വീണ്ടും മാസ്ക് അണിയും കാലം...
Friday, September 15, 2023 12:48 PM IST
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച്ചില്ല കോഴിക്കോട്ടുകാര്‍. 2018ല്‍ 17 പേരുടെ മരണത്തിനിടയാക്കിയ നിപ എത്രത്തോളം പേടിപ്പിച്ചുവെന്ന് ആരും പറയേണ്ടതില്ല.
അതിന്റെ തീവ്രഭാവം ശരിക്കും അനുഭവിച്ചു. അതില്‍നിന്നു കരകയറും മുന്‍പ് പ്രളയം എത്തി. ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങള്‍ അന്നും ജനം അനുഭവിച്ചു.
തുർച്ചയായ രണ്ടു വർഷത്തെ പ്രളയം കഴിഞ്ഞപ്പോള്‍ കോവിഡ് എത്തി. മനുഷ്യര്‍ക്ക് ഇങ്ങനെയും ജീവിക്കാം എന്നു കാണിച്ചുതന്ന നിയന്ത്രണങ്ങളുടെ കൊറോണക്കാലം.
അതിനിടെ 2021ല്‍ വീണ്ടും കോഴിക്കോട് നിപ അവതരിച്ച് 13 വയസുകാരന്റെ ജീവനെടുത്തു. അതിൽനിന്നെല്ലാം കരകയറി ദുരിതകാലം മറക്കാൻ ശ്രമിക്കുന്നതിനിടെ ഇപ്പോഴിതാ രണ്ടുപേരുടെ ജീവനെടുത്ത് നിപ തിരിച്ചുവന്നിരിക്കുന്നു.
എന്ന് തീരും ഈ ഭീതിയെന്ന് ആര്‍ക്കും ഒരു പിടിയില്ല. ആളുകളുടെ ജീവിതം തടസപ്പെടുത്തി ബാരിക്കേഡുകളും മുഖാവരണവും വീണ്ടും നിവരുന്നു.
കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനും നിപ സ്ഥിരീകരിച്ച സാഹചര്യം ഭയാനകമായ സാഹചര്യം തിരികെ കൊണ്ടുവരികയാണ്.
ഇന്ന് ഒരാൾക്കു കൂടി നിപ സ്ഥീരീകരിച്ചതായുള്ള റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നു. മുൻപ് നിപയെ നേരിട്ട അറിവും രോഗത്തെ നേരിടാനായി ലഭിച്ച പരിശീലനവുമാണ് കരുത്ത്.

വില്ലന്‍ വവ്വാല്...
മലയോരങ്ങളിലാണ് വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ എന്നതിനാല്‍ ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്താറുള്ളത്.
എന്നാല്‍ ഇനിയുള്ള കാലം നിപയെ പ്രതിരോധിക്കണമെങ്കില്‍ അതുമാത്രം പോരെന്നാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ശാസ്ത്രീയവും സമഗ്രവുമായ പഠനംതന്നെ വേണം.
2018ല്‍ 22 ശതമാനം വവ്വാല് കൂട്ടങ്ങളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. അതിനാല്‍തന്നെ ഈ മേഖലകളില്‍ വീണ്ടും നിപ എത്താനുള്ള സാധ്യതയും വിലയിരുത്തപ്പെട്ടിരുന്നു.
അമ്പത് കിലോമീറ്ററോളം ദൂരത്തില്‍ വവ്വാലുകള്‍ പറന്നു നടക്കാറുണ്ട്. അതിനാല്‍തന്നെ ഇത്രയും ദൂരത്തില്‍ വൈറസ് പടരാനുള്ള സാധ്യതയും ഏറെയാണ്.
നിപയുടെ ‘ഇൻക്യുബേഷൻ’ കാലയളവ് 14 ദിവസമാണ്. ആ സമയത്ത് രോഗി പോകുന്ന സ്ഥലത്തെല്ലാം അതീവ ജാഗ്രത ആവശ്യമാണ്.
പഴം തീനി വവ്വാലുകളില്‍നിന്നാണ് നിപ പടരാന്‍ സാധ്യത ഏറെയെന്നാണ് ഭൂരിഭാഗം പഠനങ്ങളും തെളിയിക്കുന്നത്. എന്നാലിത് ശാസ്ത്രീയമായി തെളിക്കാന്‍ കഴിഞ്ഞിട്ടില്ല.
കോവിഡിനെ പോലെയല്ല, മരണം സംഭവിക്കാൻ സാധ്യത വളരെ കൂടുതലുള്ള രോഗമാണ് നിപ. 2018ൽ ഒരു രോഗി സ്കാൻ ചെയ്യാൻ പോയപ്പോൾ അവിടെ വച്ച് മറ്റാളിലേക്ക് രോഗം പകർന്ന സംഭവമുണ്ട്.
മൂക്കടപ്പ്, പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് രോഗിയിൽ ആദ്യമുണ്ടാവുന്ന ലക്ഷണങ്ങൾ. വൈറസുകൾ തലച്ചോറിനെയും ശ്വാസകോശത്തേയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടുന്നതാണ് ഉത്തമം.
ആശങ്ക ഒഴിയാതെ അഞ്ച് വര്‍ഷം...
2018 മേയ് അഞ്ചിനാണ് കേരളത്തിൽ ആദ്യമായി നിപ ബാധിച്ചുള്ള മരണമുണ്ടാകുന്നത്. അതുകഴിഞ്ഞ് രണ്ടാഴ്ചയോളം കഴിഞ്ഞാണ് അത് നിപ്പയാണെന്ന സംശയമുണ്ടാകുന്നത്. തുടർന്നു രോഗലക്ഷണം കണ്ടവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ രോഗികളെ ഐസലേറ്റ് ചെയ്യാൻ ഉടൻ സംവിധാനമൊരുക്കി. ആദ്യം ബാധിച്ചവരെ ഐസലേറ്റ് ചെയ്തതോടെ രോഗം പടരുന്നതു തടയാനായി. രോഗം വന്ന വഴി കണ്ടെത്താനായി പിന്നെ ശ്രമം.
പേരാമ്പ്രയിൽ മരിച്ച ആദ്യത്തെയാൾക്കു വവ്വാലിൽനിന്നു നേരിട്ടു രോഗം പകർന്നതാണെന്നു കണ്ടെത്തി. ആദ്യ രോഗി പേരാമ്പ്ര ആശുപത്രിയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ചില കൂട്ടിരിപ്പുകാർ, അന്നു നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് എന്നിവർക്കാണു നിപ ബാധിച്ചതെന്നും കണ്ടെത്തി.
പേരാമ്പ്ര ആശുപത്രിയിൽനിന്നു രോഗം ബാധിച്ച ഒരാൾ നേരത്തേ ബാലുശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അന്ന് അതേ വാർഡിൽ അടുത്തുകിടന്ന രോഗിയാണു പിന്നീടു രോഗബാധയേറ്റു മരിച്ചതെന്നും വ്യക്തമായി.
രോഗികൾ പോയ വഴികൾ കണ്ടെത്തിയതോടെ, രോഗം വന്ന വഴിയും കണ്ടുപിടിച്ചു. പുതിയ വഴികൾ കൊട്ടിയടയ്ക്കുക കൂടി ചെയ്തതോടെ നിപ നിലച്ചു. അന്ന് നിപ ബാധിച്ച 18 പേരിൽ സിസ്റ്റർ ലിനി ഉൾപ്പെടെ 16 പേർ മരണത്തിനു കീഴടങ്ങി.
പഴുതടച്ച മുൻകരുതൽ നടപടികളിലൂടെ രണ്ടു മാസങ്ങൾ കൊണ്ട് പുതിയ രോഗികൾ ഇല്ലാതായി. ഇതോടെ 2018 ജൂൺ 30ന് മലപ്പുറം, കോഴിക്കോട് ജില്ലകളെ നിപ മുക്തമായും പ്രഖ്യാപിച്ചു.