ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
ഋഷി
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ കേസെല്ലാം സിബിഐയെ ഏൽപ്പിക്കണം എന്ന ആവശ്യം എല്ലാവരും ഉന്നയിച്ചു തുടങ്ങി.
സിബിഐയുടെ ഫുൾഫോം അറിയില്ലെങ്കിലും സിബിഐ വന്നാൽ കേസ് തെളിയും എന്നൊരു തോന്നൽ കേരളക്കരയാകെ ഉണ്ടാക്കിയെടുക്കാൻ സേതുരാമയ്യർക്ക് സാധിച്ചു. സിബിഐക്ക് ഒന്നും രണ്ടുമൂന്നു നാലും ഭാഗങ്ങൾ വന്നുകൊണ്ടേയിരുന്നു.
എന്നാൽ ഇപ്പോൾ കേരളം കേൾക്കുന്നതും കാണുന്നതും പറയുന്നതും സിബിഐ എന്ന അന്വേഷണ ഏജൻസിയെ ക്കുറിച്ചല്ല. ഇന്ന് എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നത് ഇഡിയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കേരളം മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ വായ്പ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുമ്പോൾ എന്താണ് ആരാണ് ഈ ഇഡി എന്നൊന്നറിയാം.
സാമ്പത്തിക നിയമ നിർവഹണം, സാമ്പത്തിക കുറ്റകൃത്യ രഹസ്യാന്വേഷണം എന്നിവക്കായി രൂപീകരിക്കപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി എന്ന ചുരുക്കപ്പേരിലാണ് ഇന്ത്യയൊട്ടാകെ ഈ അന്വേഷണ ഏജൻസി അറിയപ്പെടുന്നത്.
ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്നിവയിലെ ഉദ്യോഗസ്ഥരും സ്വന്തം കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നതാണ് ഇവിടുത്തെ അന്വേഷണ ഉദ്യോഗസ്ഥർ.
ചുരുക്കിപ്പറഞ്ഞാൽ ഏത് സാമ്പത്തിക കുറ്റകൃത്യവും സാമ്പത്തിക അഴിമതിയും കണ്ടുപിടിക്കാൻ മിടുക്കരും പ്രാപ്തരുമായവരാണ് ഇ ഡി സ്ക്വാഡിൽ ഉള്ളത്. കേരളത്തിന് ഇഡി അത്രയൊന്നും പരിചിതമായിരുന്നില്ല ഇതുവരെ.
എന്നാൽ കരുവന്നൂർ കേസിൽ പോലീസും ക്രൈംബ്രാഞ്ചുമൊക്കെ നടത്തിയ അന്വേഷണത്തിനു ശേഷം തട്ടിപ്പുകൾ അന്വേഷിക്കാൻ ഇഡി എത്തിയപ്പോഴാണ് ഈ അന്വേഷണ ഏജൻസിയുടെ ശക്തിയും വ്യാപ്തിയും എന്തെന്ന് മലയാളികൾ തിരിച്ചറിഞ്ഞത്.
ഷാജി കൈലാസ്-സുരേഷ് ഗോപി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഏതു കൊലക്കൊമ്പനെയും നിർഭയം കൈകാര്യം ചെയ്യുന്ന ഇഡിയെയാണ് കരുവന്നൂരിലും തൃശൂരിലും കാണുന്നത്.
അതുകൊണ്ടുതന്നെ ഒരു സിനിമ കാണുന്ന രസത്തോടും പിരിമുറുക്കത്തോടും കൂടിയാണ് ജനം ഇഡി യുടെ അപ്രതീക്ഷിത ചടുല നീക്കങ്ങളെ വിക്ഷിക്കുന്നത് ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയന്ത്രിക്കുന്നത്.
ഒരു ഐആർഎസ് (ഇന്ത്യൻ റവന്യൂ സർവീസ്) ഉദ്യോഗസ്ഥനായ എൻഫോഴ്സ്മെന്റ് ഡയറക്ടറാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തലവൻ. 1956 ഒന്നിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രൂപീകൃതമായത്.
67 വർഷമാകുന്നു ഇന്ത്യയിൽ അന്വേഷണം തുടങ്ങിയിട്ട്. കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണ ഏജൻസി ആയതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിന്റെ കുഴലൂത്തുകാരും ചട്ടുകങ്ങളും ആണ് ഇഡി എന്ന് വിമർശിക്കുന്ന പ്രതിപക്ഷങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്.
എന്നാൽ ഈ ആരോപണങ്ങളെയും വിമർശനങ്ങളെയും ഒന്നും കുസാതെയാണ് ഇത്രകാലവും ഇഡി മുന്നോട്ടുപോയത്. ഇന്ത്യ ഒട്ടുക്കും പരന്നുകിടക്കുന്ന വിശാലമായ അധികാരപരിധിയാണ് ഇഡിയുടെ സവിശേഷത.
ചെറുതും വലുതുമായ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങൾ ഇഡിയുടെ മുന്നിലെത്താറുണ്ട്. സാമ്പത്തിക ശാസ്ത്രം, കണക്കുകൾ, അക്കൗണ്ടൻസി എന്നിവയിൽ വിദഗ്ധരായവർ ഉൾപ്പെടുന്ന ഇഡി സംഘം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണവുമായി തുടരുന്നുണ്ട്.
റെയ്ഡിനും മറ്റും പോകുമ്പോൾ സിആർപിഎഫ് അടക്കമുള്ള സേനയുടെ സഹായം ഇഡി തേടാറുണ്ട്. ആവശ്യമെങ്കിൽ മാത്രം ലോക്കൽ പോലീസിനെയും സഹായത്തിന് വിളിക്കും.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999 കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 (പി.എം.എൽ.എ) എന്നീ നിയമങ്ങളുടെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ഇഡി അന്വേഷിക്കുന്നു.
ഇത്തരം കേസുകളിലെ വിചാരണ നടപടികൾക്ക് ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക കോടതികളുമുണ്ടാകും. വിദേശ വിനിമയ ചട്ടം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ എന്നിവ കേന്ദ്ര നിയമമാണ്.
ഇതിന്റെ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം നടത്താൻ ഇഡിക്ക് സാധിക്കും. 1908-ലെ സിവിൽ പ്രൊസീജിയർ കോഡ് പ്രകാരം സിവിൽ കോടതിയ്ക്ക് തുല്യമായ അധികാരങ്ങൾ ഇഡി ഡയറക്ടർക്കുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 193, സെക്ഷൻ 228 അനുസരിച്ച് തെളിവ് ശേഖരിക്കുക, രേഖകൾ വിളിച്ചു വരുത്തുക, ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യുക തുടങ്ങിയവ കോടതിയുടെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണ്.
ഈ അധികാരങ്ങൾ ഇഡിക്കുമുണ്ട്. മലയാളിയെ കോരിത്തരിപ്പിച്ച സിബിഐ സിനിമകൾ പോലെ ഇനി ഇഡി സിനിമകൾ വരുമോ എന്നാണ് സിനിമ പ്രേമികൾ നോക്കിയിരിക്കുന്നത്.
എന്നാൽ കേട്ടോളൂ വർഷങ്ങൾക്ക് മുൻപ് കെ. മധു സംവിധാനം ചെയ്ത ഊഹക്കച്ചവടം എന്ന സിനിമ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കുറിച്ച് ആയിരുന്നു.