"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പെരുകുന്നു.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്കൂൾ വിദ്യാർഥിനികളുടെ നഗ്നചിത്രങ്ങൾ വ്യാജമായി നിർമിക്കുകയും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തത് സ്പെയിനിൽ വൻ വിവാദമായി.
സ്പെയിനിലെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ബഡാജോസിലെ അൽമെന്ദ്രാലെക്സോവിൽ 11നും 17നും ഇടയിൽ പ്രായമുള്ള 28ഓളം പെൺകുട്ടികളുടെ വ്യാജ നഗ്ന ചിത്രങ്ങളാണ് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്.
സോഷ്യൽമീഡിയ അക്കൗണ്ടുകളിൽനിന്ന് പെൺകുട്ടികളുടെ ചിത്രമെടുത്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. ചിത്രങ്ങൽ മോർഫ് ചെയ്യാൻ എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ClothOff ആപ്പ് ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.
കേസിൽ ഉൾപ്പെട്ട 11 പ്രതികൾ 12നും 14നും ഇടയിൽ പ്രായമുള്ളവരാണ്. വേനൽക്കാല അവധിക്കുശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സംഭവം. സംഭവത്തിൽ ഇരകളായ കുട്ടികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു.
കുട്ടികളുടെ വ്യാജ നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിന് പിന്നിലുള്ളവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ടൗൺ മേയർ മുന്നറിയിപ്പ് നൽകി.