ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ തന്നെ എറ്റവും വലിയ മനുഷ്യനിര്‍മിത ചിറയും ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രവും ചിറക്കല്‍ കൊട്ടാരവുമെല്ലാം വലിയ പൈതൃകങ്ങളാണ്.
ചിറക്കൽ കൊട്ടാരത്തിലെത്തിയ ചെറുശേരി കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ താമസിച്ച് ആരൂഢത്തിലിരുന്നാണ് കൃഷ്ണഗാഥ രചിച്ചതെന്നാണ് ഐതിഹ്യം. വര്‍ഷങ്ങള്‍ക്കിപ്പുറവും ക്ഷേത്രത്തില്‍ പുതിയ കാലത്തിന്റെ ആര്‍ഭാടങ്ങളൊന്നുമില്ലാതെ പഴമയുടെ ചരിത്രവും പേറി മങ്ങലേല്ക്കാതെ സൂക്ഷിക്കുകയാണ്.
ചെറുശേരിയുടെ ഓര്‍മകള്‍ നിലനില്‍ക്കുന്ന ഇവിടെ സാംസ്കാരിക കേന്ദ്രമാക്കാന്‍ പോകുകയാണ്. ക്ഷേത്രത്തിന്റെ തനിമ നിലനിര്‍ത്തി സാംസ്കാരിക പൈതൃക കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം.
ചെറുശേരിയുടെ ഓർമകൾ നിലനിർത്തുന്ന വിധം ഇവിടെ സാംസ്കാരിക കേന്ദ്രമാക്കി മാറ്റണമെന്ന ആഗ്രഹം കഥാകൃത്ത് ടി. പത്മനാഭൻ ഉൾപ്പെടെയുള്ളവർ പ്രകടിപ്പിച്ചിരുന്നു. ചെറുശേരിയുടെ സാന്നിധ്യത്താൽ പ്രശസ്തമായ ഇടം സംരക്ഷിക്കപ്പെടണമെന്നു ചിറക്കൽ കോവിലകത്തെ കുടുംബാംഗങ്ങളും ആഗ്രഹിച്ചു.
ഇതു സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികൾ അഴീക്കോട് എഎംൽഎ കെ.വി. സുമേഷിന് കത്തു നൽകിയിരുന്നു. ചിറക്കൽ കോവിലകത്തെ അന്തരിച്ച വലിയരാജ സി.കെ. രവീന്ദ്രവർമയും ചെറുശേരി സ്മാരകം യാഥാർഥ്യമാക്കാൻ താൽപര്യമെടുത്തിരുന്നു.
തമസ്കരിക്കപ്പെട്ട കവിയായ ചെറുശേരിയെ നമസ്കരിക്കാൻ നാം തയാറാവണമെന്നായിരുന്നു അന്ന് സ്മാരകം സംബന്ധിച്ച ചർച്ചയിൽ രവീന്ദ്രവർമ രാജ അഭിപ്രായപ്പെട്ടത്. ക്ഷേത്രത്തിന്റെ പൗരാണിക പ്രൗഢി കാത്തുസൂക്ഷിക്കുന്ന തരത്തിലും നിർമാണങ്ങൾ നടത്താനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഈ പശ്ചാത്തലത്തിലാണ് കെ.വി. സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ചിറക്കൽ പഞ്ചായത്തും ഫോക്ലോർ അക്കാദമിയുമെല്ലാം കൈകോർത്ത് സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ചെറുശേരി സ്മാരകമെന്ന ആശയത്തിലേക്ക് എത്തിയത്.
എംഎൽഎയുടെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഇതിനായി രണ്ട് കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്.
വൃന്ദാവനമൊരുക്കും
പൈതൃക കേന്ദ്രത്തിന്റെ പ്രധാന ആകർഷണം ശ്രീകൃഷ്ണ സങ്കൽപത്തിന്റെ അടിസ്ഥാനത്തിലുള്ള വൃന്ദാവനമായിരിക്കും.
ക്ഷേത്രത്തിന്റെ തനിമയോടെ അവിടെ ചെറുശേരി സ്മാരകം, മ്യൂസിയം, ചെറുശേരിയുടെ പ്രതിമ, ഗ്രന്ഥശാല, എല്ലാ സമയവും കൃഷ്ണ ഗാഥ കേൾക്കാനുള്ള ഡിജിറ്റൽ സംവിധാനം, കുട്ടികൾക്ക് ഉല്ലസിക്കാനുള്ള ഉപാധികൾ, പഠന സാമഗ്രഹികൾ, ഓപ്പൺ ഓഡിറ്റോറിയം എന്നിവയാണ് നിർമിക്കുക.
ക്ഷേത്ര കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയാക്കി ഇവിടം മാറ്റിയെടുക്കും. നിർമിത ബുദ്ധിയുപയോഗിച്ച് കൃഷ്ണഗാഥ ചെറുശേരി തന്നെ ചൊല്ലുന്നതു പോലുള്ള ക്രമീകരണവും ഒരുക്കും.
ചിറക്കൽ ചിറയുടെ കരയിലുള്ള കിഴക്കേക്കര മതിലകം ശ്രീകൃഷ്ണക്ഷേത്രത്തിലെ വിശാലമായ ഊട്ടുപുരയും കൃഷ്ണഗാഥയുടെ കഥാഭാഗങ്ങൾ ചിത്രീകരിച്ച ദാരുശില്പങ്ങളും ഇപ്പോൾത്തന്നെ ധാരാളം പേരെ ആകർഷിക്കുന്നുണ്ട്.
ഏഷ്യയിലെതന്നെ ഏറ്റവും വലിയ മനുഷ്യനിർമിത ചിറയായ ചിറക്കൽച്ചിറ നവീകരിച്ചതിന് ശേഷമാണ് ഈ സ്ഥലം കൂടുതൽ ജനശ്രദ്ധയമായത്. സ്ഥലം കണ്ടെത്താൻ സർക്കാർ റവന്യൂവകുപ്പിനോടാവശ്യപ്പെട്ടു.
കാട്ടാമ്പള്ളിയിലെ ജലസേചനവകുപ്പിന്റെ സ്ഥലമായിരുന്നു റവന്യൂവകുപ്പ് കണ്ടെത്തിയത്. എന്നാൽ, ആ സ്ഥലം ആർക്കും സ്വീകാര്യമായില്ല. ചരിത്രപ്രാധാന്യം കണക്കിലെടുത്ത് ചിറക്കൽ കിഴക്കേക്കര മതിലകം ക്ഷേത്ര പരിസരത്ത് തന്നെയാകണം സ്മാരകമെന്ന് എംഎൽഎ ആഗ്രഹം പ്രകടിപ്പിച്ചു.
ചിറക്കൽ കോവിലകം അധികൃതരും ഈ നിർദേശത്തെ പിന്തുണച്ചതോടെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും ക്ഷേത്രത്തിൽ തന്നെ സ്മാരകം പണിയാൻ തീരുമാനമാകുകയും ചെയ്തത്.
വരണം തുഞ്ചൻപറമ്പിന് സമാനമായ സ്മാരകം
മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് രാമനുജനെഴുത്തച്ഛന്റെ ജന്മദേശമായ തുഞ്ചൻപറമ്പിൽ സ്ഥാപിച്ച സ്മാരകത്തിനും മ്യൂസിയത്തിനും സമാനമായ സംസ്കാരിക കേന്ദ്രമാണ് ചിറക്കലിൽ ചെറുശേരിക്കായി ഒരുക്കേണ്ടതെന്ന അഭിപ്രായം ശക്തമാണ്.
എഴുത്തച്ഛന്റെ നാരായം (എഴുത്താണി) ഉൾപ്പെടെ ഭാഷാചരിത്രവുമായി ബന്ധപ്പെട്ട ലിഖിതങ്ങളും പുരാരേഖകളും സരസ്വതി മണ്ഡപത്തിലും അതിനോട് ചേർന്ന ലൈബ്രറിയിലുമായി സൂക്ഷിച്ചിട്ടുണ്ട്.
തുഞ്ചൻപറമ്പിലെ കാഞ്ഞിരമരച്ചോട്ടിലിരുന്നാണ് എഴുത്തച്ഛൻ തന്റെ രചനകൾ നിർവഹിച്ചതും ശിഷ്യരെ പഠിപ്പിച്ചതും. എഴുച്ഛന്റെ ഭാഷാ മാധുര്യത്താൽ കാലക്രമേണ ഈ കാഞ്ഞിരം സ്വാഭാവിക കയ്പ് രസം ഉപേക്ഷിച്ചെന്നാണ് പറയുന്നത്.
കയ്പില്ലാത്ത കാഞ്ഞിരമരം ഇപ്പോഴും തുഞ്ചൻ പറന്പിൽ സംരക്ഷിച്ചു നിലനിർത്തുന്നുണ്ട്. ഇതു പോലെ ചെറുശേരിയുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാം അതേപടി നിലനിർത്തി സാംസ്കാരിക കേന്ദ്രം ഒരുക്കിയാൽ തനിമ ചോരാതെ എല്ലാം അതുപോലെ നിലനിൽക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
തീർഥാടന ടൂറിസത്തിലേക്കുള്ള കാൽവയ്പ്പ്
ചെറുശേരി സ്മാരകം ചിറക്കലിനെ തീർഥാടക ടൂറിസത്തിന്റെയും സാംസ്കാരിക പരിപാടികളുടെയും കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്ന പദ്ധതിയാണ്. തൊട്ടരികെ ഫോക്ലോർ അക്കാദമി സ്ഥിതി ചെയ്യുന്നതും പഠന-ഗവേഷണ കാര്യങ്ങൾക്ക് എത്തുന്നവർക്ക് തുണയാകും.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അടുത്തടുത്തുള്ള തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർഥാടകരെയും ആഭ്യന്തര സഞ്ചാരികളെയും ആകർഷിക്കാനും ഇതിലൂടെ സാധിക്കും. രണ്ടു കിലോമീറ്റർ ചുറ്റളവിൽ അൻപതിലേറെ ക്ഷേത്രങ്ങളുണ്ട് എന്നതാണ് ചിറക്കൽ ഗ്രാമത്തിന്റെ പ്രത്യേകത.