പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
സീമ മോഹന്ലാല്
പുതിയ ചിത്രങ്ങള് തിയറ്ററുകളില് എത്തുമ്പോള് മിക്കപ്പോഴും അഭ്രപാളികളില് തെളിയുന്ന പേരാണ് പിആര്ഒ എ.എസ്. ദിനേശ്. സിനിമാ വാര്ത്തയെഴുത്തിന്റെ കാല് നൂറ്റാണ്ടു പിന്നിടുമ്പോള് ദിനേശ് ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ്.
ഒരു സിനിമ പ്രഖ്യാപിച്ചാല് അതിന്റെ ആദ്യാവസാനം വരെ കൂടെ നിന്ന് വാര്ത്തകള് മാധ്യമലോകത്തേക്ക് എത്തിക്കുന്ന രീതിയാണ് ദിനേശിന്റേത്.
പടം റിലീസ് ചെയ്തശേഷവും അതിന്റെ വിശേഷങ്ങളുമായി ദിനേശിന്റെ വാര്ത്തകളെത്തും. എഴുത്തുകാരനാകാന് മോഹിച്ച എ.എസ്. ദിനേശ് സിനിമാ എഴുത്തുകാരനായ കഥ വായിക്കാം...
കാസറ്റുകളുടെ പിആര് വര്ക്ക് ചെയ്ത് തുടക്കം
എറണാകുളം പള്ളുരുത്തി സ്വദേശിയായ ദിനേശിന് കുട്ടിക്കാലം മുതല് എഴുത്തുകാരനാകാനായിരുന്നു മോഹം. അതുകൊണ്ടുതന്നെ പുസ്തകങ്ങളെയും എഴുത്തിനെയും കൂടെകൂട്ടി.
കേരള മീഡിയ അക്കാദമിയില് ജേര്ണലിസം പഠനത്തിനു ചേരുമ്പോള് തന്നെ അദ്ദേഹം ഫ്രീലാന്സായി അഭിമുഖങ്ങള് എഴുതിയിരുന്നു.
ജോണി സാഗരിഗ, സര്ഗം കബീര്, ഈസ്റ്റ് കോസ്റ്റ് വിജയന് തുടങ്ങിയവരൊക്കെ ഓഡിയോ കാസറ്റു രംഗത്ത് നിറഞ്ഞുനില്ക്കുന്ന കാലമായിരുന്നു അത്.
ദിനേശിന്റെ സുഹൃത്തായ ശ്രീകുമാര് അരൂക്കുറ്റി അക്കാലത്ത് കാസറ്റുകളുടെ പിആര് വര്ക്കില് സജീവമായിരുന്നു. ആ വര്ക്കുകള് ചെയ്തായിരുന്നു ദിനേശിന്റെ ഈ രംഗത്തേക്കുള്ള തുടക്കം.
ശ്രീകുമാര് അരൂക്കുറ്റി ഒരിക്കല് സംവിധായകന് തമ്പി കണ്ണന്താനത്തെ ദിനേശിനു പരിചയപ്പെടുത്തിക്കൊടുത്തു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.
ക്ലിക്കായി തമ്പി കണ്ണന്താനത്തിന്റെ അഭിമുഖം
ആയിടയ്ക്കാണ് തമ്പി കണ്ണന്താനത്തിന്റെ അഭിമുഖം തയാറാക്കി ഒരു വാരികയില് പ്രസിദ്ധീകരിച്ചത്. വായനക്കാരുടെ പ്രശംസ നേടാന് ദിനേശിന്റെ ആ അഭിമുഖത്തിനു കഴിഞ്ഞു.
ദിനേശിന്റെ ഭാഷാശൈലിയും കാര്യങ്ങള് ഗ്രഹിച്ച് എഴുതാനുള്ള കഴിവും തമ്പി കണ്ണന്താനത്തിനും നന്നേ ബോധിച്ചു.
ഹരിദാസിന്റെ സംവിധാനത്തില് മനോജ് കെ. ജയനും വാണി വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച പഞ്ചലോഹം എന്ന സിനിമ തമ്പി കണ്ണന്താനം നിര്മിക്കാനൊരുങ്ങുന്ന സമയമായിരുന്നു അത്.
തന്റെ കൂടെ നില്ക്കാമോയെന്ന് ദിനേശിനോട് അദ്ദേഹം ചോദിച്ചു. ദിനേശ് മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി. അങ്ങനെ 1998ല് ആ ചിത്രത്തിലൂടെയാണ് പിആര്ഒ എന്ന ഔദ്യോഗിക സ്ഥാനത്തേക്ക് ദിനേശ് എത്തിയത്.
തുടര്ന്ന് സര്ഗം കബീറിന്റെ നിര്മാണത്തില് വിനയന് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദാദാസാഹിബ്, ജോണി സാഗരിഗ നിര്മിച്ച മോഹന്ലാല് സിനിമ ഹരിഹരന്പിള്ള ഹാപ്പിയാണ് എന്നിവയുടെ പിആര് വര്ക്കുകളും ചെയ്തു.
പിന്നീടങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സ്വന്തം പാത തെളിച്ച്...
ദിനേശ് സിനിമാ വാര്ത്ത എഴുത്ത് തുടങ്ങുന്ന കാലത്ത് നാലു പേരാണ് ഈ രംഗത്തുണ്ടായിരുന്നത്. സാമ്പത്തിക വരുമാനം വളരെ കുറവായിരുന്നതിനാല് പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ തന്റെ വഴി ഇതാണന്ന് അദ്ദേഹം നേരത്തെ ഉറപ്പിച്ചിരുന്നു.
പതിവ് പിആര് ശൈലിയില്നിന്ന് വ്യത്യസ്തമായൊരു രീതിയായിരുന്നു ദിനേശിന്റേത്. ഒരു സിനിമയുടെ ആദ്യാവസാനം വരെ അദ്ദേഹം കൂടെനിന്നു.
ലൊക്കേഷന് വാര്ത്തകള്ക്കൊപ്പം അണിയറ പ്രവര്ത്തകരുടെയും താരങ്ങളുടെയും അഭിമുഖം അക്ഷരങ്ങളിലൂടെ അദ്ദേഹം കോറിയിട്ടു.
സിനിമ ഇറങ്ങിയ ശേഷവും അതിനെക്കുറിച്ചുള്ള വാര്ത്തകള് വായനക്കാര്ക്കു മുന്നിലെത്തി. അതോടെ ദിനേശിന്റെ സിനിമാ വാര്ത്തയെഴുത്തിന് വായനക്കാരും ഏറി.