അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
Wednesday, October 18, 2023 1:30 PM IST
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ്മ ഇന്ന് ലോക ശ്രദ്ധയുടെ നെറുകയിലാണ്. പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. പ്രായത്തിന്റെ ആകുലതകളിൽപെട്ട് സ്വപ്നങ്ങളിൽനിന്ന് പിന്നോട്ട് വലിയുന്നവരുണ്ട്.
എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്. ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോങ്ങളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ.
എന്നാൽ, തമിഴ്നാട്ടിലെ വീരമ്മാൾ അമ്മ എന്ന എൺപത്തിയൊൻപതുകാരി താരമാകുന്നത് ഒരു ഗ്രാമത്തിന്റെ മുഴുവൻ മേൽനോട്ടം ഈ പ്രായത്തിലും വഹിച്ചുകൊണ്ടാണ്. സഹിഷ്ണുതയുടെയും അർപ്പണബോധത്തിന്റെയും നേർക്കാഴ്ച്ചയാണ് വീരമ്മാൾ അമ്മ. അരിട്ടപ്പട്ടി പാട്ടി എന്നറിയപ്പെടുന്നു.
വീരമ്മാൾ അമ്മയുടെ ശ്രദ്ധേയമായ കഥ ഐഎഎസ് ഓഫീസർ സുപ്രിയ സാഹു ആണ് പങ്കുവച്ചത്. ഈ പ്രായത്തിലും അവർ ചൈതന്യത്തോടെ ഉത്സാഹത്തോടെ ഗ്രാമത്തിനായി പ്രവർത്തിക്കുകയാണ്. തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ പഞ്ചായത്ത് പ്രസിഡന്റാണ് വീരമ്മാൾ അമ്മ.
വീരമ്മാൾ അമ്മയുമായുള്ള കൂടികാഴ്ചയെക്കുറിച്ച് ഐഎഎസ് ഓഫീസർ സുപ്രിയ സാഹു പറയുന്നത് ശാരീരികക്ഷമതയ്ക്കും പോസിറ്റീവ് വീക്ഷണത്തിനും ഉത്തമ ഉദാഹരണമാണ് ഇവർ എന്നാണ്. ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു ജീവിതശൈലിയാണ് വീരമ്മാൾ അമ്മ പിന്തുടരുന്നത്.

വീരമ്മാൾ അമ്മയുടെ നേതൃത്വത്തിൽ അരിട്ടപ്പട്ടി ഗ്രാമം, മധുരയിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃകകേന്ദ്രമെന്ന ബഹുമതി നേടിയത് ശ്രദ്ധേയമാണ്. പ്രദേശത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതിന് ഐ എ എസ് ഉദ്യോഗസ്ഥരുമായി സഹകരിക്കുമ്പോൾ ഇവർ ലോക ശ്രദ്ധ നേടുകയും ചെയ്യുന്നു.
തന്റെ ആരോഗ്യത്തിന്റെയും പൊസിറ്റീവായിട്ടുള്ള മനോഭാവത്തിന്റെയും രഹസ്യം വീരമ്മാൾ പറയുന്നു. വീട്ടിൽ ഉണ്ടാക്കുന്ന ധാന്യം കൊണ്ടുള്ള ഭക്ഷണവും ദിവസം മുഴുവനും പാടത്തുള്ള പണിയുമാണ് കാരണം.
തമിഴ് നാട് സംസ്ഥാനത്തെ മധുര ജില്ലയിലെ പഞ്ചായത്താണ് അരിട്ടപ്പട്ടി. തമിഴ്നാട്ടിലെ ആദ്യ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമാണ് അരിട്ടപ്പട്ടി. അപൂർവ്വയിനം ജീവികളും രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ചരിത്ര അവശേഷിപ്പുകളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത.
ഇവയുടെ സംരക്ഷണം കണക്കിലെടുത്താണ് ഈ ഗ്രാമങ്ങളെ തമിഴ്നാട് സർക്കാർ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്. 193.2 ഹെക്ടർ ഭൂമിയാണ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചത്. ഇവിടെയുള്ള ചില കുന്നിൻപ്രദേശങ്ങൾ ചരിത്ര അവശേഷിപ്പുകളുടെയും ജൈവ വൈവിധ്യത്തിന്റെയും കലവറയാണ്.
250 ഇനം പക്ഷികളുടെ ആവാസകേന്ദ്രമാണിത്.കുന്നുകൾക്ക് ചുറ്റുമുള്ള 72 തടാകങ്ങളാണ് പ്രദേശത്തിന് പച്ചപ്പ് നൽകുന്നത്. മഹാശില കാലത്തെ ശേഷിപ്പുകളിൽ തമിഴ്- ബ്രഹ്മി ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പാറയിൽ കൊത്തിയ ക്ഷേത്രങ്ങൾക്ക് 2200 വർഷത്തിന്റെ പഴക്കമാണ് കണക്കാക്കുന്നത്.
കർക്കശമായ തീരുമാനങ്ങളും അതിനായുള്ള ശ്രമങ്ങളും വീരമ്മാളിനെ മികച്ച പ്രവർത്തകയാക്കി. മകൻ എ. മോഹനസുന്ദരം പറയുന്നു-ഞങ്ങളുടെ കർഷക കുടുംബം ഞങ്ങളുടെ ഗ്രാമത്തിൽ വർഷങ്ങളായി ജനപ്രിയമാണ്, എല്ലാവർക്കും അമ്മയെ അറിയാം. പ്രായമായിട്ടും അവർ ഓരോ വീടും ദിനവും സന്ദർശിക്കും.
കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രാമത്തിനായി വീരമ്മാൾ ജീവിതം ഉഴിഞ്ഞു വച്ചു. കുടിവെള്ളം, റോഡുകൾ, ശരിയായ കുളിമുറി, ഡ്രെയിനേജ് സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം നടപ്പിലാക്കി. ഇവർ മൽസരിച്ചത് പാർട്ടി സ്ഥാനാർഥിയായിട്ടല്ല.
ഇവരുടെ ഗ്രാമത്തിൽ പോസ്റ്ററുകൾ പോലും ഒട്ടിച്ചിട്ടില്ല. വീരമ്മാൾക്ക് ചുറ്റും അണിനിരന്ന വലിയ അനുയായികൾ ഉണ്ടായിരുന്നതിനാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ‘വഴുതന' ചിഹ്നത്തിൽ വിജയിച്ചു.
വീരമ്മാൾ അമ്മ ഇന്ന് ലോക ശ്രദ്ധ നേടിയ വ്യക്തിയാണ്. ഐക്യരാഷ്ട്ര സംഘടന പ്രതിനിധികൾ ഇവരുടെ കർമഭൂമിയിൽ എത്തുകയും ഗ്രാമത്തിൽ എത്തി ഒരോ കോണും സഞ്ചരിക്കുകയും നേട്ടങ്ങൾ കണ്ട് അവരെ അഭിന്ദിക്കുകയും ചെയ്തു.
ഇങ്ങനെ മധുരജില്ലയും അരിട്ടപ്പട്ടി ഗ്രാമവും ഈ വീരമ്മാളും ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. മാത്രമല്ല വിവിധ ഗവേഷണ ഏജൻസികളും പഠിതാക്കളും ആരോഗ്യപ്രവർത്തകരും ഈ ഗ്രാമത്തിൽ എത്തികൊണ്ടിരിക്കുകയാണ്.