുന്നുവെന്ന്, ഇത് ഭംഗിയായി ശില്പങ്ങൾ മെനയുന്നുവെന്ന്..
പക്ഷേ സത്യഭാമയുടെ ഉത്തരം ഇതൊക്കെ അങ്ങനെ സംഭവിക്കുന്നു എന്നു മാത്രമായിരിക്കും.
എല്ലാം സ
ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലെ ചുമരുകളിൽ തൂക്കിയിട്ട ചിത്രങ്ങളിൽ നോക്കുമ്പോൾ പല ചിത്രങ്ങൾക്കു താഴെയും സ എന്നെഴുതി കണ്ടു.
ഒപ്പിടാൻ അറിയാത്ത സത്യഭാമ തന്റെ പേരിന്റെ ആദ്യാക്ഷരമാണ് തന്റെ ചിത്രകല്പനകൾക്ക് താഴെ ഒരു വിധത്തിൽ കൈയൊപ്പായി പതിപ്പിച്ചിരിക്കുന്നത് .