അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്തുനിന്നു മണ്ണു നീക്കം ചെയ്യുന്പോൾ അസാധാരണമായ ചില അവശിഷ്ടങ്ങൾ സ്ഥലമുടമയുടെ ശ്രദ്ധയിൽപ്പെട്ടു.
ദിനോസറിന്റെ അസ്ഥികളാണെന്നു സംശയം തോന്നിയ അദ്ദേഹം ആ മേഖലയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടു. ദിനോസറിന്റെ അസ്ഥികളെന്നു സ്ഥിരീകരിച്ച ഗവേഷകസംഘം താമസിയാതെതന്നെ അവിടെ ഖനനവും പഠനവും ആരംഭിച്ചു.
2017ൽ തുടങ്ങിയ ഖനനം 2022 ഓഗസ്റ്റിൽ എത്തിയതോടെ അത്ഭുതകരമായ കണ്ടെത്തലിലേക്ക് എത്തി. ജീവിച്ചിരുന്നപ്പോൾ ഏകദേശം 39 അടി ഉയരവും 82 അടി നീളവും ഉണ്ടായിരുന്ന ഒരു ദിനോസറിന്റെ അവശിഷ്ടങ്ങളാണ് ആ വീട്ടുമുറ്റത്ത് കണ്ടെത്തിയത്.
നീളമുള്ള കഴുത്തും വാലുമുള്ള "സൗരോപോഡ്' വിഭാഗത്തിൽപ്പെട്ട ദിനോസർ ആയിരുന്നു അത്. ലോകത്തുതന്നെ കണ്ടെത്തിയതിൽ ഏറ്റവും വലിയ അവശിഷ്ടങ്ങളാണിതെന്നു കരുതുന്നതായി പോർച്ചുഗൽ ലിസ്ബൺ സർവകലാശാല ഫാക്കൽറ്റി ഓഫ് സയൻസസിലെ പാലിയന്റോളജിസ്റ്റായ എലിസബത്ത് മലഫയ പറയുന്നു.
145 ദശലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഭീമാകാരനായ ജീവിയുടെ അസ്ഥികൾക്കു വലിയ കേടുപാടുകൾ സംഭവിച്ചിരുന്നില്ല. ഏതാണ്ടു പൂർണമായ തോതിൽ അസ്ഥികൾ ലഭിച്ചുവെന്നതും അപൂർവതയാണെന്ന് മലഫയ വ്യക്തമാക്കി. സസ്യഭുക്കായ ദിനോസറുകളാണ് "സൗരോപോഡ്'.
ഭൂമിയിൽ ജീവിച്ചതിൽ ഏറ്റവും വലിയ കരജീവികൾ ഉൾപ്പെടുന്ന വിഭാഗം കൂടിയാണിവ. കണ്ടെടുത്ത അസ്ഥികൾ വിശദപഠനത്തിനായി ലബോറട്ടറിയിലേക്കു മാറ്റിയിരിക്കുകയാണ്. പഠനത്തിനുശേഷം മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
അതേസമയം, അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലത്ത് ഖനനം ഇപ്പോഴും തുടരുകയാണ്. കൂടുതൽ അസ്ഥികൾ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.