കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
എസ്. മഞ്ജുളാദേവി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമാനനേട്ടങ്ങളും അവഗണനകളും വ്യാജ ആരോപണങ്ങളും എല്ലാം നേരിട്ട ഭാര്യയാണ് മറിയാമ്മ ഉമ്മൻ.
മറിയാമ്മ ഉമ്മന്റെ കരുതലും സഹനവും പ്രാർഥനയും എന്നും ഉമ്മൻ ചാണ്ടിയുടെ വലിയ ഊർജസ്രോതസായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന നേതാവ്, ഭർത്താവ്, സ്നേഹമയനായ അപ്പ എന്നിവയെക്കുറിച്ച് മറിയാമ്മ ഉമ്മൻ പല സന്ദർഭ ങ്ങളിലായി പറഞ്ഞിട്ടുള്ളത് ഇങ്ങനെ-
തൊഴിൽ മന്ത്രിയുടെ കരം പിടിച്ച്
1977 മേയ് ഒന്നിനായിരുന്നു വളരെ ലളിതമായ രീതിയിലെ വിവാഹം. അന്ന് തൊഴിൽ മന്ത്രിയാണ് ഉമ്മൻ ചാണ്ടി. പാന്പാടി മാർ കുറിയാക്കോസ് ദയറായിൽ ആയിരുന്നു വിവാഹം. വിവാഹത്തിന്റെ അന്നുതന്നെ തിരുവനന്തപുരത്തെ "പ്രശാന്തി'ൽ എത്തി.
വിവാഹം കഴിഞ്ഞ് സാധാരണ ഉണ്ടാകാറുള്ള യാത്രകളോ വിരുന്ന് സൽകാരങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. രാവിലെ തന്നെ കുഞ്ഞ് സെക്രട്ടേറിയറ്റിലേക്കു പോകും. വിവാഹം കഴിഞ്ഞ് എട്ടു മാസങ്ങൾക്കു ശേഷമാണ് ഒന്നിച്ച് ഒരു സിനിമ കാണാൻ പോകുന്നത്.
മധ്യതിരുവിതാംകൂറിൽ മുൻകാലത്തൊക്കെ ഭർത്താവിനെ അച്ചായാ എന്നാണ് വിളിക്കുക. ഭർത്താവിനെ പേരു വിളിക്കുന്ന പതിവില്ല. ഭർത്താവിനെ അച്ചായാ എന്ന് സംബോധന ചെയ്യുന്നതിനോട് എനിക്കെന്തോ താൽപര്യം തോന്നിയില്ല.
വരനോടുതന്നെ ഞാൻ ചോദിച്ചു. "ഞാൻ അച്ചായാ' എന്നാണോ വിളിക്കേണ്ടത്. പേരു വിളിച്ചോളൂ എന്നായിരുന്നു മറുപടി. കുഞ്ഞൂഞ്ഞ് എന്ന് നീട്ടി വിളിക്കുന്നതിനു പകരം ചുരുക്കി ‘കുഞ്ഞ്’ ആക്കി.
ദിനചര്യകൾ
ഭക്ഷണകാര്യത്തിലോ വസ്ത്രധാരണത്തിലോ ഒന്നും ശ്രദ്ധയില്ല, നിർബന്ധങ്ങളുമില്ല. പുലർച്ചെ ഒരു ബക്കറ്റ് വെള്ളത്തിൽ കുളി. രാവിലെ ഭക്ഷണം കഴിക്കാൻ പറയാതെയിരുന്നാൽ അതും സൗകര്യമായെടുത്ത് ഓഫീസിലേക്ക് പോകും എന്ന് ഞാൻ തമാശയായി പറയാറുണ്ട്.
കണ്ണാടിക്കു മുന്നിൽ നിൽക്കുന്നതോ നല്ല ഷർട്ട് ധരിക്കുന്നതോ ഒന്നും കണ്ടിട്ടില്ല. അത്താഴത്തിനു കഞ്ഞിയും പയറുമാണ് ഇഷ്ടം.
സ്നേഹസന്പന്നനായ അപ്പ
സ്നേഹം മാത്രമാണ് കുഞ്ഞ് കുട്ടികൾക്ക് നൽകിയിരുന്നത്. കുട്ടികളായിരിക്കുന്പോൾ മക്കളെ ഒരു കാര്യത്തിനും നിർബന്ധിക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ല. കുട്ടികളുടെ പഠനം തുടങ്ങിയ എല്ലാ ചുമതലകളും എനിക്കായിരുന്നു.
ടിവി തുടർച്ചയായി കാണരുത്, പഠിക്കണം തുടങ്ങിയ കാര്യങ്ങളും ഞാനാണ് പറഞ്ഞ് കൊണ്ടിരുന്നത്. വീട്ടിലെ എല്ലാ ചുമതലയും സ്വാതന്ത്ര്യവും കുഞ്ഞ് എനിക്ക് വിട്ടു തന്നിരുന്നു.
കുഞ്ഞിന്റെ ദൈവവിശ്വാസം
ഉറച്ച ദൈവവിശ്വാസിതന്നെയാണ്. എന്നാൽ പ്രാർഥന കൂടാനും ആരാധനയ്ക്കും പലപ്പോഴും സമയം കിട്ടാറില്ല. പ്രാർഥനയെക്കുറിച്ച് ഞാൻ പറയുന്പോഴൊക്കെ കുഞ്ഞ് പറയും- "ദൈവം നൽകിയ ദൗത്യം ഞാൻ നിറവേറ്റുകയാണ്' എന്ന്.
സ്വന്തം ശരീരത്തേയും ജീവിതത്തേയും ആരോഗ്യത്തേയും എല്ലാം മറന്നുകൊണ്ടുള്ള സേവനമാണ് കുഞ്ഞിന്റേത്. കുഞ്ഞിന്റെ വ്യക്തിപരമായ കാര്യത്തിന് ഒരിക്കലും സമയമില്ല.
മറ്റുള്ളവർക്കു വേണ്ടി എത്ര സമയം വേണമെങ്കിലും ചെലവഴിക്കും. എല്ലാം വാരിക്കോരി കൊടുക്കുമെങ്കിലും സ്വന്തം കാര്യം വരുന്പോൾ വലിയ പിശുക്കാണ്.
ആരോപണങ്ങൾ വിവാദങ്ങൾ
കുഞ്ഞിനു നേരിടേണ്ടി വന്ന ഓരോ പ്രതിസന്ധികളും എന്നെയും ബാധിച്ചിട്ടുണ്ട്. പ്രാർഥനകൊണ്ടും വിശ്വാസംകൊണ്ടുമാണ് എല്ലാം അതിജീവിച്ചത്.
എനിക്കു തോന്നുന്നത് ഒരു നേതാവിനെതിരേ ആരോപണം വരുന്പോൾ അദ്ദേഹത്തിന്റെ പൂർവ രാഷ്ട്രീയ ജീവിതവും പ്രവർത്തനവും അടിസ്ഥാനമാക്കി വേണം വിധിയെഴുതാൻ. എല്ലാവരെയും ഒരേ തുലാസിൽ നിർത്തിക്കൊണ്ടുള്ള വിധിയെഴുത്ത് ന്യായമല്ല.
രണ്ടു ധ്രുവങ്ങളിൽനിന്ന് എത്തിയവർ
യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത കൂട്ടുകുടുംബത്തിലെ അംഗമാണ് ഞാൻ. കുഞ്ഞിന്റേതാകട്ടെ പത്തു വയസുമുതൽ രാഷ്ട്രീയ പ്രവർത്തനം ശീലിച്ച ജീവിതമാണ്.
അതുകൊണ്ടുതന്നെ ആദ്യകാലത്തൊക്കെ ഞാൻ വളരെയേറെ വിഷമിച്ചിട്ടുണ്ട്. വീട്ടുകാര്യങ്ങൾ നോക്കുന്നില്ല, നമ്മുടെ കാര്യത്തിൽ ശ്രദ്ധയോ കരുതലോ ഇല്ല തുടങ്ങിയ ചിന്തകൾ എന്നെ അലട്ടിയിരുന്നു.
സ്വകാര്യമായ ആഹ്ലാദങ്ങൾ, യാത്രകൾ, വിനോദങ്ങൾ അങ്ങനെ ഒന്നിനും കുഞ്ഞിന്റെ ജീവിതത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ഈ പ്രകൃതവും രീതിയും എനിക്ക് വളരെ വേദന ഉണ്ടാക്കിയിരുന്നു. സഹിച്ചും ക്ഷമിച്ചുമൊക്കെയാണ് ആദ്യമൊക്കെ മുന്നോട്ടു പോയത്.
തിരിച്ചറിവ്
കുഞ്ഞുമൊത്തുള്ള ജീവിതം വലിയ ജീവിതപാഠങ്ങളാണ് നൽകിയത്. ജനസേവനത്തിലൂടെ കുഞ്ഞ് നിർവഹിക്കുന്ന കർമത്തിന്റെ പുണ്യം ഞാൻ പിന്നീട് മനസിലാക്കി തുടങ്ങി.
വീട്ടുകാര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഭർത്താവിനേക്കാൾ വലുതാണ് കുഞ്ഞ് എന്ന സത്യവും ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ പ്രാർഥിച്ചതിലും എത്രയോ മടങ്ങ് സംശുദ്ധിയുള്ള, യഥാർഥ സ്നേഹമുള്ള ഭർത്താവിനെയാണ് ദൈവം എനിക്ക് നൽകിയതെന്നും ഞാൻ അറിഞ്ഞു.